മണികണ്ഠന്റെ അപകട മരണം: നാടിനെ ഞെട്ടിച്ച ദുരന്തവാർത്ത; പോയത് വീടെന്ന സ്വപ്നം ബാക്കിയാക്കി

                                           സനോജ് മന്ത്ര പറളി

 ചിറ്റൂർ : അമ്പാട്ടുപാളയത്ത് കാറും മോപ്പഡും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച നല്ലേപ്പിള്ളി മരുതംപള്ളത്തെ മണികണ്ഠൻ യാത്രയായത് സ്വന്തമായി വീടെന്ന സ്വപ്നം ബാക്കിയാക്കി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന നാലംഗ കുടുംബം താമസിച്ചിരുന്നത് ചോർന്നൊലിക്കുന്ന ഓലപ്പുരയിലാണ്. മീൻവിറ്റും കൂലിപ്പണിക്കും പോയി കിട്ടുന്ന ചെറിയ തുകയാണ് ഇവരുടെ വരുമാനമാർഗം.മിക്കവാറും സുഹൃത്തുക്കളായ കച്ചവടക്കാരിൽ നിന്നും മീൻ പങ്കിട്ടെടുത്ത് വിൽപന നടത്തുന്നയാളാണ് മണികണ്ഠൻ. എന്നാൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കൂടുതൽ മീൻ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണു പുതുനഗരം ചന്തയിൽ മീനെടുക്കാനായി പോയത്. അപകട മരണങ്ങൾ പതിവായി കേൾക്കാറുള്ളതാണെങ്കിലും മണികണ്ഠന്റെ മരണവാർത്ത ജനങ്ങൾ അറിഞ്ഞത് വലിയ ഞെട്ടലോടെയാണ്. വാഹനങ്ങൾ കൂട്ടിയിടിച്ചു മരിച്ചയാളുടെ ശിരസ് കാണാനില്ലെന്നത് നാട്ടുകാരെ ആകെ ആശങ്കയിലാക്കി.അപകടം കേട്ടറിഞ്ഞവർ സ്ഥലത്തെത്തി ശിരസ് കണ്ടെത്താനായി പൊലീസിനൊപ്പം തിരച്ചിലിൽ പങ്കാളികളായി. ഇന്നലെ അപകടമുണ്ടായ സ്ഥലത്ത് അപകടം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഗവ.ബോയ്സ് സ്കൂളിന്റെയും വിജയമാത കോൺവന്റ് സ്കൂളിന്റെയും ഇടയിലാണ് ഈ സ്ഥലം. രണ്ട് കയറ്റങ്ങൾക്കിടിലുള്ള ഇവിടെ മുന്നറിയിപ്പ് സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ അധികൃതർ നൽകിയ പരാതിക്കും നാളിതുവരെ പരിഹാരമായിട്ടില്ല.

Post a Comment

Previous Post Next Post