✍️സമദ് കല്ലടിക്കോട്
മണ്ണാർക്കാട്: കേരള സർക്കാർ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2023ലെ ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മലയാള ബാലസാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്കാരങ്ങൾ നൽകി വരുന്നത്.എഴുത്തുകാരനും പ്രഭാഷകനുമായ മണ്ണാർക്കാട് സ്വദേശി
എം.ജെ.ശ്രീചിത്രനാണ്
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ
2023 ലെ മികച്ച വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള
ബാലസാഹിത്യ പുരസ്കാരം.
'ഇതിഹാസങ്ങളെത്തേടി 'എന്ന പുസ്തകത്തിനാണ് ഈ അവാർഡ്. വൈജ്ഞാനിക വിഭാഗത്തിന് പുറമേ നാടകം,പ്രൊഡക്ഷൻ, ചിത്രീകരണം,വിവർത്തനം,ജീവചരിത്രം,ശാസ്ത്രം,കവിത,കഥ തുടങ്ങിയ വിഭാഗത്തിലും പുരസ്കാരത്തിന് അർഹരായവരെ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാഭാരതത്തിന്റെയും രാമായണത്തിന്റെയും രൂപപ്പെടലിനെയും വളർച്ചയെയും വ്യാപനത്തെയും കുറിച്ച് ലോകത്തിന്റെ പല ഭാഗത്തുമുള്ള പണ്ഡിതന്മാർ അതി സൂക്ഷ്മമായി പഠിച്ച് ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. അതിലെ കണ്ടെത്തലുകൾ സരളമായും രസകരമായും കുട്ടികൾക്ക് വായിച്ചാൽ മനസ്സിലാകും വിധം ആകർഷകമായി എഴുതിയതാണ് ശ്രീചിത്രന്റെ 'ഇതിഹാസങ്ങളെത്തേടി'എന്ന പുസ്തകം.
കവിപ്രഭാവർമ്മ,കെ.ജയകുമാർ ഐഎഎസ്,വി.പി.ജോയ് എന്നിവർ അടങ്ങിയ ജൂറിയാണ് സമഗ്ര സംഭാവന പുരസ്കാരങ്ങൾ നിർണയിച്ചതെന്ന് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അറിയിച്ചു
Post a Comment