മണ്ണാർക്കാട്: കോങ്ങാട് ടിപ്പു സുൽത്താൻ റോഡ് നവീകരണം. റിവൈസ് എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കാത്തതാണു കാരണം. പ്രവൃത്തി നിർത്തിയിട്ടു മൂന്നു മാസം. കോങ്ങാട് മുതൽ മണ്ണാർക്കാട് വരെയുള്ള 18 കിലോമീറ്റർ റോഡ് വീതി കൂട്ടി ബിഎംബിസി ചെയ്യുന്ന പ്രവൃത്തിയാണു നടക്കുന്നത്. 53.6 കോടി രൂപയാണ് ഇതിനായി കിഫ്ബിയിൽ നിന്ന് അനുവദിച്ചത്. പള്ളിക്കുറുപ്പ് മുതൽ കോങ്ങാട് വരെ 13 കിലോമീറ്റർ റോഡ് ബിറ്റുമിൻ മെക്കാഡം (ബിഎം) ചെയ്തു. പള്ളിക്കുറുപ്പ് മുതൽ മണ്ണാർക്കാട് വരെയുള്ള പ്രവൃത്തികളാണു ഇനിയും തീരാനുള്ളത്. ഈ ഭാഗത്തെ കലുങ്കുകളുടെ പണി പൂർത്തിയായി. 800 മീറ്റർ അഴുക്കുചാൽ നിർമാണം കൂടി ഇതിനോടകം പൂർത്തിയാകാനുണ്ട്. അവസാനഘട്ട പ്രവൃത്തികൾക്കായി റിവൈസ് എസ്റ്റിമേറ്റ് (ആർഇ) കിഫ്ബിയിലേക്കു നൽകിയിട്ടു മാസങ്ങളായെന്നാണു വിവരം. ഇതിനു കിഫ്ബിയും കെആർഎഫ്ബിയും അംഗീകാരം നൽകണം. നവകേരള സദസ്സ് നടക്കുന്നതിനാൽ ഉദ്യോഗസ്ഥർ അതിന്റെ തിരക്കിലായതിനാൽ അംഗീകാരം നൽകുന്നത് വൈകുകയാണെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരം. ആർഇക്ക് അംഗീകാരം ലഭിച്ചാലുടൻ നവീകരണം വീണ്ടും തുടങ്ങും . റോഡ് നവീകരണം വൈകുന്നതു കാരണം ഇതുവഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിനു പേരാണു ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പള്ളിക്കുറുപ്പ് മുതൽ മണ്ണാർക്കാട് വരെയുളള യാത്ര വളരെ ദുരിത പൂർണമാണ്. കെഎസ്ആർടിസി ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. നിർമാണോദ്ഘാടനം കഴിഞ്ഞ് മൂന്നു വർഷം പിന്നിട്ടിട്ടും 18 കിലോമീറ്റർ റോഡ് നവീകരണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നു യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് നാലകത്ത് പറഞ്ഞു. ഏറെക്കാലത്തെ സമരത്തിനും മുറവിളിക്കും ശേഷമാണ് റോഡ് നവീകരണത്തിനു ഫണ്ട് അനുവദിച്ചത്. നവീകരണ പ്രവൃത്തികൾ നീട്ടിക്കൊണ്ടുപോകാതെ അടിയന്തരമായി പൂർത്തിയാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. മാർച്ചിൽ നവീകരണം പൂർത്തിയാക്കുമെന്നു കരാറെടുത്ത മലബാർ ടെക് പ്രതിനിധി അറിയിച്ചു.
നവകേരള സദസ്സിൽ കുരുങ്ങി മണ്ണാർക്കാട്
The present
0
Post a Comment