പാലക്കാട്: വടക്കഞ്ചേരി ദേശീയ പാതയിലെ അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. മലപ്പുറം സ്വദേശി മുഹമ്മദ് സിനാനാണ് പിടിയിലായത്. പാണ്ടിക്കാട്ടു നിന്നാണ് പ്രതിയെ പിടികൂടിയത്.അണയ്‌ക്കപ്പാറ-ചുവട്ടുപാടം എന്നിവിടങ്ങളിലെ അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലാണ് നടപടി.
സംഭവത്തിൽ ഒരു കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അണയ്‌ക്കപ്പാറയിൽ നിന്നും വീട് കുത്തിത്തുറന്ന് 6,000 രൂപയും ഒന്നര പവനും സംഘം കവർന്നിരുന്നു. ചുവട്ടുപാടത്ത് നിന്നും 20,000 രൂപയും പത്ത് പവനുമാണ് കവർന്നത്. കൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളെ തിരിച്ചറിഞ്ഞുവെന്നും ഇവരെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
മോഷണസംഘത്തിന്റെ തലവൻ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി സൈനുദ്ദീനാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ 2004-മുതൽ 25 മോഷണക്കേസുകൾ നിലവിലുണ്ട്. പകൽ സമയങ്ങളിൽ കാറിൽ സഞ്ചരിച്ച് അടച്ചിട്ട വീടുകൾ കണ്ടെത്തി രാത്രി കാലങ്ങളിൽ മോഷണം നടത്തുന്നതാണ് സംഘത്തിന്റെ രീതി. അടച്ചിട്ട വീടുകൾ കണ്ടെത്തിയ ശേഷം പ്രദേശത്തെ ഏതെങ്കിലും ഹോട്ടലുകളിലോ വിശ്രമ കേന്ദ്രങ്ങളിലോ ചിലവഴിക്കും. സംഘത്തിലെ ഓരോരുത്തർക്കും ഓരോ ചുമതലയാണെന്ന് പോലീസ് പറയുന്നു.
Post a Comment