കരിമ്പ :പുനരൈക്യ സന്ദേശം നൽകി 1965ൽ സ്ഥാപിതമായ
കരിമ്പ-നിർമ്മലഗിരി സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയം,ദൈവജനത്തിന് സമർപ്പിക്കുന്നതിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി നടത്തിയ ദീപശിഖാ പ്രയാണവും മെഗാ മാർഗംകളിയും ശ്രദ്ധേയമായി. കാഞ്ഞിക്കുളം ഹോളി ഫാമിലി മലങ്കര കത്തോലിക്ക പള്ളിയിൽ നിന്നായിരുന്നു ആരംഭം. കാഞ്ഞിക്കുളം പള്ളി വികാരി പെരി. ജോവാക്കിം പണ്ടാരംകുടിയിൽ ദേവാലയത്തിന്റെ മദ്ബഹായിൽ നിന്നും കത്തിച്ച ദീപം എം സി വൈ എം മുവാറ്റുപുഴ രൂപത പ്രസിഡന്റ് അഡ്വ.അജിൻ കെ കുരിയാക്കോസ്, കരിമ്പ മേഖല പ്രസിഡന്റ് സീമോൻ സാമൂവൽ എന്നിവർ ചേർന്ന് ഏറ്റു വാങ്ങുകയും ശേഷം എം സി വൈ എം കരിമ്പ യൂണിറ്റ് അംഗങ്ങൾക്ക് കൈമാറുകയും ചെയ്തു.
എം സി വൈ എം കരിമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ദീപശിഖ പ്രയാണത്തിന് ശേഷം പള്ളിയങ്കണത്തിൽ നൂറോളം വനിതകൾ അണിനിരന്ന മെഗാ മാർഗംകളി മൂവാറ്റുപുഴ ബഥനി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ജ്യോത്സന ഉദ്ഘാടനം ചെയ്തു.എം സി എ സഭാതല പ്രസിഡന്റ്
അഡ്വ.എബ്രഹാം പട്ട്യാനി,
കത്തോലിക്ക പള്ളി വികാരി റവ.ഫാ.ഐസക് കോച്ചേരി,ഫാദർ ക്ലീറ്റസ് കിഴക്കുടൻ,തുടങ്ങിയവർ സംസാരിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് 2:30ന് മോറോണ്‍ മോര്‍ ബസേലിയോസ് കർദിനാൾ ക്ലിമ്മീസ് കാതോലിക്ക ബാവയ്ക്കും അഭിവന്ദ്യ പിതാക്കന്മാർക്കും സ്വീകരണം നൽകും.ശേഷം കാര്യപരിപാടികളിൽ പ്രധാനമായ
ദൈവാലയ മൂറാൻ കൂദാശ നടക്കും. കൃതജ്ഞത സംഗമം,ഡയറക്ടറി പ്രകാശനം,സ്നേഹവിരുന്ന് തുടങ്ങിയ പരിപാടികളും ഉണ്ടാവും.കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കും.
ദൈവാലയ മൂറോൻ കൂദാശയുടെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനും കൃതജ്ഞത അർപ്പിക്കുവാനും എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Post a Comment