ഇടുക്കി: കാറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 18 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. സംഭവത്തിൽ കുമളി ഒന്നാംമൈൽ സ്വദേശി മുഹമ്മദ് ബഷീർ, അമരാവതി സ്വദേശി നവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി ടികെ വിഷ്ണു പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.ഡാൻസാഫ് സംഘവും കുമളി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് വൻ കഞ്ചാവ് വേട്ട നടന്നത്. വിശാഖപട്ടണത്ത് നിന്നാണ് സംഘം കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. തുടർന്ന് കേരളത്തിൽ എത്തിക്കുന്ന കഞ്ചാവ് ഇവർ കാറിൽ സൂക്ഷിക്കുന്നതായിരുന്നു പതിവ്. കാറിൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കുമളി സ്‌കൂളിന് സമീപം നിർത്തിയിട്ടിരുന്ന വാഹനത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.വിവിധ പായ്‌ക്കറ്റുകളിലായാണ് കാറിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post a Comment