മണ്ണാർക്കാട്: ഗ്രീൻ ഹൈവേ കടന്നുപോകുന്ന തെങ്കര, തച്ചമ്പാറ വില്ലേജുകളിലെ സ്ഥല ഉടമകൾക്കുള്ള നഷ്ടപരിഹാരം വൈകുന്നതായി പരാതി ഉയരുന്നു.കഴിഞ്ഞ ഒരു വർഷത്തോളമായി ആധാരവും മറ്റു അനുബന്ധ രേഖകൾ നൽകിയിട്ടും തുക ലഭിക്കാത്തതിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഓഫീസുമായി ബന്ധപ്പെടുമ്പോൾ വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.വീടിനും സ്ഥലത്തിന് നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന് കരുതി സ്ഥലം വാങ്ങി അഡ്വാൻസ് കൊടുത്തെങ്കിലും ശേഷിക്കുന്ന തുക നൽകാൻ ഗുണഭോക്താക്കൾക്ക് കഴിഞ്ഞിട്ടില്ല. മണ്ണാർക്കാട് രണ്ട് വില്ലേജിൽപ്പെട്ട തെങ്കര പഞ്ചായത്തിൽ മാത്രം അറുപതോളം കുടുംബങ്ങളാണ് ഗ്രീൻ ഹൈവേയുമായി ബന്ധപ്പെട്ട് വീടും സ്ഥലവും നഷ്ടപ്പെടുന്നവർ.
തച്ചമ്പാറ വില്ലേജിലും സമാനമായ സ്ഥിതിയുണ്ടെന്നാണ് അറിയുന്നത്.നഷ്ടപരിഹാരം വൈകുന്നതിൽ പ്രതിഷേധിച്ച് ഭൂവുടമകൾ ശക്തമായ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി ഇന്നലെ രാവിലെ 10 മണിയോടെ തെങ്കരയിൽ ഗ്രീൻ ഹൈവേ ഇരകൾ സംഗമിച്ചു. നഷ്ടപരിഹാരത്തുക നൽകൽ ഇനിയും വൈകിയാൽ ശക്തമായ സമരമുറകൾ നടത്താനാണ് തീരുമാനം. ഇന്നലെ നൂറുകണക്കിനാളുകൾ തെങ്കരയിൽ സംഗമിച്ചിരുന്നു.ഹരിദാസ്, ടി. കെ ഹംസക്കുട്ടി, ഖാലിദ്, രാമകൃഷ്ണൻ, വി.കെ റഷീദ്, ശിവൻ, ശംസുദ്ദീൻ, ഷിജു, സുരേഷ്, ഗിരീഷ്, രാമൻകുട്ടി, ബിജു തച്ചമ്പാറ തുടങ്ങിയവർ സംസാരിച്ചു.
Post a Comment