കല്ലടിക്കോട്: മലയോര കുടിയേറ്റ മേഖലയായ പാലക്കയം കുണ്ടംപെട്ടിയില്‍ പുലി വളർത്തുനായയെ പിടിച്ചു. പ്രദേശവാസികളാകെ ഭീതിയില്.ഇന്നലെ വൈകുന്നേരം നാലിനു നെടുമ്ബുറത്ത് സണ്ണിയുടെ കൃഷിഭൂമിയില്‍ മക്കള്‍ കൃഷി നനയ്ക്കുന്നതിനായി എത്തിയപ്പോള്‍ വളർത്തുമൃഗത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടു. കൃഷിയിടത്തിനു സമീപത്തെ പാറമടയില്‍ നിന്നും പുലിയുടേതുപോലുള്ള മുരള്‍ച്ച കേള്‍ക്കുകയും ചെയ്തതായി കുട്ടികള്‍ പറഞ്ഞു.വിവരം പ്രദേശവാസികളെ അറിയിച്ചു. തുടർന്ന് വാർഡ് മെംബർ തനൂജ രാധാകൃഷ്ണനും പി.വി. സോണി, കെ.സി. ഷിബു എന്നിവരും പാലക്കയം ഡെപ്യൂട്ടി ഫോറസ്റ്ററെ വിവരമറിയിച്ചു.ഉദ്യോഗസ്ഥരും സ്ഥലമുടമ സണ്ണിയും നാട്ടുകാരും ചേർന്ന് സ്ഥലം സന്ദർശിച്ചു തെളിവുകള്‍ ശേഖരിച്ചു.പാലക്കയം കുണ്ടംപൊട്ടി ഇഞ്ചിക്കുന്ന് ജനവാസമേഖലയില്‍ നിരന്തരമായി വന്യമൃഗശല്യം നേരിടുന്നതായി നാട്ടുകാർ പരാതിപ്പെട്ടു.പാലക്കയം, ചീനിക്കപ്പാറ, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളില്‍ വന്യമൃഗങ്ങള്‍ കൃഷിയിടത്തില്‍ ഇറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നതും പതിവാണ്
.നായയുടെ അവശിഷ്ടങ്ങള്‍ പകുതി ഭക്ഷിച്ച നിലയിലായിരുന്നു. അടുത്ത ദിവസം മാംസാവശിഷ്ടങ്ങള്‍ സമീപത്തെ പാറപ്പുറത്താണ് കണ്ടത്. ഇന്നലെയും ഈ പ്രദേശത്തു പുലി എത്തിയിരുന്നതായി പരിശോധനയില്‍ മനസിലായി. ഇന്നും പുലി എത്തുമെന്ന ഭീതിയിലാണ് പ്രദേശത്തുകാർ.പുലർച്ചെ റബർ ടാപ്പിംഗിന് എത്തുന്നവർ ഭയത്തോടെയാണു തോട്ടത്തില്‍ കയറുന്നത്. പലരും നേരംവെളുത്തതിനുശേഷമാണ് ടാപ്പിംഗിന് ഇപ്പോള്‍ ഇറങ്ങാറുള്ളത്. കാമറ സ്ഥാപിച്ച് പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കൂടു സ്ഥാപിച്ചു പിടികൂടണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
Post a Comment