പാലക്കാട് കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥരെ കയ്യോടെ പിടികൂടി

 

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോ​ഗസ്ഥർ വിജിലൻസിന്റെ പിടിയിൽ. പാലക്കാട്ടെ ഒല്ലവക്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ ഉദ്യോ​ഗസ്ഥരാണ് വിജിലൻസ് സംഘത്തിന്റെ പിടിയിലായത്. വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ഉദ്യോ​ഗസ്ഥർക്ക് ഒന്നടങ്കം പിടിവീണത്. ഹെഡ് ക്ലർക്ക് തൗഫീക്ക് റഹ്‌മാന്‍, ഓഫീസ് അറ്റന്‍ഡന്റ് സുബിത സെബാസ്റ്റിന്‍, സീനിയർ ക്ലർക്ക് മിനി എന്നിവരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ആധാര എഴുത്തുകാരെ ഇടനിലക്കാരായി നിർത്തിയാണ് ഇവർ കൈക്കൂലി വാങ്ങിയിരുന്നത്.രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാർ ഫീസിനേക്കാള്‍ കൂടുതൽ പണം വാങ്ങുന്നുവെന്ന പരാതിയിലാണ് വിജിലൻസ് പരിശോധന നടത്തിയത്. വ്യാപകമായ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളതെന്ന് വിജിലൻസ് അറിയിച്ചു. ഉദ്യോ​ഗസ്ഥരിൽ നിന്നും കൈക്കൂലി പണവും വിജിലൻസ് പിടികൂടിയിട്ടുണ്ട്. തൗഫീക്ക് റഹ്മാന്റെ പോക്കറ്റിൽ നിന്നും 9, 600 രൂപയും സുബിതയുടെ മേശയുടെ പുറകിൽ നിന്നും 1,400 രൂപയും പിടികൂടി.





 മിനിയുടെ മൊബൈൽ ഫോൺ പരിശോധനയിൽ ഗൂ​ഗിൾ പേ വഴി ആയിരങ്ങൾ കൈക്കൂലി വാങ്ങിയതായി വിജിലൻസ് കണ്ടെത്തി.മേലുദ്യോ​ഗസ്ഥരുടെ അറിവോ, സമ്മതമോയില്ലാതെ വീട്ടിൽ കൊണ്ടു പോയി പകർത്തി എഴുതാൻ ശ്രമിച്ച 37-ഓളം ആധാരങ്ങളും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ആധാരം എഴുത്തുകാരിൽ നിന്നും കൈക്കൂലി വാങ്ങിയ ഉദ്യോ​ഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് വിജിലൻസ് അറിയിച്ചു.


Post a Comment

Previous Post Next Post