കാഞ്ഞിരപ്പുഴ അണക്കെട്ട്: രണ്ടാംഘട്ട നവീകരണം നാളെ തുടങ്ങും

 

മണ്ണാർക്കാട് : കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ പുനരുദ്ധാരണപ്രവൃത്തികളുടെ ഭാഗമായുള്ള രണ്ടാംഘട്ട നവീകരണജോലികൾ ശനിയാഴ്ച തുടങ്ങും. ലോകബാങ്ക് സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന അണക്കെട്ട് പുനരുദ്ധാരണ പുരോഗമന പദ്ധതിയിൽ (ഡ്രിപ്-രണ്ട്) ഉൾപ്പെടുത്തിയാണ് ആറുകോടിരൂപയുടെ നവീകരണം നടക്കുന്നത്. ആകെ 15 കോടിയുടെ നവീകരണപ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ ആറുകോടിയുടെ കരാർനടപടികൾ പൂർത്തിയായതിനെതുടർന്നാണ് പണികൾ തുടങ്ങുന്നത്.കാഞ്ഞിരപ്പുഴ ബസ്‌സ്റ്റാൻഡിനായുള്ള അടിസ്ഥാനസൗകര്യമൊരുക്കൽ, വാഹനങ്ങൾ നിർത്തിയിടാനുള്ള ഭാഗം, ശൗചാലയങ്ങൾ നിർമിക്കൽ, ചെക്‌ഡാമിന് ഇരുവശവും നവീകരിക്കൽ, നടപ്പാതനിർമാണം, ഉദ്യാനത്തിനുസമീപമുള്ള അണക്കെട്ടിന്റെ താഴെഭാഗത്ത് കട്ടവിരിച്ചുള്ള റോഡ് നിർമാണം, കൺട്രോൾ റൂം, മറ്റ് അനുബന്ധ പ്രവൃത്തികളുമാണ് ഇപ്പോൾ നടത്തുന്നത്.രണ്ടാംഘട്ടത്തിൽ അണക്കെട്ടിനു താഴെയുള്ള കോസ് വേ മാറ്റി പുതിയപാലം, വാച്ച് ടവർ എന്നിവ പണിയും. ഉദ്യാനത്തിൽത്തന്നെ പുതിയ വിനോദസഞ്ചാരപദ്ധതികളും വികസനപ്രവൃത്തികളും നടത്തും. ഇതിനായി ആറുകോടിരൂപയാണ് ചെലവഴിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതേയുള്ളു.ആദ്യഘട്ടത്തിൽ 20 കോടിയുടെ നവീകരണപ്രവൃത്തികളാണ് പൂർത്തിയാക്കിയത്. ശനിയാഴ്ചരാവിലെ 10.30-ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈൻവഴി ഉദ്ഘാടനം നിർവഹിയ്ക്കും. ജലസേചനപദ്ധതി ഓഫീസ്‌പരിസരത്തുനടക്കുന്ന ചടങ്ങിൽ കെ.ശാന്തകുമാരി എം.എൽ.എ. അധ്യക്ഷയാകും. പഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ-പാർട്ടി പ്രതിനിധികൾ, ജലസേചനവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.


Post a Comment

Previous Post Next Post