തോട്ടം തൊഴിലാളികളും ആദിവാസികളും ഉൾപ്പടെയുള്ള ജനവിഭാഗങ്ങളുടെ ആരോഗ്യസുരക്ഷ പരിഗണിക്കണം. പ്രാഥമികാരോഗ്യകേന്ദ്രത്തിന് ചികിത്സവേണമെന്ന്-നെല്ലിയാമ്പതി വികസന സമിതി

 

നെല്ലിയാമ്പതി : വടക്കഞ്ചേരി ബ്ലോക്കിന് കീഴിൽ നെല്ലിയാമ്പതി കൈകാട്ടിയിൽ പ്രവർത്തിക്കുന്ന നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നിലനിൽപ്പിനായി അടിയന്തര ചികിത്സവേണമെന്ന് നെല്ലിയാമ്പതി വികസന സമിതി.കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിലെ അപാകതകളും പൊതുജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും ശ്രദ്ധയിൽപ്പെടുത്തി വികസന സമിതി ചെയർമാൻ റഷീദ് ആലത്തൂരിന്റെ നേതൃത്വത്തിൽ ഡി.എം.ഒയ്ക്ക് നിവേദനം നൽകി. നെല്ലിയാമ്പതി പഞ്ചായത്തിലെ പതിനായിരത്തോളം വരുന്ന ആദിവാസി വിഭാഗത്തിലുള്ളവർ ഉൾപ്പെടെയുള്ള പ്രദേശ വാസികൾക്കുള്ള ഏക ആശ്രയം കൈകാട്ടിയിൽ പ്രവർത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രമാണ്. കൈകാട്ടി പ്രദേശത്തിന്റെ 15 കിലമീറ്റർ ചുറ്റളവിൽ ജീവിക്കുന്നവരുടെ ഏക ആശ്രയമായ ആതുരാലയമാണ് പ്രാഥമികാരോഗ്യകേന്ദ്രം.കൂടാതെ ടൂറിസം മേഖല കൂടിയായ നെല്ലിയാമ്പതിയിൽ എത്തുന്ന വിനോദസഞ്ചാരികൾക്കും എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ പ്രാഥമിക പരിശോധനക്കായി ആദ്യം എത്തിക്കാറുള്ളതും മേൽപറഞ്ഞ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. 



പലപ്പോഴും ചികിത്സക്കായി രോഗികൾ ആശുപത്രിയിൽ എത്തുന്ന സമയത്ത് മെഡിക്കൽ ഓഫീസർ ലീവ് ആണെന്ന് പറഞ്ഞ് രോഗികളെ തിരിച്ചുവിടുന്നുവെന്നാണ് പരാതി.ഒ.പി ഒരുമണിവരെ മാത്രമാണ് പ്രവർത്തിക്കുന്നത്. അതിനുശേഷം വരുന്ന രോഗികൾക്ക് അടിയന്തരസഹായം ആവശ്യമായി വന്നാലും 20 കിലോമീറ്റർ അകലെയുള്ള സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണം. ആരോഗ്യകേന്ദ്രത്തിൽ അത്യാവശ്യ ജീവൻ രക്ഷാ മരുന്നുകൾ പേലും ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്. പ്രതിവാരം ഏകദേശം 4000 ത്തിൽ അധികം വിനോദ സഞ്ചാരികൾ സന്ദർശിക്കുന്നതും പതിനായിരത്തോളം ആളുകൾ സ്ഥിരതാമസക്കാരായിട്ടുള്ളതും ആയതിൽ ഭൂരിഭാഗവും ആദിവാസി വിഭാഗത്തിൽപ്പെട്ടവരും ചികിത്സ തേടേണ്ടി വന്നാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. നെല്ലിയാമ്പതിയിൽ നിന്നും നെന്മാറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേരണമെങ്കിൽ ഏകദേശം ആയിരം രൂപ വണ്ടിക്കൂലിയായി തന്നെ ചിലവ് വരും, ആയത് ആദിവാസി വിഭാഗത്തിൽപ്പെട്ടവരും, തോട്ടം തൊഴിലാളികളും ആയ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഭീമമായ സംഖ്യ ചിലവ് വരുമെന്ന് ഭയന്ന് ചികിത്സ തേടാൻ മടിച്ച് അസുഖങ്ങൾ കാരണം മരണപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നു. കഴിഞ്ഞയാഴ്ച്ച ഇതര സംസ്ഥാന തൊഴിലാളി ചികിത്സ കിട്ടാതെ പണിപിടിച്ച് മരണപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാർ ഉൾപ്പടെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ച് തൊഴിലാളികളും ആദിവാസികളും ഉൾപ്പടെയുള്ള ജനവിഭാഗങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.


Post a Comment

Previous Post Next Post