തിരുവിഴാംകുന്ന് ഫാമിൽ അനധികൃത മരംമുറി : മൂന്നുപേർക്കെതിരേ കേസ്

 

മണ്ണാർക്കാട് : തിരുവിഴാംകുന്ന് കന്നുകാലിഗവേഷണ കേന്ദ്രത്തിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കുന്നതിന് നൽകിയ അനുമതിയുടെ മറവിൽ മറ്റുമരങ്ങളും മുറിച്ചുനീക്കിയെന്ന് പരാതി. ഗവേഷണകേന്ദ്രം മേധാവി നൽകിയ പരാതിയിൽ മൂന്നുപേർക്കെതിരേ മണ്ണാർക്കാട് പോലീസ് കേസെടുത്തു.അലനല്ലൂർ സ്വദേശികളായ സജിമോൻ, ലുക്മാൻ, ഹുസൈൻ എന്നിവരെയാണ് പ്രതിചേർത്തിട്ടുള്ളത്. വെറ്ററിനറി സർവകലാശാലയ്ക്ക് കീഴിലുള്ള കന്നുകാലി ഗവേഷണകേന്ദ്രം വളപ്പിൽ അപകടാവസ്ഥയിലുള്ള 246 മരങ്ങൾ മുറിച്ച് നീക്കുന്നതിനായി ലേലംചെയ്തിരുന്നു. ഇതുപ്രകാരം 30 ലക്ഷം രൂപ അടച്ച് ലേലമെടുത്തവർ കഴിഞ്ഞമാസം മുതൽ മരംമുറിക്കൽ തുടങ്ങിയിരുന്നു. 50 ശതമാനം മരങ്ങളും ഇതിനകം മുറിച്ചു. മുറിക്കുന്ന മരങ്ങൾ കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എന്നാൽ, ഇതിനുസമീപം അടയാളപ്പെടുത്താത്ത മരങ്ങളും മുറിച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗവേഷണകേന്ദ്രം അധികൃതർ പോലീസിനെ സമീപിച്ചത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.താന്നി, മരുത് ഉൾപ്പെടെയുള്ള 11 മരങ്ങളാണ് ഇത്തരത്തിൽ മുറിച്ചുനീക്കിയതായി പരിശോധനയിൽ വ്യക്തമായത്.



ഇവയുടെ ചില്ലകളും കുറ്റികളുമാണ് അവശേഷിക്കുന്നത്. അടയാളപ്പെടുത്താത്ത മരങ്ങൾ മുറിച്ചതുസംബന്ധിച്ച് ചോദിച്ചപ്പോൾ അറിയാതെയാണെന്നാണ് ലേലമെടുത്തവർ പറഞ്ഞത്. സർവകലാശാല ഉന്നത അധികാരികളുടെ നിർദേശപ്രകാരം മരം മുറിക്കൽ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.


Post a Comment

Previous Post Next Post