ശ്രീകൃഷ്ണപുരം : മരം മുറിക്കുന്നതിനിടെ മരത്തടി കാലിൽവീണ് യുവാവ് മരത്തിൽ കുടുങ്ങി. മണിക്കൂറുകളോളം വേദനസഹിച്ച് മരത്തിന് മുകളിൽ കഴിച്ചുകൂട്ടിയ യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ അഗ്നിരക്ഷാസേന രക്ഷിച്ചു. കരിമ്പുഴ പൊമ്പ്രയിൽ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കടപ്പാടം സ്വദേശി നാവൂരാൻ വീട്ടിൽ അൻസാർ (25) ആണ് മരത്തടിവീണ് താഴെയിറങ്ങാനാകാതെ കുടുങ്ങിയത്. പൊമ്പ്ര ക്രിസ്ത്യൻ പള്ളിക്ക് മുൻവശത്തെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്നുള്ള മരുതുമരം മുറിച്ച് മാറ്റുമ്പോഴായിരുന്നു അപകടം. ഏകദേശം 30 അടിയോളം ഉയരവും 120 ഇഞ്ച് വണ്ണവുമുള്ള മരത്തിന്റെ മുകൾഭാഗം പകുതി വെട്ടിമാറ്റി. അൻസാർ താഴെയുള്ള മരത്തിന്റെ ശിഖിരത്തിൽ ഇരിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ വെട്ടിമാറ്റിയ മരത്തിന്റെ മുകൾഭാഗം മുറിച്ചുമാറ്റുന്നതിനിടെ സമീപത്തെ തെങ്ങിൽതട്ടി അൻസാറിന്റെ ഇടതുകാലിൽവന്ന് പതിച്ചു.
ഇതോടെ അനങ്ങാൻ വയ്യാത്തനിലയിൽ മരത്തിന് മുകളിൽ ഇയാൾ അകപ്പെട്ടു. മണ്ണുമാന്തി യന്ത്രത്തിന്റെയടക്കം സഹായത്തോടെ മരത്തടി അൻസാറിന്റെ കാലിന് മുകളിൽനിന്നും നീക്കാൻ ഒപ്പമുണ്ടായിരുന്നവർ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് നാട്ടുകാർ വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. സേനാംഗങ്ങൾ സ്ഥലത്തെത്തി ആദ്യം കോണി ഉപയോഗിച്ച് മരത്തിലേക്ക് കയറി യുവാവിനെ താങ്ങിനിർത്തി. അവശനായിരുന്ന യുവാവിന്റെ രക്തസമ്മർദ്ദവും ആരോഗ്യസ്ഥിതിയും പരിശോധിക്കാൻ ഡോക്ടറും ഒപ്പമുണ്ടായിരുന്നു. ദാഹംമാറ്റുന്നതിന് വെള്ളംനൽകി യുവാവിന് ആത്മ വിശ്വാസവും പകർന്നു. അഗ്നിരക്ഷാസേനയും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മരത്തടി നീക്കാൻ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ ക്രെയിനിന്റെ സഹായത്തോടെ മരത്തടിനീക്കി യുവാവിനെ സുരക്ഷിതമായി താഴെയിറക്കി. പരിക്കേറ്റ യുവാവിനെ ആംബുലൻസിൽ കയറ്റി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെനിന്നും വിദഗ്ധ ചിക്സൽക്കയി പെരിന്തൽമണ്ണ മലാപ്പറമ്പ് സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി ഫയർസ്റ്റേഷൻ ഓഫീസർ പി സുൽഫീസ് ഇബ്രാഹിം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഗ്രേഡ് മണികണ്‌ഠൻ, സീനിയർ ഫയർ & റെസ്ക്യൂ ഓഫിസർ എസ് അനി, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി സുരേഷ്‌കുമാർ, വി നിഷാദ്, വി സുജീഷ്, ടിജോ തോമസ്, ഷോബിൻദാസ്, എം ആർ രാഗിൽ എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Post a Comment