പാലക്കാട് :10 മിനിറ്റ് മാത്രം ദൈർഘ്യമുള്ള 15 നാടകങ്ങൾ,വീട്ടമ്മമാർ മുതൽ,ഉന്നത ഉദ്യോഗസ്ഥർ വരെയുള്ളവർ അഭിനേതാക്കൾ,ഓരോ വർഷവും കേരളത്തിന് പുതുമയായി മാറുന്ന ടാപ് നാടകവേദിയുടെ പതിനഞ്ചാമത് രംഗോത്സവം ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ പാലക്കാട് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 15 നാടകങ്ങളുടെയും റിഹേഴ്സൽ ആരംഭിച്ചു കഴിഞ്ഞു.ഇതിൽ ശ്രദ്ധേയമായ ഒന്നാണ് അജീഷ് മുണ്ടൂർ രചനയും സംവിധാനവും നിർവഹിക്കുന്ന മരുപ്പച്ച.സാധാരണക്കാരനായ ഒരു പ്രവാസിയുടെ പൊള്ളുന്ന ജീവിത ചിത്രമാണ് മരുപ്പച്ച.പ്രവാസത്തിന്റെ തീക്ഷ്ണ യാഥാര്‍ഥ്യങ്ങളെ സര്‍ഗാത്മകമായി അടയാളപ്പെടുത്തുന്ന ഈ നാടകം അജീഷ് മുണ്ടൂരിന്റെ ഒമ്പതാമത് രചനയാണ്.പ്രവാസികളുടെ സ്വപ്നവും കിനാവും, ത്യാഗവും വിരഹവും ഗൃഹാതുരത്വവും ധാരാളമായി ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും എല്ലാമെല്ലാമായ ഏക സന്തതിയുടെ അപ്രതീക്ഷിത വിയോഗമുണ്ടാക്കുന്ന
വിരഹ നൊമ്പരങ്ങള്‍ കോറിയിട്ടതാണ് മരുപ്പച്ചയിലെ ഡയലോഗുകൾ.
ലളിതമായ ആഖ്യാനശൈലിയും കഥാപാത്രങ്ങളുടേയും വിഷയങ്ങളുടേയും വൈവിധ്യവും മരുപ്പച്ച എന്ന പത്തുമിനിറ്റ് മാത്രം ദൈർഘ്യമുള്ള നാടകത്തിന്റെ സവിശേഷതയാണ്. പ്രവാസികളുടെ അനുഭവ പരിസരത്ത് നിന്നെടുത്ത ചുട്ടുപൊള്ളിക്കുന്ന കഥയോടൊപ്പം പ്രവാസിയുടെ ജീവിതാകുലതകളും നിസ്സഹായതയും ഇതില്‍ മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
സൈനുദ്ദീൻ മുണ്ടക്കയം, കെ.രാജീവൻ,
ഡോ.കെ.പി.വത്സകുമാർ,നജ്മസലീം,ജി.ഗോകുൽദാസ്,സുബൈർ പല്ലശ്ശന, സുനിൽ തിരുനെല്ലായ്, പ്രദീപ് എടത്തറ,സമദ് കല്ലടിക്കോട് തുടങ്ങിയവരാണ് നാടകത്തിലെ അഭിനേതാക്കൾ.
Post a Comment