നിപ: ജാഗ്രതാ നിർദ്ദേശവുമായി അലനല്ലൂർ ഗ്രാമപഞ്ചായത്ത്

 

അലനല്ലൂർ: നിപ രോഗം കണ്ടെത്തിയതിൻ്റെ സമീപ പ്രദേശമായ അലനല്ലൂരിൽ ജാഗ്രതാ നിർദേശങ്ങളുമായി ഗ്രാമപഞ്ചായത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി പി സജ്ന സത്താർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. ജിഷ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ: സജ്ന. കെ പി, ഹെൽത്ത് ഇൻസ്പെക്ടർ പി. യു. സുഹൈൽ എന്നിവർ ക്ലാസുകളെടുത്തു. പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രസിഡണ്ട് അറിയിച്ചു. വ്യക്തി ശുചിത്വം പാലിക്കുക, മറ്റുള്ളവരുമായി ഇടപഴകുമ്പോൾ മാസ്ക് ഉപയോഗിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക, ഭക്ഷണപദാർത്ഥങ്ങളും കുടിവെള്ളവും നന്നായി അടച്ചു സൂക്ഷിക്കുക. പക്ഷി മൃഗാദികളുടെ കടിയോ പോറലോ ഏറ്റ ഫലങ്ങൾ കഴിക്കാതിരിക്കുക, രോഗി സന്ദർശനങ്ങളും, അനാവശ്യമായ ആശുപത്രി സന്ദർശനങ്ങളും, യാത്രകളും ഒഴിവാക്കുക, പാണ്ടിക്കാട്, ആനക്കയം തുടങ്ങിയ നിയന്ത്രണങ്ങളേർപ്പെടുത്തിയ പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക, സമ്പർക്കപ്പട്ടികയിലുള്ളവർ പൂർണമായ ക്വാറൻ്റയ്ൻ പാലിക്കുക, കുട്ടികളെ കെട്ടി നിൽക്കുന്ന ജലാശയങ്ങളിലും കുളങ്ങളിലും കുളിക്കാനനുവദിക്കരുത്, പനി, ജലദോഷം തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളെ സ്കൂളിൽ അയക്കാതിരിക്കുക, കച്ചവടക്കാർ സ്ഥാപനങ്ങളിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുകയും, പഴങ്ങൾ, പച്ചക്കറികൾ അടച്ചു സൂക്ഷിക്കുകയും ചെയ്യുക, പനി അനുബന്ധ രോഗലക്ഷണങ്ങളുള്ളവർ ആശുപത്രികളിൽ ചികിത്സ തേടുകയും, ആരോഗ്യ പ്രവർത്തകരെ വിവരമറിയിക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നും, ഭീതിയുടെ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, അസി. സെക്രട്ടറി, ആരോഗ്യ പ്രവർത്തകർ ആശാ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post