കാട്ടാന ശല്യം; ജനകീയ പ്രതിരോധസമിതി രൂപീകരിച്ചു

 

കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കർ മരുതുംകാട്, പാങ്ങ് പ്രദേശങ്ങളിൽ കാട്ടാനശല്ല്യം രൂക്ഷമായ സാഹചര്യത്തിൽ മൂന്നേക്കറിൽ വിളിച്ചു ചേർന്ന പൊതു യോഗത്തിൽ ജനകീയ പ്രതിരോധ സമിതി രൂപീകരിച്ചു.മനുഷ്യ - വന്യജീവി സംഘർഷ ലഘൂകരണ സമിതി എന്ന പേരിൽ എച്ച്. ജാഫർ ചെയർമാനും വി.ജെ സോജൻ കൺവീനറുമായുള്ള 14 അംഗ ജനകീയ സമിതിയാണ് രൂപീകരിച്ചത്.അപകടകാരിയായ കാട്ടാനയെ പിടികൂടുന്നതിനും ദ്രുത കർമ്മ സേനയുടെ സേവനം മുഴുവൻ സമയവും പ്രദേശത്ത് ലഭ്യമാക്കുന്നതിനുമായി എം.എൽ.എ മുഖാന്തിരം വനം മന്ത്രി, ഡി.എഫ്.ഒ മുഖാന്തിരം ഫോറസ്റ്റ് കൺസർവേറ്റർ, ജില്ലാ കളക്‌ടർ എന്നിവർക്ക് നിവേദനം നൽകാൻ തീരുമാനിച്ചു.


കാട്ടാനകൾ കാരണം പ്രദേശത്ത് ജനജീവിതം ഭീതിയുടെ മുൾമുനയിലാണ്. ഇന്നലെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കാട്ടാന തകർത്തു. കരിമ്പ ചുള്ളിയാം കുള ത്തിന് സമീപം പാങ്ങ് ഇളങ്ങോട് പ്രദീപിന്റെ കാറാണ് ആന തകർത്തത്. പുലർച്ചെ 12.30ഓടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പ്രദീപ് പുറത്തിറങ്ങി നോക്കുമ്പോൾ കാട്ടാന കാർ തകർക്കുന്നതാണ് കണ്ടത്. ബഹളം വെച്ചതിനെ തുടർന്ന് ആന സ്ഥലത്ത് നിന്നും പോയി. കാറിന്റെ രണ്ട് ഡോറും പിറകുവശവും ആന തകർത്തു.


 കഴിഞ്ഞ ദിവസം രണ്ടാം വാർഡിൽ മേമന വീട്ടിൽ ടി.എം.ബാബുവിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാനകൾ ഒറ്റരാത്രികൊണ്ട് 15ലധികം തെങ്ങുകൾ നശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം ചേർന്നത്.കാട്ടാനയെ നിരന്തരം നിരീക്ഷിച്ച് നാശനഷ്ട ങ്ങൾ കുറയ്ക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ആനയെ ഉൾക്കാട്ടിലേക്ക്തുരത്താനും നീക്കമുണ്ട്.


യോഗത്തിൽ കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് രാമചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ എച്ച്, ജാഫർ, അനിത സന്തോഷ്, പാലക്കയം ഫോറസ്റ്റ് ‌സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ മനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാമൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post