വില്ലേജ് ഓഫിസുകളില്‍ ജീവനക്കാരുടെ കുറവ്; ഒഴിവുകള്‍ നികത്തുന്നത് പൂര്‍ണമായില്ല

 

മണ്ണാര്‍ക്കാട് : താലൂക്കിലെ വില്ലേജ് ഓഫിസുകളില്‍ ഒഴിഞ്ഞ് കിടക്കുന്ന തസ്തികള്‍ നികത്തുന്ന നടപടി പൂര്‍ണമായില്ല. ഇതിനാല്‍ നിലവില്‍ ജോലിനോക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടിജോലിഭാരം ഉണ്ടാക്കുന്ന സാഹചര്യമാണ്. മാത്രമല്ല സേവനം കൃത്യസമയം നല്‍കാന്‍ സാധിക്കാതെ വരുന്നത് ജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു. സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍, വില്ലേജ് അസിസ്റ്റന്റടക്കം ആറു പേരുടെയും, ഒമ്പത് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെയും ഒഴിവുകളാണ് നികത്താത്തത്. അലനല്ലൂര്‍ -ഒന്ന്, മൂന്ന്, കോട്ടോപ്പാടം -ഒന്ന്, മണ്ണാര്‍ക്കാട് -2, പാലക്കയം, പൊറ്റശ്ശേരി -ഒന്ന്, രണ്ട്, കരിമ്പ -രണ്ട് എന്നീ വില്ലേജ് ഓഫിസുകളിലാണ് ഒഴിവുകളുള്ളത്. എല്ലായിടത്തും വില്ലേജ് ഓഫിസര്‍മാരുണ്ട്. ആകെയുള്ള 19 വില്ലേജ് ഓഫിസുകളിലായി 38 വിഎഫ്എമാര്‍ വേണ്ടിടത്ത് കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ 17 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇക്കാലത്തിനിടെ കുറവുകള്‍ നികത്തപ്പെട്ടെങ്കിലും 9 പേരുടെ ഒഴിവ് ഇനിയും ശേഷിക്കുന്നു. മൂന്ന് കൊല്ലക്കാലത്തോളമായി ജീവനക്കാരുടെ ഒഴിവുകള്‍ വില്ലേജ് ഓഫിസുകളില്‍ തുടരുകയാണ്. ഇത് സംബന്ധിച്ച് തഹസില്‍ദാര്‍ മുഖേന ജില്ലാകലക്ടര്‍ക്ക് നേരത്തെ റിപ്പോര്‍ട്ടും നല്‍കിയിരുന്നതാണ്. താലൂക്ക് ഓഫിസില്‍ സര്‍വേയറുടെയും ഒഴിവുണ്ട്. വില്ലേജ് ഓഫിസുകളില്‍ സുപ്രധാന ചുമതലകളുള്ള മൂന്ന് വിഭാഗം ജീവനക്കാരുടേയും കുറവ് ഓഫിസ് പ്രവര്‍ത്തനങ്ങളെ തെല്ലൊന്നുമല്ല ബാധിക്കുന്നത്. നോട്ടീസ് നല്‍കല്‍, നികുതി സ്വീകരിക്കല്‍ തുടങ്ങി വില്ലേജ് ഓഫിസറുടെ പ്രധാന സഹായിയാണ് വി.എഫ്.എമാര്‍. ഓഫിസ് ജോലികള്‍, താലൂക്ക് ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കല്‍ തുടങ്ങിയ പ്രധാനജോലികള്‍ നിര്‍വഹിക്കേണ്ടത് വില്ലേജ് അസിസ്റ്റന്റുമാരാണ്. നാല് ജീവനക്കാര്‍ വേണ്ടിടത്ത് രണ്ട് പേര്‍ മാത്രമുള്ള ഓഫിസുകളില്‍ ജീവനക്കാര്‍ക്ക് ജോലി ഭാരമേറുന്നു. മാത്രവുമല്ല കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍ക്കാന്‍ സമയവും കാലവും നോക്കാതെ ജോലി ചെയ്യേണ്ടിയും വരുന്നു. വില്ലേജ് ഓഫിസുകളില്‍ തിരക്കേറിയ സമയവുമാണ്. ഓണ്‍ലൈന്‍ വഴി സേവനങ്ങളുണ്ടെങ്കിലും തണ്ടപ്പേര്, ലൊക്കേഷന്‍ സ്‌കെച്ച്, കൈവശ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് , നികുതി അടയ്ക്കല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ക്ക് വില്ലേജ് ഓഫിസില്‍ തന്നെ എത്തണം. വിദ്യാര്‍ഥികളുടെ പഠനസംബന്ധമായി വേണ്ടിവരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കും ബാങ്ക് ലോണുകള്‍ക്ക് ആവശ്യമായ രേഖകള്‍ക്കുമായി വില്ലേജ് ഓഫിസുകളില്‍ നിരവധി പേരാണ് ദിവസവും എത്തുന്നത്. മലയോര മേഖലയായതിനാല്‍ മഴക്കാലത്ത് പ്രകൃതിദുരന്തങ്ങള്‍ക്കും സാധ്യതയേറെയാണ്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത് റവന്യു വകുപ്പാണെന്നിരിക്കെ ജീവനക്കാരുടെ കുറവ് ആശങ്കയുമുയര്‍ത്തുന്നു. സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലംമാറ്റ പട്ടികയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ താലൂക്കിലേക്ക് എത്തുന്നതോടെ നിലവിലെ ഒഴിവുകള്‍ നികത്തപ്പെടുമെന്നാണ് പ്രതീക്ഷ.

Post a Comment

Previous Post Next Post