തെങ്ങിൻതൈകൾ നശിപ്പിച്ച് തൈക്കൊമ്പൻ! കല്ലടിക്കോട് മേഖലയിൽ കാട്ടാന ശല്യം കൂടുന്നു


 കല്ലടിക്കോട്: മരുതുംകാട് മൂന്നേക്കറിൽ തെങ്ങിൻതൈകൾ നശിപ്പിച്ച തൈക്കൊമ്പൻ ഇന്നലെ കല്ലടിക്കോട് മേഖലയിൽ തെങ്ങിൻതൈകൾ നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു മരുതുംകാട് മൂന്നേക്കറിൽ തെങ്ങിൻതൈകൾ തൈക്കൊമ്പൻ നശിപ്പിച്ചത്. മേലേ പയ്യാനി പെരിയമ്പാടത്ത് മോഹൻദാസിന്റെ കൃഷിയിടത്തിലെ തെങ്ങിൻ തൈകളും മാവ്, മുളക്, കടപ്ലാവ് കൃഷികളുമാണ് നശിപ്പിച്ചത്. ഈ ഭാഗത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.തൈ തെങ്ങുകൾ കുത്തി മറിച്ച് അവയുടെ കൂമ്പ് പൊട്ടിച്ച് കഴിക്കുന്ന ഈ ആനയെ തൈ കൊമ്പൻ എന്നാണ് പ്രദേശവാസികൾ വിളിക്കുന്നത്. തൈ തെങ്ങുകളും കമുകുകളു മാണ് ആനയുടെ ഇഷ്ട ഭക്ഷണം. മരങ്ങൾ മറിച്ചിട്ടും വൈദ്യുതി വേലികൾ തകർത്തുമാണ് ആന കൃഷിയിടത്തിൽ എത്തി കൃഷി നശിപ്പിക്കുന്നത്. മോഹൻദാസിന്റെ 40 ഓളം തെങ്ങിൻ തൈകളും മറ്റ് പലവൃക്ഷങ്ങളുമാണ് തൈക്കൊമ്പൻ എന്ന് വിശേഷിപ്പിക്കുന്ന കാട്ടാന ആന നശിപ്പിച്ചത്.ജോലികഴിഞ്ഞ് വൈകീട്ട് വീട്ടിലെത്തുന്ന ആളുകൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ആന വളരെയധികം ഭീഷണിയാണ്. കാട്ടാനങ്ങൾ കൃഷി ഇടത്തിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നതിനും മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിൽ വേണ്ടപ്പെട്ട അധികാരികൾ എത്രയും പെട്ടെന്ന് നടപടി എടുക്കണമെന്ന് ആവശ്യം പ്രദേശത്ത് ശക്തമാവുന്നുണ്ട്.  

Post a Comment

Previous Post Next Post