കേരളാ ടൂറിസം വകുപ്പ്, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിമാർ അറിയുന്നതിലേക്ക്.

വിഷയം:ദുരനുഭവത്തിനുള്ള പരിഹാര പ്രതീക്ഷ.

-അൻവർ കണ്ണീരി അമ്മിനിക്കാട്.

ബഹുമാന്യ മന്ത്രി,
അവകാശത്തെ അലമുറയിട്ട് ചോദിച്ചിട്ടും സമരം ചെയ്ത് ചോദിച്ചിട്ടും നിവേദനം നൽകി അറിയിച്ചിട്ടും ഒരു പരിഷ്‌കൃത സമൂഹത്തിൽ യഥാവിധം ഉൾക്കൊള്ളാത്തതുക്കൊണ്ടും പുറമെയുള്ള കാട്ടികൂട്ടലുകൾക്കപ്പുറത്തേക്ക് ഉള്ളിൽ തട്ടിയ സമീപനം ഇല്ലാത്തതുക്കൊണ്ടുമെന്നുള്ള നെഗറ്റീവ് വിമർശനംക്കൊണ്ട് തന്നെ ആരംഭിക്കുന്നതിൽ സങ്കടമുണ്ട്.ഇവിടെ എന്റെ കുറിപ്പ് കൃത്യമായി പറയാൻ ആഗ്രഹിക്കുന്നത് എല്ലാവിധ സാംസ്‌കാരിക -പരിഷ്‌കൃത മുന്നേറ്റം അവകാശപ്പെടുന്ന ഈ കേരളത്തിലെ ഒരുതരം നിസ്സംഗതയെക്കുറിച്ചും ഇനിയും ദീർഘവീക്ഷണത്തോടെ സമീപിക്കാൻ കഴിയാത്ത നിഷ്‌ക്രിയത്വത്തെയുമാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഉമ്മയുടെയും ഉപ്പയുടേയും കൂടെ സംസാരിച്ചിരുന്നപ്പോൾ ഉച്ചക്ക് ഭക്ഷണം കഴിച്ചു എവിടേക്കെങ്കിലും നമുക്ക് വെറുതെ ഒരു യാത്ര പോയാലോ എന്ന തീരുമാനത്തിനാടിസ്ഥാനത്തിൽ അവസാനം കോഴിക്കോട് ബീച്ചിലേക്ക് യാത്ര തിരിച്ചു.ഏകദേശം ചില തിരക്കുകൾ കഴിഞ്ഞു രാത്രി 7:30 ഓടെയാണ് ബീച്ചിലെത്തിയത്.രണ്ട് പോലീസ് ബസിൽ പോലീസിനെ കൊണ്ടുവന്നു ബീച്ചിലാകെ വിന്യസിപ്പിച്ചു കൂടുതൽ സുരക്ഷ ആസ്വാദകർക്ക് ഒരുക്കിയിരിക്കുന്നു.
ഞാൻ എവിടെയെങ്കിലും കാറൊന്നു പാർക്ക് ചെയ്യാൻ ഒഴിവ് തിരഞ്ഞു പതുക്കെ ഇടതുവശം ചാരി ഡ്രൈവ് ചെയ്തുക്കൊണ്ടിരുന്നു. ബീച്ചിന്റെ ഒരു തല മുതൽ സ്‌റ്റേജ് നിൽക്കുന്ന ഭാഗം വരെ രണ്ട് പ്രാവശ്യം കറങ്ങി നോക്കിയിട്ടും ഫലം തഥൈവ. വീട്ടുകാരെ ബീച്ചിൽ ഇറക്കി ഞാൻ വീണ്ടും മൂന്ന് തവണ ഇതുപോലെ എവിടെയെങ്കിലും പാർക്കിങ് കിട്ടുമോ എന്ന് കറങ്ങിനോക്കി.ഏതെങ്കിലും ഒരു വശത്തു ഒഴിവ് കിട്ടുമോ എന്ന് നോക്കിക്കൊണ്ടിരിക്കെ വെറുതേ ഒരു ഭാഗത്ത്‌ നിറുത്തിയപ്പോൾ ഒരു പോലീസ് ഓടിയെത്തി പറഞ്ഞു,
"ഇവിടെ ഇങ്ങനെ വണ്ടി നിറുത്തരുത്. വേഗം പോവണം.മറ്റ് വാഹനങ്ങൾക്ക് തടസ്സമാവും".
ഇതുകൂടി കേട്ടപ്പോൾ ഞാൻ പോലീസുകാരനോട് ചോദിച്ചു,
"സാർ, ഇവിടെ എവിടെയെങ്കിലും Disable പാർക്കിംഗ് ഏരിയ ഉണ്ടോ?".
ചോദ്യം കേട്ടതിൽ തമാശ തോന്നിയിട്ടോ എന്തോ എന്നറിയില്ല,അദ്ദേഹം ചിരിച്ചിട്ട് പറഞ്ഞു,
"ഇവിടെ അങ്ങനെയൊന്നുമില്ല. നിങ്ങൾ കുറച്ചു അവിടെ എവിടെയെങ്കിലും പോയി നോക്കൂ ".
യഥാർത്ഥത്തിൽ ഇതുകൂടി കേട്ടപ്പോൾ എന്റെ മനസ്സിൽ ഓടിപ്പോയ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു.
ഒന്നാമത്തേത്, എന്റെ ചോദ്യം കേൾക്കുമ്പോൾ ആ സാഹചര്യത്തിൽ ഒരു ഭിന്നശേഷിക്കാരന്റെ പ്രയാസം മനസ്സിലാക്കി അടുത്ത് എവിടെയെങ്കിലും പാർക്കിങ് ഒരുക്കി തരാമായിരുന്നു.കാരണം, നമ്മുടെ ഉദ്യോഗസ്ഥ വൃന്ദം ഇനിയും ഇത്തരം കാര്യങ്ങൾ കണ്ടു മനസ്സിലാക്കി പോസിറ്റീവായി പ്രതികരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
രണ്ടാമത്തെ കാര്യം, കോഴിക്കോട് ബീച്ചു പോലുള്ള വലിയ തിരക്കുള്ള ബീച്ചുകളിലും മറ്റും എത്രയും വേഗം ആവശ്യമായ വിധം ഭിന്നശേഷി വാഹനങ്ങൾ നിറുത്താൻ സൗകര്യം ഒരുക്കന്നുതോടൊപ്പം അല്ലെങ്കിൽ ഭിന്നശേഷിക്കാരെ കൂട്ടി വരുന്ന കുടുംബങ്ങങ്ങളുടെ വാഹനങ്ങൾ നിറുത്താനും കേരളത്തിലെ ബീച്ചു ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിലും കൃത്യമായ ഒരിടം സർക്കാർ ഒരുക്കിയിടണമെന്ന് അഭ്യർത്ഥിക്കുന്നു. ദയവായി അവിടെ അവർ വാഹനം നിറുത്തിയില്ലെങ്കിൽ അവിടെ വേറെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുത് എന്നുകൂടി ചേർത്ത് വെക്കട്ടെ. നമ്മുടെ കേരളത്തിൽ കാണുന്ന ഒരുതരം പ്രവണതയാണ് നിറുത്തരുത് എന്ന് പറയുന്നിടത്തു നിറുത്തുന്നതും പോവരുതേ എന്ന് പറയുന്നിടത്തു പറഞ്ഞ വേഗതയേക്കാൾ പോവുന്നതും.വിദേശ രാജ്യങ്ങളിൽ ഭിന്നശേഷിക്കാർക്ക് നിർണ്ണയിക്കപ്പെട്ട ഭാഗങ്ങളിൽ വാഹനം പാർക്ക് ചെയ്‌താൽ വലിയ പിഴയും മറ്റ് ശിക്ഷകളൊക്കെ നടപ്പാക്കുമെന്ന് കേട്ടിട്ടുണ്ട്.കേരളമെന്ന വലിയ പരിഷകൃത, സാക്ഷരത കൈവരിച്ച നാട്ടിൽ ഇങ്ങനെ ഒരാവശ്യം പറയുന്നതിൽ ലജ്ജ തോന്നുന്നു. ഇതെല്ലാം കണ്ടറിയേണ്ട സംഭവങ്ങളാണ്.
ഇത് ഒരു പുതിയ തീരുമാനമായി നടപ്പിൽ വരുത്തി നൽകണമെന്ന് ടൂറിസം, സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിമാരോട് വിനീതമായി അപേക്ഷിക്കുന്നു.

Post a Comment

Previous Post Next Post