സഹൃദയരുടെ മനസ്സിലേക്ക് നോവായി ആബിദ. ഇതിഹാസം പിന്തുടരുന്നവർ

 

-പ്രവീൺ.വി.എസ്

മലയാള നോവൽ സാഹിത്യ ചരിത്രത്തിലെ നാഴികകല്ലായ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിലെ ആബിദ എന്ന കഥാപാത്രത്തെ ഒ വി വിജയൻ ഒരു തീരാനോവായാണ് ഇതിഹാസത്തിൽ എഴുതി ചേർത്തിരിക്കുന്നത്.ഇരുളിൽ അവൾ നടന്ന വഴികളിൽ വീണ ചോരപ്പാടുകൾക്ക് പുറകേ സഞ്ചരിച്ച അഞ്ച് എഴുത്തുകാർ,അവളുടെ ഇതിഹാസം അവരുടെ വീക്ഷണകോണിലൂടെ എഴുതിച്ചേർത്തു. ’ഖസാക്കിലെ തോരാമഴകൾ’ എന്ന ആബിദയുടെ അഞ്ച് ഇതിഹാസം. വില്ലീസ് പടുതകൾ (അക്ബർ മിയാമൽഹാർ ),തവിട്ട് നൂൽത്തുമ്പികൾ (സൗമ്യ പ്രവീൺ),പച്ചത്തുമ്പിയും പഞ്ചവർണ്ണവും (ഡോ.ഹന്ന മൊയ്‌ദീൻ), ഇതിഹാസം കേൾക്കുന്നവർ (മങ്ങാടൻ),ഉൾകിണറിലെ പരൽ (ജ്വാലാമുഖി) എന്നീ അഞ്ച് കഥകളുടെ സമാഹരമാണ് ഖസാക്കിലെ തോരാമഴകൾ എന്ന പുസ്തകം.അക്ബർ മിയാമൽഹാറിന്റെ വില്ലീസ് പടുതകൾ എന്ന കഥ സഹൃദയരുടെ മനസ്സിലേക്ക് തീരാനോവു പടർത്തുന്നു.ഒ വി വിജയൻ മലയാളത്തിന് സമ്മാനിച്ച ഭാഷാശൈലി അതിന്റെ മാറ്റൊരല്പം പോലും കുറയാതെ അടുക്കും,ചിട്ടയും കയ്യടക്കത്തോടും കൂടി അക്ബർ മിയ മൽഹാർ ഉപയോഗിച്ചിരിക്കുന്നു.വേദനയുടെ വില്ലീസ് പടുതകൾ താണ്ടി എത്തുമ്പോൾ ആബിദയെപ്പോലെ കണ്ണുനീർ ബാക്കിയില്ലാതെ നമ്മളും കരയാൻ മറന്നിട്ടുണ്ടാവും.തവിട്ട് നൂൽത്തുമ്പികളിൽ സൗമ്യ പ്രവീൺ എന്ന എഴുത്തുകാരി വായനക്കാരെ ഒരു നൂൽതുമ്പി കണക്കേ അവരുടെ വീക്ഷണകോണിൽ പറക്കാൻ വിടുന്നു.ആബിദയെ തേടി ആബിദയോടൊപ്പം ഉള്ള യാത്ര. ഷെയ്ക്കിന്റെ പാണ്ടൻ കുതിരമേലിരുന്ന് ഖസാക്കിന്റെ ഭൂപടം താണ്ടിയുള്ള സ്വപ്നയാത്ര.പച്ചത്തുമ്പിയും പഞ്ചവർണ്ണവും ഡോക്ടർ ഹന്നയുടെ കണ്ണിലും ആബിദ നൊന്ത് ചിരിക്കുന്നു.ആകാശങ്ങളുടെ പലതട്ടുകൾക്കും അപ്പുറം ഉണ്ടായ വില്ലീസ് പടുതകൾ താണ്ടി അവൾ ഒറ്റയ്ക്ക് യാത്രയാകുന്നു.അത്തയുടെ മുറിഞ്ഞ ശബ്ദത്തിലെ താരാട്ടിൽ അവൾ ആദ്യമായി ചിരിക്കുന്നു.ഒടുവിൽ ഒറ്റയ്ക്കായ അപ്പുക്കിളിക്ക് മാത്രമായി അവൾ തിരികെ വന്ന് സായാഹ്നങ്ങളിൽ നിന്നും സായാഹ്നങ്ങളിലേക്ക് ഒരുമിച്ച് യാത്ര പോകുന്നു.  ഇതിഹാസം കേൾക്കുന്നവർ(മങ്ങാടൻ)എഴുത്തുകാരൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞുപോയ കഥ, വളരെ വ്യത്യസ്തമായി തോന്നി.കഥയുടെ തുടക്കത്തിൽ വായനക്കാർ ഓരോരുത്തരും ഉണ്ട്.ചില വട്ടുകൾക്ക് പുറകെ പോകുന്നവർ ഓരോ ഭ്രാന്തുകൾക്കും ഓരോ കഥയുണ്ട് ഒരുവന്റെ കഥയും അവന്റെ ഭ്രാന്തും സംഗമിക്കുന്നിടം അവിടെയാണ് കഥയുടെ പൊരുൾ ആ തന്മയത്വമാണ് ഈ കഥയുടെ ആത്മാവ്. ഉൾക്കിണറിലെ പരല് (ജ്വാലാമുഖി)ആബിദ എന്ന കഥാപാത്രത്തെ അവളുടെ എല്ലാ നൊമ്പരങ്ങളിൽ നിന്നും വിമുക്തയാക്കി നാല് കഥകളിൽ നിന്നും വ്യത്യസ്തമാക്കിയാണ് ജ്വാലാമുഖിയുടെ കഥ പറച്ചിൽ.തന്റെ വീക്ഷണ കോണിലൂടെ എഴുത്തുകാരി ആബിദയുടെ കൈപിടിച്ച് നടത്തുമ്പോൾ എഴുത്തുകാരി ഒരു മന്ത്രവാദിനിയായി നമുക്ക് തോന്നും. കഥ ആബിദയ്ക്ക് പുതു ലോകം നൽകും.പുതുജീവൻ നൽകും. വായനക്കാർക്ക് ഏറെ ആശ്വാസം പകരുന്ന ഈ കഥയും നമ്മൾ വായിച്ചു തീർക്കുമ്പോൾ കാലങ്ങൾക്കു മുമ്പ് എവിടെയോ ജനിച്ച് എങ്ങോ കാണാതെ പോയ ആബിദയോർത്ത് നമ്മൾ ചിരിക്കും. കാരണം അറിയാത്ത ഒരു ഘനം തൊണ്ടയിൽ ബാക്കിയാകും.

  ഖസാക്കിലെ തോരാമഴകൾ എന്ന ഈ പുസ്തകം മലയാള സാഹിത്യത്തിന്റെ ഹൃദയത്തോട് ചേർത്തു വയ്ക്കുമ്പോൾ മലയാളികളായ നമുക്ക് ഓരോരുത്തർക്കും അതിന് കാരണമായ ഇതിഹാസത്തെ ഓർത്ത് അഭിമാനിക്കാം.ഒ.വി.വിജയൻ ഖസാക്കിന്റെ ഇതിഹാസത്തിൽ കരുതിവെച്ചിട്ടുള്ളത് പല പല അടരുകൾ ആണ്.ഓരോ തവണ അഴിച്ചെടുക്കുമ്പോഴും,വ്യത്യസ്തങ്ങളായ സ്ഥലരാശികളിലേക്ക് അടർന്നുമാറുന്നവ. പലതിലൂടെ ഖസാക്കിലേക്കെത്താനുള്ള നിയോഗമുണ്ടെന്നർത്ഥം.

Post a Comment

Previous Post Next Post