പാലക്കാട് : കേരളത്തിന് പുറത്ത് ചലച്ചിത്ര, ടെലിവിഷന്‍ മേഖലകളിലും മറ്റ് കലാ മേഖലകളിലും പ്രവർത്തിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ചലച്ചിത്ര കൂട്ടായ്മ അനിവാര്യമാണെന്ന് നടനും എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ മാത്യു അഭിപ്രായപ്പെട്ടു.കേരളത്തിലെ ചലച്ചിത്ര, ടെലിവിഷന്‍ മേഖലകളില്‍ അവസരങ്ങള്‍ ലഭിക്കാത്ത കലാ സാഹിത്യ രംഗത്ത് മികവിന്റെ പര്യായങ്ങളായ പതിനായിരങ്ങള്‍ പ്രവാസി മലയാളികള്‍ക്കിടയിലുണ്ട്.തങ്ങളുടെ അഭിരുചികള്‍ വികസിപ്പിക്കാനും കഴിവുകള്‍ പ്രകടമാക്കാനുമായി പ്രവാസ നാട്ടിലെ ഓണം, ക്രിസ്മസ്,പുതുവത്സരം തുടങ്ങിയ പരിമിതമായ ആഘോഷങ്ങള്‍ മാത്രമാണ് അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങള്‍. ഇത്തരം പരിമിതികള്‍ക്കുള്ളില്‍ നിന്ന് പലരും നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ പോലും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിക്കുന്നതിലും വലിയ വെല്ലുവിളികളാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ പ്രവാസി മലയാളി കലാകാരന്മാരെ ഉള്‍പ്പെടുത്തി ഒന്നോ അതിലധികമോ പ്രവാസി മലയാള ചലച്ചിത്ര കൂട്ടായ്മകള്‍ (ഗ്ലോബല്‍ മലയാളം സിനിമ) രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും ലോകത്തിലെ 75 രാജ്യങ്ങളിലെ പ്രമുഖരെയടക്കം ഉള്‍പ്പെടുത്തി ഡോക്യുമെന്ററി നിര്‍മ്മിച്ച് സംവിധാനം ചെയ്ത് ലോക റെക്കോര്‍ഡ് നേടിയ ജോയ് കെ മാത്യു ചൂണ്ടിക്കാട്ടി.
പരിമിതികള്‍ ഉല്ലംഘിച്ച് ലോകമെമ്പാടുമുള്ള പ്രവാസി മലയാളി കലാകാരന്മാരുടെ മികവുകള്‍ക്ക് പ്രകാശനം നല്‍കാനും വിവിധ രാജ്യങ്ങളില്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ അഭിനയം, കഥാരചന,ഗാനരചന,സംവിധാനം,ഛായാഗ്രഹണം,സംഗീതം,ആലാപനം,നൃത്തം തുടങ്ങി വൈവിധ്യ മേഖലകളില്‍ താല്‍പര്യമുള്ളവരെ പങ്കെടുപ്പിച്ച് ചലച്ചിത്ര, ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിക്കാനും ചലച്ചിത്ര കലാരംഗത്ത് നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതായിരിക്കണം പുതിയ കൂട്ടായ്മയെന്നും അദ്ദേഹം വിശദമാക്കി.
പ്രവാസി ചലച്ചിത്ര കൂട്ടായ്മയുടെ രൂപീകരണത്തോടെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനൊപ്പം പ്രവാസികള്‍ നിര്‍മ്മിക്കുന്ന എല്ലാ ചലച്ചിത്രങ്ങളും ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യാനും വിദേശ രാജ്യങ്ങളിലെ ചലച്ചിത്ര മേളകളിൽ പങ്കെടുക്കാനുമുള്ള സാഹചര്യവുമുണ്ടാകും. നിലവിൽ ഒരു വര്‍ഷം കേരളത്തില്‍ നിര്‍മ്മിക്കുന്ന100 ചിത്രങ്ങളില്‍ ഏതാനും ചിത്രങ്ങള്‍ മാത്രമേ (പ്രമുഖ താരനിരകളുള്ള ചിത്രങ്ങള്‍ മാത്രം) വിദേശ രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്നുള്ളുവെന്നും ജോയ്.കെ.മാത്യു ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ ചലച്ചിത്ര നിര്‍മ്മാണ - വിതരണ കമ്പനികള്‍ കൂടാതെ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളും സ്റ്റുഡിയോകളും ഉണ്ടാകും. വിവിധ തരം കാമറകൾ, ലൈറ്റ് യൂണിറ്റ് എന്ന് തുടങ്ങി സിനിമയ്ക്ക് ആവശ്യമായ ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ചിത്രീകരണ സൗകര്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ പ്രവാസി കലാകാരന്മാര്‍ക്ക് ലഭ്യമാക്കാനും കൂട്ടായ്മയിലൂടെ സാധ്യമാകും. പ്രവാസികള്‍ നിര്‍മ്മിക്കുന്ന കുടുംബ ചിത്രങ്ങളും സമൂഹ നന്മയ്ക്കുതകുന്ന സന്ദേശം നിറഞ്ഞതും കലാ മൂല്യമുള്ളതുമായ സിനിമകളും വെബ്‌സീരീസും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രവാസി കൂട്ടായ്മയുടെ ഒ.ടി.ടി.യില്‍ റീലീസ് ചെയ്യുകയും ന്യായമായ പ്രതിഫലം നൽകുകയും ചെയ്യും.
പ്രവാസികലാകാരന്മാര്‍ക്ക് വിവിധ മേഖലകളില്‍ മലയാള ചലച്ചിത്ര രംഗത്തെ വിദഗ്ദരുടെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിക്കുകയും ഇതിന്റെ ഭാഗമാകാന്‍ താല്പര്യം ഉള്ളവരുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയും ഓരോരുത്തരുടേയും താല്പര്യവും കഴിവുമനുസരിച്ച് അവസരം നല്‍കുകയും ചെയ്യുമെന്നും കേരളത്തില്‍ അവധിക്ക് വരുന്ന,ചലച്ചിത്ര കലാരംഗത്തോട് താല്പര്യമുള്ള ആര്‍ക്കും ഒരാഴ്ച ഇതിനായി മാറ്റിവച്ചാല്‍ ചലച്ചിത്ര രംഗത്ത് അവരുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരമുണ്ടാകുമെന്നും ജോയ് കെ.മാത്യു കൂട്ടിച്ചേര്‍ത്തു.
പുതിയ കൂട്ടായ്മയിലൂടെ മലയാള ഭാഷ ലോകമെങ്ങും വളര്‍ത്താനും പ്രോത്സാഹിപ്പിക്കാനും സിനിമ എന്ന മാധ്യമത്തിലൂടെ സാധ്യമാകുമെന്നും കേരളത്തിലെ സാധാരണക്കാരായ പ്രതിഭാധനരായ കലാകാരന്മാര്‍ക്കും പ്രവാസികളുടെ നാട്ടിലുള്ള ചലച്ചിത്ര രംഗത്തോട് താല്പര്യമുള്ള കുടുംബാംഗങ്ങള്‍ക്കും അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും അവസരം കുറഞ്ഞു പോയ മലയാളത്തിലെ നടീനടന്മാര്‍ക്കും ടെക്നീഷ്യന്മാര്‍ക്കും കൂടുതല്‍ അവസരം ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രവാസി കലാകാരന്മാരുടെ മുന്നേറ്റം വഴി പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവം സമ്മാനിക്കുമ്പോള്‍ സിനിമാ മേഖലയില്‍ വലിയൊരു ചലനം സൃഷ്ടിക്കാന്‍ കഴിയുകയും സംസ്ഥാനത്തിന് പുറത്തേക്ക് മലയാള സിനിമയുടെ വിപുലീകരണത്തിനും സാമ്പത്തിക ഭദ്രതയ്ക്കും വഴിയൊരുക്കുകയും ചെയ്യും. അടുത്ത വര്‍ഷം ആദ്യം ഓസ്ട്രേലിയ, അമേരിക്ക, കാനഡ, യുക്കെ,ഗള്‍ഫ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ചലച്ചിത്ര-കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഈ മേഖലയോട് താല്പര്യമുള്ളവർക്കുമായി 'ഗ്ലോബല്‍ മലയാളം സിനിമ കണ്‍വെന്‍ഷന്‍' കൊച്ചിയില്‍ സംഘടിപ്പിക്കുമെന്നും തുടര്‍ന്ന് മലയാള ചലച്ചിത്ര നടീനടന്മാരേയും ടെക്നീഷ്യന്മാരേയും പ്രവാസി കലാകാരന്മാരേയും ഉള്‍പ്പെടുത്തിയുള്ള ആദ്യ ചിത്രത്തിന്റെ ചിത്രീകരണം കേരളത്തില്‍ ആരംഭിക്കുമെന്നും ജോയ് കെ.മാത്യു പറഞ്ഞു.
പ്രവാസി മലയാളികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന ഭാരത സര്‍ക്കാരും നോര്‍ക്ക റൂട്ട്സും സംസ്ഥാന സര്‍ക്കാരും പ്രവാസി മലയാളി കലാകാരന്മാര്‍ക്ക് മതിയായ പിന്തുണ നല്‍കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടമാക്കി.
അന്താരാഷ്ട്ര തലത്തില്‍ പ്രവാസി ചലച്ചിത്ര-കലാ കൂട്ടായ്മയുടെ പ്രാധാന്യം മനസിലാക്കുന്നവരും മലയാളം എഴുതാനും വായിക്കാനും അറിയുന്നവരും, കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും കലയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂട്ടായ്മയില്‍ അംഗമാകാം. രാഷ്ട്രീയ-മത ഇടപെടലുകളില്ലാതെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവർ മാത്രം ബന്ധപ്പെടുക. globalmalayalamcinema@gmail.com
Post a Comment