ഏതു പാർട്ടിയിൽ പെട്ടവരായാലും അധികാരക്കൊതി തലയ്ക്കുപിടിച്ച് മാന്യത മറക്കരുത്

 


പ്രതികരണം-

-പി.ശ്രീധരൻ 

തെറ്റ് എവിടെ കണ്ടാലും തെറ്റെന്നും ശരി എവിടെ കണ്ടാലും ശെരിയെന്നും പറയാൻ നമ്മൾ ആരെയും ഭയക്കേണ്ടതില്ല.എന്താണ് കേരളത്തിൽ രാഷ്ട്രീയപാർട്ടികൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്? സീറ്റ് കിട്ടാത്തത് കൊണ്ടു മാത്രം,മുറവിളി കൂട്ടിയ ഒരാളെ മറ്റൊരു പാർട്ടിഉടൻ ചുമന്നു നടക്കാനുള്ള തീരുമാനം കേരളത്തിലെ പ്രബുദ്ധമായ ഒരു സമൂഹത്തിൽ നൽകുന്ന സന്ദേശം എന്താണ്?ഈ പാർട്ടിക്ക് വേണ്ടി വർഷങ്ങളോളം കഷ്ടപ്പെട്ട് പണിയെടുത്ത് അവരെല്ലാം മാറ്റി നിർത്തി യാണോ ഒരു രാഷ്ട്രീയ വഞ്ചകന് നാം സ്ഥാനം കൊടുക്കേണ്ടത്? പി.സരിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഎം നീക്കം ഏറ്റവും ജീര്‍ണ്ണമായ രാഷ്ട്രീയ സംസ്‌കാരമാണ്, ഇടതുപക്ഷം ഇപ്പോൾ അതാണ് കാണിച്ചിട്ടുള്ളത്. അതിനേക്കാളുപരി പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ എങ്ങനെയാണ് പാര്‍ട്ടി നോക്കികാണുന്നതെന്നതിന്റേയും കേരളരാഷ്ട്രീയത്തില്‍ വളര്‍ന്നു വന്നിട്ടുള്ള പുതിയ ധാരണകള്‍ കൂടുതല്‍ ശക്തമാകുന്നതിന്റേയും സൂചനയാണ്. ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലത്തില്‍ ഒരു പോരാട്ടത്തിന് പാര്‍ട്ടി തയ്യാറല്ല എന്നതാണ് വസ്തുത.കെ പി സി സി യുടെ സോഷ്യൽ മീഡിയ കൺവീനർ ആണ് സരിൻ.അതായത് കേരളത്തിൽ കോൺഗ്രസ്സ് പാർട്ടിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിന് പങ്കുണ്ട്. ഉന്നതമായ ഒരു സ്ഥാനത്തിരിക്കുന്ന ഒരാൾക്ക് എങ്ങനെ ഇത്രമാത്രം അധഃപതിക്കാൻ കഴിയും? രാഷ്ട്രീയം വല്ലാത്ത കപടമായ ഒരു മേഖലയായി മാറുന്നു.

 വളർന്നുവരുന്ന തലമുറ ഇതുപോലുള്ള കപടന്മാരെയും അധികാരഭ്രാന്തന്മാരെയും അല്ലേ കണ്ടുപിടിക്കുന്നത്? രാഷ്ട്രീയം അത് തെമ്മാടികളുടെയും താന്തോന്നികളുടെയും അവസാനത്തെ അഭയസ്ഥാനം ആണെന്ന് മഹാന്മാർ പറഞ്ഞത് എത്ര ശരിയാണ്? രാഷ്ട്രീയം എന്നാൽ രാഷ്ട്രസേവയും ജനസേവനവും ആണ്. അവിടെ അല്പം മാന്യതയും നിലപാടും വിശുദ്ധിയും വേണം. അതില്ലാത്തവരെ ആര് ചുമന്നാലും അവർ നാറേണ്ടി വരും.സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരു മലയാളിയെയും പോലെ നമ്മൾ കാണുകയും വായിക്കുകയും ചെയ്തതതാണ് സരിന്റെ ഗാന്ധി രാഷ്ട്രീയം. 

എത്ര പെട്ടെന്നാണ് അയാൾ പാർട്ടിയെയും നേതാക്കളെയും സഹപ്രവർത്തകരെയും ശത്രുവായി കണ്ടത്? ഒരു മനുഷ്യന് ഇതെങ്ങനെ കഴിയുന്നു? ഏതു രാഷ്ട്രീയ പാർട്ടിയായിരുന്നാലും ഇത്തരം കപടന്മാർക്ക് യാതൊരു സ്ഥാനവും നൽകരുത്. ഒരിടത്ത് കലാപം ഉണ്ടാക്കി വലിഞ്ഞുകയറുന്നവർക്ക് അല്ല നാം വലിയ വലിയ സ്ഥാനങ്ങൾ നൽകേണ്ടത്.

ഇത്തരം അവസരവാദികൾക്ക് ഇടം കൊടുക്കുന്നതല്ല രാഷ്ട്രീയ മാന്യത.അത് ഏത് പാർട്ടി ചെയ്താലും തെറ്റ് തന്നെയാണ്.നമ്മുടെ ആദര്‍ശ വിശുദ്ധി കേവലം പദവിയിൽ കണ്ണ് നട്ട് ഉരുകിപ്പോകരുത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ കോലാഹലത്തില്‍ പലപ്പോഴും ബലിയാടാക്കപ്പെടുന്നത് ധാര്‍മിക മൂല്യങ്ങളും സംസ്‌കാരവുമായിരിക്കും.രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ വിശിഷ്യാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ കുത്തൊഴുക്കില്‍ വരുന്ന തിന്മകളുടെയും അധാര്‍മികതകളുടെയും നേരെ കുറെയൊക്കെ ആരും കണ്ണടച്ചുപോകാറുണ്ട്.പക്ഷേ സരിൻമാരെ ഒരു പാർട്ടിയും പ്രോത്സാഹിപ്പിച്ചു കൂടാ.പ്രതിപക്ഷ ബഹുമാനവും മാന്യതയുമില്ലാത്ത പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളുമായി, വളരെ പെട്ടെന്ന് ഓന്തിനെ പോലെ നിറം മാറാൻ എങ്ങനെ കഴിയുന്നു.ശുദ്ധവും കളങ്കരഹിതവുമായ രാഷ്ട്രീയ പ്രവര്‍ത്തനവും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും നടത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കഴിയണം.അല്ലാതെ, രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലുമൊക്കെ എന്ത്

വേണ്ടാതീനങ്ങളും ആകാം എന്ന ലാഘവബുദ്ധിയാണ് പ്രകടിപ്പിക്കുന്നതെങ്കില്‍, നാളെ ജനത്തിന് മുമ്പില്‍ മറുപടി പറയേണ്ടിവരും എന്ന കാര്യത്തില്‍ സംശയമില്ല.

Post a Comment

Previous Post Next Post