പരിസരബന്ധിതമായ വിഷയങ്ങൾ. 'തിരയടികൾ' വായനക്കാരിലേക്ക്

 

-കെ.കെ.വിനോദ് കുമാര്‍


ചിത്രരശ്മി ബുക്സ് പ്രസിദ്ധീകരിച്ച,കെ.ഉമാഭായ് ടീച്ചർ എഴുതിയ  'തിരയടികൾ' എന്ന കവിതാ സമാഹാരം വായിക്കുകയായിരുന്നു.പല കവിതകളും വിഷയ സ്വീകരണത്തിലെ വൈവിധ്യം കൊണ്ട് നമ്മെ വിസ്മയിപ്പിക്കും.37 കവിതകളിലും നമ്മൾ വായിച്ചു പഴകാത്തത് തന്നെ അവർ ഒരുക്കി വച്ചിരിക്കുന്നു. മണ്ണാര്‍ക്കാട് അദ്ധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തില്‍ സഹൃദയ ലൈബ്രറിയിലെ സംസ്ക്കാരിക സായാഹ്നത്തിലായിരുന്നു കാവ്യപുസ്തകത്തിന്റെ പ്രകാശനം. ഇരുപത്തിയെട്ട് വര്‍ഷക്കാലം പൊതുവിദ്യാലയത്തിലെ പ്രധാനാധ്യാപികയായി സേവനം ചെയ്ത ശേഷം 2016 ല്‍ സര്‍വീസില്‍ നിന്ന വിരമിച്ച അധ്യാപികയാണ് ഉമാഭായ് കരിമ്പനക്കല്‍. 48 പേജുകളോടുകൂടിയ ഈ കൊച്ചുപുസ്തകത്തിന്‍റെ പ്രകാശനചടങ്ങില്‍ സഹൃദയകര്‍ക്കു മുന്നില്‍ പുസ്തകപരിചയം നടത്താന്‍ എനിക്ക് അവസരം ലഭിച്ചു. തിരയടികളുടെ ഉള്ളടക്കം പൂര്‍ണ്ണമായും സ്നേഹം, സാഹോദര്യം, സഹവർത്തിത്വം തുടങ്ങിയ ധാര്‍മ്മികമൂല്യങ്ങളുടെ ആഴവും പരപ്പും കൊണ്ടും മാതൃഭാവം കൊണ്ടും സമ്പന്നമാണ്.കവിയുടെ രചനാശൈലിയാകട്ടെ തീർത്തും വ്യതിരിക്തവുമാണ്.ദൈനംദിന ജീവിതത്തിൽ നമ്മെ ഭരിക്കുന്ന പരിസരബന്ധിതമായ വിഷയങ്ങളാണ് മിക്കകവിതകളുടേയും ഇതിവൃത്തമെന്നു പറയാം.ഇറക്കുമതിച്ചരക്കുകളുടെ ലാഞ്ചന തിരയടികളിലെവിടെയും തൊട്ടുതീണ്ടിയതായി കാണുന്നില്ല. ചക്കരമാവ് എന്ന കൊച്ചു കവിതയില്‍ അവിചാരിതമായി വീശിയടിച്ച കൊടുങ്കാറ്റില്‍ മുറ്റത്തുനിൽക്കുന്ന പഴക്കം ചെന്ന ഒരു മൂവാണ്ടൻമാവ് വേരറ്റു വീഴുന്നതാണ് പ്രമേയം. കൊടുങ്കാറ്റില്‍ നിലംപൊത്തിയ മാവ് കടുത്ത നൊമ്പരമാണ് കവിയുടെ ഹൃദയത്തിനേല്പിച്ചത്.ഈ നൊമ്പരം വായനക്കാരന്‍റെ അകതാരിലേക്കു കൂടി മന്ദമന്ദം പ്രവഹിപ്പിക്കുന്നുവെന്നതാണ് ഈ കാവ്യരചനയിലുടനീളം കവി സ്വീകരിച്ച രസതന്ത്രം.  'ഇന്നലെ ഉച്ചക്ക് വീശി വലംവെച്ച വൻകാറ്റടിച്ചെന്‍റെ ചക്കരമാവു നിലം പതിച്ചു ..'എന്ന് തുടങ്ങുന്ന ഈകൊച്ചു കവിത അവസാനിക്കുന്നത്  'ഒരുമരം പോവുമ്പൊഴിരുമരം വെക്കുന്ന 

യുക്തിയിൽ ഞാനൊന്നുണർന്നൂ ...'

എന്ന പരാമർശത്തോകൂടിയാണ് . 

ഈ ഒരൊറ്റ കവിത മതി ടീച്ചറുടെ ധാർമിക ബോധത്തിൻ്റെയും കവിത്വത്തിന്‍റെയും നെല്ലിപ്പടിവരെ കടന്നു ചെല്ലാന്‍. യുക്തിബോധമെന്നത് തീർച്ചയായും ശാസ്ത്രബോധത്തെയാണ് സൂചിപ്പിക്കുന്നത്. കാര്യകാരണബന്ധമാണ് ശാസ്ത്രപഠനത്തിന്‍റെ ചിന്താധാര.അധ്യാപകന്‍റെ കൈമുതൽ ഈ ശാസ്ത്രബോധമായിരിക്കണമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സത്യത്തില്‍ 'ശരിയില്‍ നിന്ന് കൂടുതൽ ശരിയിലേക്ക് 'എന്നതുകൂടിയാണ് യുക്ത്യാധിഷ്ഠിത വിലയിരുത്തലുകളുടെ കാതല്‍ എന്നു പറയാം. കവി ഇവിടെ ഉയര്‍ത്തിപ്പിടിക്കുന്ന തത്വശാസ്ത്രവും ഈ യുക്തിബോധമാണെന്ന കാര്യം നിസ്തര്‍ക്കമാണല്ലോ .

'തൂലിക' എന്ന കവിതയിൽ തൂലികേ,നീ എനിക്ക് വഴങ്ങാത്ത പക്ഷം കെട്ടറ്റ പട്ടമായ് ഞാൻ വെറും മണ്ണിൽ വീണടിയുമെന്ന് കവി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ജീവിതത്തില്‍ മനപരിവർത്തനം നടത്താനുള്ള കഴിവ് മനുഷ്യന് മാത്രമുളളതാണ്.മറ്റൊരു ജീവജാലങ്ങള്‍ക്കും ഇതു സാധ്യമല്ല. പരിവര്‍ത്തനത്തിനുള്ള ഏറ്റവും വലിയ ശക്തി ഈ കവിയെ സംബന്ധിച്ചിടത്തോളം 'തൂലിക' ആണെന്ന് അവര്‍ ഉറപ്പിച്ചു പറയുന്ന ഒരു കൊച്ചു കവിതയാണ് ഇത്.തന്‍റെ സൃഷ്ടികളെല്ലാം ഈ തൂലികയിലൂടെ മാത്രമാണെന്ന് കവി അര്‍ഥശങ്കക്കിടമില്ലാത്ത വിധം പറഞ്ഞുവെക്കുകയാണ് കവിതയില്‍.

കൺസ്ട്രക്ഷനും ഡിസ്ട്രക്ഷനും ഒരേ നാണയത്തിന്‍റെ ഇരുവശങ്ങള്‍ പോലയാണ്. വിവേകമുള്ള മനുഷ്യന്‍റേത് കണ്‍സ്ട്രക്ഷനും, മൃഗീയസംസ്കാരമുള്ളവന്‍റേത് ഡിസ്ട്രക്ഷനും എന്ന വസ്തുതയിലേക്ക് വെളിച്ചം വീശാന്‍ കവിയുടെ 'തൂലിക' എന്ന കുഞ്ഞുകവിതക്കാവുമെന്ന് ഞാന്‍ വിലയിരുത്തുന്നു. 

സംസാരസാഗരത്തിൽ പെട്ട് ഉഴലുന്നവന്‍റെ മുന്നിലേക്കെത്തുന്ന കച്ചിത്തുരുമ്പെന്നപോലെ കവിയുടെ 'തിരയടികള്‍' എന്ന പുസ്തകം വായനക്കാരിലേക്കെത്തുകയാണ്.സ്നേഹം, കാരുണ്യം,അനുകമ്പ, സഹാനുഭൂതി എന്നിങ്ങനെ വൈവിധ്യമാർന്ന നന്മകളാവോളം ഉൾക്കൊണ്ട് സർവ്വരും നാടിന്റെ സ്വത്തായി മാറാനുള്ള ചിന്താസരണി കൃതിയിലുടനീളം കവി വാരിവിതറിയിട്ടുണ്ട്. 

മാത്രമല്ല മത്സരാധിഷ്ഠിത ലോകം പ്രദാനം ചെയ്യുന്ന കിടമത്സരങ്ങളെ ഭയാശങ്കകളോടെ 

കവി വീക്ഷിക്കുന്നതും ഈ കൊച്ചുകൃതിയുടെ പ്രമേയം തന്നെ. മത്സരത്തിന് ബുദ്ധിയുണ്ടെങ്കിലും സ്നേഹമില്ല. ഹൃദയമുണ്ടങ്കിലും കാരുണ്യമില്ല. അതുകൊണ്ടു തന്നെ മത്സരത്തിലൂടെ സൃഷ്ടിച്ചെടുക്കുന്ന ലോകത്തിന്

ഒരിക്കലും ആര്‍ദ്രമായ സ്നേഹമോ, വാത്സല്യമോ കൊണ്ട് അപരനെ തഴുകാനോ തലോടാനോ കഴിയുകയില്ല.എല്ലാവരും ഒത്തുചേരുന്ന കൂട്ടായ്മയാണ് കവിയുടെ സ്വപ്നം എന്നത് ഇതിലൂടെ വ്യക്തമാണല്ലോ.

'ഇരുളാർന്ന ജീവിതപ്പാതയിൽ നിത്യവും 

ഒരു തിരിനാളമായ് മുന്നിൽ നയിച്ചവൻ..

ജീവിതാന്ത്യം വരെ പുണ്യ സുകൃതമായ് 

ദീപമായ് നീയെന്‍റെ മുന്നിൽ നടക്കേണമേ.'

എന്ന് പുസ്തകത്തിലെ 'സഹചാരി' എന്ന കവിതയിലൂടെ കവി വീണ്ടും ഒന്നുകുടി പറഞ്ഞുവെക്കുകയാണ്.

മൂല്യബോധത്തിന്റെ നാരായവേരുകൾ ചികഞ്ഞെടുത്ത് ജീവിതത്തിന്റെ അസ്ഥിവാരം ബലപ്പെടുത്തേണ്ടതിന്റെ ആവശ്യകത കവിയുടെ ആഹ്വാനം മാത്രമല്ല മറിച്ച് നവീന കാലഘട്ടത്തിന്‍റെ ആവശ്യം കൂടിയാണെന്ന് ഞാന്‍ വിലയിരുത്തുന്നു.  

ഉമാഭായ് കരിമ്പനക്കലിന്‍റെ 'തിരയടികൾ' വായിക്കണം എല്ലാവരും.സഹൃദയർക്കു മികച്ച വായനാനുഭവം നൽകുന്ന കൃതിയായിരിക്കും ഇതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.

Post a Comment

Previous Post Next Post