എടത്തനാട്ടുകര: പഠനത്തിനൊപ്പം പച്ചപ്പിന്റെ വഴികളിലും മികവു പുലർത്തി 2023-24 വർഷത്തെ മാതൃഭൂമി സീഡ് പുരസ്ക്കാരമായ ഹരിതമുകുളം അവാർഡ് വട്ടമണ്ണപ്പുറം എ.എം.എൽ.പി.സ്കൂൾ ഏറ്റുവാങ്ങി.സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്കൂളുകൾ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് മാതൃഭൂമി സീഡ് ഈ പുരസക്കാരങ്ങൾ ഏർപ്പെടുത്തുന്നത്. പാലക്കാട് ഭാരത് മാതാ CMI പബ്ലിക് സ്കൂളിൽ നടന്ന ചടങ്ങിൽ സിനി ആർട്ടിസ്റ്റ് ഷാജുശ്രീധറിൽ നിന്നും സീഡ് കോഡിനേറ്റർമാരായ പി.നബീൽഷാ ,എ.ദില്ലു ഹന്നാൻ,എസ് എം സി അംഗം റസാഖ് മംഗലത്ത് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡൻ്റ് രാമുയ.എസ്.നായർ അധ്യക്ഷത വഹിച്ചു.പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി. സുനിജ ,അസിസ്റ്റൻറ് കൺസർവേഷൻ ഓഫ് ഫോറസ്റ്റ് എൻ.ടി.സിബിൽ IFS, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ പി.സിന്ധു ദേവി,ഫാദർ ലിൻ്റെഷ് ആൻറണി CMI മാതൃഭൂമി യൂണിറ്റ് മാനേജർ ആർ.പി മോഹൻദാസ്,എൻ.സുസ്മിത എന്നിവർ സംബന്ധിച്ചു. സഹായം, പ്രകൃതി സംരക്ഷണം, സേവനം, ജൈവ പച്ചക്കറി കൃഷി, ബോധവൽക്കരണം തുടങ്ങി വിവിധ മേഖലകളിലായി നിരവധി പ്രവർത്തനങ്ങളാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വിദ്യാലയം നടപ്പിലാക്കിയത്. വിദ്യാലയത്തിലും വീട്ടിലും കല്പവൃക്ഷ തൈ നടൽ, ഔഷധഉദ്യാനം, പൈതൃകം സാംസ്കാരിക പ്രദർശനം, പാലിയേറ്റീവ് രോഗികൾക്കുള്ള ധനസഹായ വിതരണം, സുരക്ഷാ ബോധവൽക്കരണ പരിപാടികൾ, ലഹരിക്കെതിരെ കൈകോർക്കാം പദ്ധതി, മാലിന്യങ്ങൾ ക്ലീൻ കേരളക്ക് കൈമാറൽ, പരിസ്ഥിതി സൗഹൃദ പേന വിദ്യാലയത്തിൽ നടപ്പിലാക്കൽ, പറവകൾക്ക് ദാഹജലമൊരുക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങളും ദിനാചരണങ്ങളും നടപ്പിലാക്കിയാണ് ഈ വിദ്യാലയം മാതൃഭൂമി സീഡ് ഹരിതമുകുളം അവാർഡ് കരസ്ഥമാക്കിയത്.
Post a Comment