ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ച കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റിൽ

പാലക്കാട്: ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. പറമ്പിക്കുളം കടുവാസങ്കേതത്തിൽ സുങ്കം റെയിഞ്ചിൽ നിന്നാണ് ചന്ദന മരങ്ങൾ മുറിച്ച് കടത്താൻ ശ്രമിച്ചത്. തിരുവണ്ണാമലൈ സ്വദേശി കെ അണ്ണാമലൈ(56), അരുൾ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ നേരത്തെ ഒരാൾ അറസ്റ്റിലായിരുന്നു. ഇലത്തോട് സെക്ഷൻ പരിധിയിൽപ്പെട്ട കുച്ചിമുടി വനഭാഗത്തായി കഴിഞ്ഞ ജനുവരി ഏഴിന് സാധാരണ പരിശോധന നടത്തുന്നതിനിടെ ആയിരുന്നു നാല് ചന്ദനമരങ്ങൾ മുറിച്ചതായി കാണ്ടെത്തിയത്. അന്ന് തന്നെ സുങ്കം റെയിഞ്ചിൽ കേസും രജിസ്റ്റര്‍ ചെയ്തു.രാത്രി പരിശോധന നടത്തുന്നതിനിടെ കുറച്ച് പേർ ചന്ദനം കടത്തിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത് കണ്ടെത്തിയെങ്കിലും, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ തടികൾ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി കുമാര്‍ റിമാൻഡിൽ കഴിയുകയാണ്. കുമാറിന്റെ മൊഴി പ്രകാരമാണ് അണ്ണാമലൈയും അരുളും പിടിയിലായത്. ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ നാലാം പ്രതിയായ തിരിപ്പത്തൂര്‍ സ്വദേശി തിരുപ്പതിക്കായി അന്വേഷണം തുടരുകയാണ്.

Post a Comment

Previous Post Next Post