പണം നൽകിയിട്ടും സ്ഥലം രജിസ്റ്റർ ചെയ്തു തന്നില്ല എന്ന് പരാതി: ഇടക്കുറുശ്ശിയിലെ സ്ഥല ഉടമയുടെ വീടിനു മുന്നിൽ കുടുംബം പ്രതിഷേധിച്ചു.


കല്ലടിക്കോട് :പണം നൽകിയിട്ടും സ്ഥലം റജിസ്റ്റർ ചെയ്തു നൽകുന്നില്ലെന്ന് ആരോപിച്ചു ബന്ധുവീടിനു മുന്നിൽ കുടുംബത്തിന്റെ കുത്തിയിരിപ്പു പ്രതിഷേധം. കാഞ്ഞിരപ്പുഴ മുണ്ടകുന്ന് താഴത്തേതിൽ വീട്ടിൽ നൗഫൽ(32),ഭാര്യ,മൂന്നു കുട്ടികൾ എന്നി വരാണു സ്ഥലമുടമയായ ഇടക്കുറുശ്ശി താഴത്തേതിൽ വീട്ടിൽ-അബ്‌ദുവിന്റെ വീടിനു മുന്നിൽ പ്രതിഷേധിച്ചത്.അബ്ദുവിന്റെ -മകൻ റസീലിന്റെ നേതൃത്വത്തിൽ 21 സെന്റ് സ്ഥലത്തിനായി 4 വർഷം മുൻപുകരാർ തയാറാക്കി 13 ലക്ഷം രൂപ നൽകിയിരുന്നതായി കുടുംബം പറയുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും സ്‌ഥലം റജിസ്‌റ്റർ ചെയ്തു നൽകിയില്ലെന്നാണു പരാതി.കുട്ടികൾ അടങ്ങുന്ന കുടുംബം വീടില്ലാതെ കഷ്ടത്തിലായതോടെയാണു നൗഫൽ ഭാര്യയും കുട്ടികളുമായി ദേശീയപാതയോരത്ത് വീടിനു മുന്നിൽ ആത്മഹത്യാ മുന്നറിയിപ്പുമായി കുത്തിയിരുന്നത്.മുൻപു നാട്ടുകാരുടെ ഒത്തുതീർപ്പു ചർച്ചകളിൽ പണം നൽകാമെന്ന് ഏറ്റെങ്കിലും അതു പാലിക്കാതെ ഗൾഫിലേക്കു പോയെന്നു പറയുന്നു. നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു. കല്ലടിക്കോട് എസ്ഐ വി.എം. നൗഷാദിന്റെ നേതൃത്വത്തിൽ കല്ലടിക്കോട് പൊലീസ് നടത്തിയ ചർച്ചയിൽ വിദേശത്തുള്ള റസീൽ എത്തി ജനുവരി 30ന് മുൻപായി പരിഹാരം കാണാമെന്ന ഉറപ്പിൽ കുടുംബം സമരം അവസാനിപ്പിച്ചു.


Post a Comment

Previous Post Next Post