കരിമ്പ അപകടം:പ്രദേശവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി അടിയന്തരമായി നടപ്പാക്കുമെന്ന് കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തീരുമാനം

 

 പാലക്കാട് :പനയമ്പാടത്ത് നാല് വിദ്യാര്‍ഥികളുടെ മരണത്തിനിടയാക്കിയ അപകടസ്ഥലത്ത് ബന്ധപ്പെട്ട വകുപ്പ് തല ഉദ്യോഗസ്ഥര്‍ സ്ഥല പരിശോധന നടത്തി പ്രദേശവാസികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും സമയബന്ധിതമായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുമെന്നും മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു. വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അടിയന്തരയോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ജില്ലാ പോലീസ് മേധാവി, ആര്‍.ടി.ഒ, പൊതുമരാമത്ത് ദേശീയ പാതാവിഭാഗം ഉദ്യോഗസ്ഥരുടെ സംഘമാണ് സംയുക്ത സുരക്ഷാ പരിശോധന നടത്തി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുക.ആക്ഷന്‍ പ്ലാന്‍ പരിശോധിച്ച ശേഷം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം ചേര്‍ന്ന് സര്‍ക്കാര്‍ തലത്തിലുളള തീരുമാനങ്ങള്‍ കൂടി കൈകൊണ്ട് കൊണ്ട് നടപ്പാക്കും.അപകടസ്ഥലത്ത് വാഹന പരിശോധന ആരംഭിക്കുമെന്ന് ജില്ല പൊലീസ് മേധാവി പാലക്കാട് (ഇന്‍ചാര്‍ജ്ജ്) ആര്‍.വിശ്വനാഥ് അറിയിച്ചു. അധികൃതരുടെ പരിശോധനയ്ക്ക് ശേഷമുളള കണ്ടെത്തലുകള്‍ പരിഗണിച്ച് പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അപകടം സംബന്ധിച്ച് ഡിവൈ.എസ്.പി തലത്തില്‍ അന്വേഷണം നടന്നുവരികയാണ്. ഇത്തരം അപകടമേഖലകളില്‍ സ്പീഡ് ബ്രേക്കര്‍ സംവിധാനം നടപ്പാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കുമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.അപകട മേഖലകളില്‍ ശാശ്വത പരിഹാരമായുളള സംവിധാനം മേല്‍പറഞ്ഞ സംയുക്ത പരിശോധനയ്ക്കു ശേഷം നടപ്പാക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.സ്‌കൂള്‍ സമയങ്ങളില്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥിരം അപകടമേഖലയായ ഇവിടെ കയറ്റം ഒഴിവാക്കുകയും വളവ് നിവര്‍ത്തുകയും ചെയ്താലേ അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാനാവൂ എന്ന് പ്രദേശവാസികളും ജനപ്രതിനിധികളും യോഗത്തില്‍ പറഞ്ഞു. ദരിദ്ര കുടുംബത്തില്‍ പെട്ടവരാണ് അപകടത്തില്‍ മരണപ്പെട്ടതെന്നും ഇവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിരമായി സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കുന്ന് ഇടിച്ച് നിരപ്പാക്കിയാല്‍ മാത്രമേ കയറ്റം ഒഴിവാക്കാനാവൂ. അപകടങ്ങള്‍ ഒഴിവാക്കുന്നതിന് താത്കാലിക പരിഹാരമെന്ന നിലയില്‍ ദുബായ് കുന്ന് മുതല്‍ സോമില്‍ വരെ താത്കാലിക ഡിവൈഡര്‍ സ്ഥാപിച്ച് വണ്‍വേയാക്കണം. റോഡ് ഉപരിതലത്തിന്റെ മിനുസം കുറക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കണം.മഴ വെള്ളം റോഡില്‍ പരന്നൊഴുകി അപകടമുണ്ടാകുന്നത് ഒഴിവാക്കാന്‍ ഡ്രൈനേജ് സ്ഥാപിക്കണം.റോഡിന് പാര്‍ശ്വഭിത്തിയും റോഡരികില്‍ നടപ്പാതയും വേണം.കരിമ്പ ഹയര്‍സെക്കന്ററി സ്‌കൂള്‍ ബസ് സ്റ്റോപ്പിന് സമീപം രാവിലെ ഒമ്പതു മണി മുതല്‍ 10 മണി വരെയും വൈകീട്ട് നാലു മുതല്‍ അഞ്ചു വരെയും പൊലീസിനെ നിയോഗിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കെ.ശാന്തകുമാരി എം.എല്‍.എ,ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര,പാലക്കാട് ജില്ലാ പൊലീസ് മേധാവി (ഇന്‍ചാര്‍ജ്) ആര്‍. വിശ്വനാഥ്,അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി. സുരേഷ്,കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ പി.കെ അബ്ദുല്ലക്കുട്ടി, പ്രദേശവാസികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post