മണ്ണാർക്കാട് :കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വലിയ തട്ടിപ്പാണ് അരിയൂർ ബേങ്കിൽ നടന്നിട്ടുള്ളതെന്നും നിക്ഷേപകരെയും, ഓഹരി ഉടമകളെയും മറ്റു ഇടപാടുകാരെയും വഞ്ചിച്ചു കൊണ്ട് ബേങ്കിൽ നടന്നിട്ടുള്ള ഭീമമായ തട്ടിപ്പിന് നേതൃത്വം നൽകിയവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നും നേതാക്കൾ സിപിഎം ഓഫീസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.മുസ്ലീം ലീഗിൻ്റെ നിയന്ത്രണത്തിലുള്ള ഭരണ സമിതിയാണ് നാളിതുവരെയായും ബേങ്കിൽ ഭരണം നടത്തിവരുന്നത്.ദീർഘകാലം ലീഗിൻ്റെ ജില്ലാ സെക്രട്ടറി അഡ്വ. ടി.എ സിദ്ധീഖാണ് പ്രസിഡൻ്റായിരുന്നത്.ഈ കാലയളവിലാണ് ഏറ്റവും വലിയ പകൽ കൊള്ള നടത്തിയിട്ടുള്ളതെന്ന് സിപിഎം നേതാക്കൾ ആരോപിക്കുന്നു. നിലവിൽ മണ്ഡലം ഭാരവാഹിയായ പാറശ്ശേരി ഹസ്സനാണ് പ്രസിഡൻ്റ്.3 -10 മുതൽ 25 ലക്ഷം വരെ വായ്പയെടുത്ത വായ്പക്കാരുടെ ഭീമമായ കുടിശ്ശിക 71% നിലനിൽക്കുന്നു.നിക്ഷേപത്തിൻ്റെ സിഹഭാഗവും ബിനാമി വായ്പകളായി ലീഗ് നേതാക്കളുടെ പക്കലാണ് കിട്ടാക്കടമായി നിൽക്കുന്നതെന്നും പറഞ്ഞു.അന്വേഷണത്തിൻ്റെ ഭാഗമായി ഭരണസമിതി അംഗങ്ങളിൽ നിന്നും തിരിച്ചു പിടിക്കേണ്ട 1.60 കോടി രൂപയും ജീവനക്കാരിൽ നിന്നും തിരിച്ചു പിടിക്കേണ്ട 81 ലക്ഷം രൂപയും തിരിച്ചു പിടിച്ചിട്ടില്ല.വായ്പക്കാർക്ക് നിയമാനുസൃതം ലഭിക്കേണ്ട ഇളവുകൾ കമ്പ്യൂട്ടറിൽ കൃത്രിമം നടത്തി വെട്ടിപ്പ് നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.അതിനെതിരെ സമഗ്ര അന്വേഷണം നടത്തി ക്രിമിനൽ നടപടി കൈക്കൊള്ളണം.8 -10 കോടിയിൽ പരം രൂപ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ബേങ്കിൽ അനധികൃതമായി നിയമിച്ച 10 ലധികം പേർക്ക് നിക്ഷേപ തുകയിൽ നിന്നും ശമ്പളം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.വളരെ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ലീഗ് ഭരണസമിതി വരുത്തി വെച്ചിട്ടുള്ളത്, തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചു.മുസ്ലീം ലീഗിൻ്റെ സംസ്ഥാന സെക്രട്ടറിയായ മണ്ണാർക്കാട് എം എൽ എ അഡ്വ.എൻ.ഷംസുദീൻ ഉൾപ്പെടെയുള്ള മണ്ഡലം -ജില്ലാ സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ കൂട്ടുപ്രതികളാണ്.നാളിതുവരെയായും മേൽ വിഷയങ്ങളിൽ ഇടപെടാനോ പരിഹാരം കാണാനേ ഇവർ തയ്യാറായിട്ടില്ലെന്നും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.മണ്ണാർക്കാട് ഏരിയാ സെക്രട്ടറി എൻ.കെ. നാരായണൻ കുട്ടി, ഏരിയാ കമ്മറ്റി അംഗങ്ങളായ കെ.കെ രാജൻ മാസ്റ്റർ,ടി.ആർ സെബാസ്റ്റ്യൻ,എം. വിനോദ് കുമാർ,എം. മനോജ്,പി. പങ്കജവല്ലി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment