നിറം കുറഞ്ഞെന്ന് നിരന്തരം മാനസീക പീഡനം, ഗള്‍ഫില്‍ നിന്നുപോലും വിളിച്ചാക്ഷേപം ; ഒടുവില്‍ 19 കാരി തൂങ്ങിമരിച്ചു, ഭര്‍ത്താവിനെതിരേ പരാതി

 

മലപ്പുറം: പത്തൊമ്പതുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പരാതി. കൊണ്ടോട്ടി ബ്ലോക്ക് റോഡില്‍ പറശീരി ബഷീറിന്റെയും ഷമീനയുടെയും മകള്‍ ഷഹാന മുംതാസാണു മരിച്ചത്. നിറം കുറവാണെന്നു പറഞ്ഞ് ഭര്‍ത്താവ് മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുള്‍ വാഹിദ് ഫോണിലൂടെ ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടതിനേത്തുടര്‍ന്ന് അസ്വാഭാവികമരണത്തിനു കൊണ്ടോട്ടി പോലീസ് കേസെടുത്തു.ഇന്നലെ രാവിലെ 9.30-നുശേഷം ഷഹാന മുറിയില്‍ കയറി വാതിലടച്ചു. ഏറെനേരം കഴിഞ്ഞും തുറക്കാത്തതിനേത്തുടര്‍ന്ന് മാതാവ് അയല്‍ക്കാരെ വിളിച്ചുവരുത്തി. വാതില്‍ തകര്‍ത്ത് മുറിയില്‍ കയറിയപ്പോള്‍ ഷഹാനയെ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കൊണ്ടോട്ടി ഗവ. കോളജില്‍ ഒന്നാംവര്‍ഷം ബിരുദവിദ്യാര്‍ഥിനിയായ ഷഹാനയുടെ നിക്കാഹ് കഴിഞ്ഞ മേയ് 27-നായിരുന്നു.ഒരുമാസം കഴിഞ്ഞ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദ് ഗള്‍ഫിലേക്കു മടങ്ങി. ഫോണിലൂടെയുള്ള മാനസികപീഡനം സംബന്ധിച്ച പരാതി അനേ്വഷിച്ചുവരുകയാണെന്നു കൊണ്ടോട്ടി ഡിവൈ.എസ്.പി. പറഞ്ഞു. കബറടക്കം ഇന്ന് രാവിലെ എട്ടിന് കൊണ്ടോട്ടി പഴയങ്ങാടി പള്ളിയില്‍. സഹോദരങ്ങള്‍: ഹബീബ് (എട്ടാം ക്ലാസ് വിദ്യാര്‍ഥി), അന്‍ഷിദ് (ഒന്നാം ക്ലാസ് വിദ്യാര്‍ഥി).

Post a Comment

Previous Post Next Post