കല്ലടിക്കോട് :അക്ഷര പുണ്യത്തിന്റെ അമ്പതാണ്ട് പിന്നിട്ട കരിമ്പ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിവിധ പരിപാടികളോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടത്തുമെന്ന് സ്കൂൾ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 27 തിങ്കളാഴ്ച പകൽ രണ്ടുമണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളുടെ അധ്യക്ഷതയിൽ എംഎൽഎ കെ.ശാന്തകുമാരി നിർവഹിക്കും.പരിമിതമായ സൗകര്യങ്ങളോടെ 50 വർഷം മുമ്പ് ആരംഭിച്ച ഈ പൊതു വിദ്യാലയം അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം,പാഠ്യ പാഠ്യേതര രംഗത്ത് ഇന്ന് ശ്രദ്ധേയ മികവ് പുലർത്തുന്ന വിദ്യാഭ്യാസ കേന്ദ്രമാണ്.1980-81 എസ് എസ് എൽ സി ബാച്ച് സ്പോൺസർ ചെയ്ത കുടിവെള്ളം യൂണിറ്റ് ഇതോടനുബന്ധിച്ചു ഉദ്ഘാടനം ചെയ്യും.18 ക്ലാസ്മുറികളുള്ള പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.എംപി ഫണ്ടിൽ പൂർത്തീകരിച്ച ഓപ്പൺ എയർ ഓഡിറ്റോറിയവും കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്യുകയുണ്ടായി.ഗുരുവന്ദനം,പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം,നിർധന കുടുംബത്തിന് പാർപ്പിടം, കമ്പ്യൂട്ടർ ലാബ് നവീകരണം,സംസ്ക്കാരിക-സാഹിത്യ സദസ്സ്, സ്കൂൾ പ്രവേശന കവാടം തുടങ്ങി വിവിധ പദ്ധതികൾ ഒരു വർഷത്തെ സുവർണ്ണ ജൂബിലി കാലയളവിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ബിനോയ് എൻ.ജോൺ,ഹെഡ്മാസ്റ്റർ ജമീർ.എം, സി.എസ്.രാജേഷ്,സ്കൂൾ പിടിഎ പ്രസിഡന്റ് കെ.രാധാകൃഷ്ണൻ, എസ് എം സി ചെയർമാൻ പി കെ എം.മുസ്തഫ, തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Post a Comment