സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന പലിശ മാഫിയകളെ നിയന്ത്രിക്കണം: വെൽഫെയർ പാർട്ടി

 

പാലക്കാട്: സാധാരണ ജനങ്ങളുടെ ജീവിതത്തെ പലിശകൊണ്ടു ദുസ്സഹമാക്കുന്ന മാഫിയകളെ നിയന്ത്രിക്കണമെന്ന് വെൽഫെയർ പാർട്ടി  ജില്ലാ എക്സിക്യൂട്ടീവ് അധികാരികളോട് ആവശ്യപ്പെട്ടു.സാധാരണക്കാരന്റെ സാമ്പത്തിക പ്രതിസന്ധികളെ  മുതലെടുത്ത് ഉയർന്ന പലിശാനിരക്കിൽ വായ്പകൾ കൊടുത്ത് ചൂഷണം ചെയ്യുന്ന ധാരാളം മാഫിയകൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിഴക്കൻ മേഖലയിൽ അയൽ സംസ്ഥാനത്തിൽ നിന്നുള്ള പലിശ മാഫിയകൾ അടക്കം ജനങ്ങളെ വ്യാപകമായി ചൂഷണം ചെയ്ത് കൊണ്ടിരിക്കുന്നു.നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന  ഇത്തരം മാഫിയകൾക്കെതിരെ നടപടി സ്വീകരിക്കേണ്ട പോലീസ് പലപ്പോഴും അവർക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. പലിശ അടക്കാൻ പ്രയാസമനുഭവിക്കുന്ന  ആലത്തൂരിലെ വീട്ടമ്മയോട് മുട്ടിക്കുളങ്ങര ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തി സംസാരിച്ചത് മാധ്യമങ്ങൾ പുറത്തുവിടുകയുണ്ടായി. 'ഫിനാൻസ് ഏജന്റ്മാർ ഇനിയും വീട്ടിൽ വരും, ചാകുമെങ്കിൽ ചത്തുകാണിക്ക് 'എന്നാണ് മുട്ടികുളങ്ങര ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത്.ഈ പോലീസ് ഉദ്യോഗസ്ഥനെതിരെ   ശക്തമായ വകുപ്പ് തല നടപടി സ്വീകരിക്കണം.പലിശ മാഫിയകളെ  നിലക്ക് നിർത്താൻ സർക്കാർ തയ്യാറാകുന്നില്ലങ്കിൽ ജനകീയ സമരം ഉയർത്തിക്കൊണ്ടുവരാൻ  വെൽഫെയർ പാർട്ടി മുൻകൈയെടുക്കുമെന്നും നേതാക്കൾ പറഞ്ഞു.ഉയർന്ന പലിശക്ക് വായ്പ നൽകി ജനങ്ങളെ പ്രയാസപ്പെടുത്തുന്നവരിൽ നിന്ന്,ജനങ്ങളെ രക്ഷിക്കാൻ ബദൽ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻ സന്നദ്ധ കൂട്ടായ്മകളെ  സർക്കാർ നിർലോഭം പിന്തുണക്കണമെന്നും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് കെ.സി നാസർ,മോഹൻദാസ് പറളി, എം.ദിൽഷാദ് അലി,ഹബീബ മൂസ,പി.എസ്.അബു ഫൈസൽ,ചന്ദ്രൻ പുതുക്കോട്,ശാക്കിർ പുലാപ്പറ്റ,ശരിഫ് പള്ളത്ത്, ബാബു തരൂർ,എം.സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post