ശ്രീകൃഷ്ണപുരം :സ്വതന്ത്ര ഭാരത കാലത്ത് നിലവിൽ വന്ന എളമ്പുലാശ്ശേരി കെഎ യു പി സ്കൂൾ, 75 ആം വാർഷികത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ റിപബ്ലിക് ദിന സായാഹ്നത്തിൽ വാദ്യവിസ്മയം നടത്തി.പ്രമുഖ വാദ്യ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മക്കളായ മട്ടന്നൂർ ശ്രീകാന്ത്,മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു ത്രിതായമ്പക.കെടിഡിസി ചെയർമാൻ പി.കെ.ശശി ആദരഭാഷണം നടത്തി ഉദ്ഘാടനം നിർവഹിച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിതജോസഫ് ഉപഹാര സമർപ്പണം നടത്തി.അജ്ഞതയിൽ നിന്ന് മനുഷ്യർക്ക് മോചനം നേടി തന്നത് വിദ്യാഭ്യാസത്തിലൂടെയാണ്.കേരളത്തിന്റെ മേന്മയും പൊതു വിദ്യാഭ്യാസ ശാക്തീകരണമാണ്.എളമ്പുലാശ്ശേരി കരുണാകര എ യു പി സ്കൂൾ നാടിന്റെ പൊതു സ്വത്തെന്ന് തിരിച്ചറിഞ്ഞ് ആഘോഷ പ്രവർത്തനങ്ങൾ സ്മരണീയവും മധുരതരവുമാക്കുന്നതിനുള്ള വ്യവസ്ഥാപിത പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്നത് മാതൃകാപരമാണ്.ഒരു ജനതക്ക് അക്ഷരം പകർന്ന പൊതുവിദ്യാലയങ്ങൾ നാടിന്റെ മതനിരപേക്ഷ വിദ്യാഭ്യാസ കേന്ദ്രമാണ്. അറിവിന്‍റെ ദീപം പകര്‍ന്ന പൈതൃകവിദ്യാലയങ്ങൾ,വെളിച്ചം കെടാതെ കാക്കേണ്ടതാണെന്നുള്ള ജാഗ്രതയാണ് നമ്മുടെ നാടിന്റെ സഹവർത്തിത്വം രൂപപ്പെടുത്തിയതെന്നും, ഇത്അഭിനന്ദനാർഹമാണെന്നും പി കെ ശശി പറഞ്ഞു.പത്മശ്രീ മട്ടന്നൂര്‍ശങ്കരന്‍കുട്ടിമാരാരും അദ്ദേഹത്തിന്റെ പുത്രന്മാര്‍ മട്ടന്നൂര്‍ ശ്രീകാന്തും ശ്രീരാജും ചേര്‍ന്നവതരിപ്പിച്ച ത്രിത്തായമ്പകയോടെയാണ് ആചാര്യസ്മൃതിയും സ്നേഹസംഗമവും പൂര്‍ണ്ണമായത്.തായമ്പക തുടങ്ങുന്നതിനു മുമ്പു ചേര്‍ന്ന യോഗത്തില്‍ എളമ്പുലാശ്ശേരി നാലുശ്ശേരി ഭഗവതിക്ഷേത്രത്തിലെ പൂരാഘോഷത്തിന് തുടര്‍ച്ചയായി 25 വര്‍ഷം തായമ്പക അവതരിപ്പിച്ച മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍, അതിനു കാരണഭൂതനായ കിഴക്കേക്കളം ഗോപാലന്‍നായരെ അനുസ്മരിച്ച് സംസാരിച്ചു.ഏഴാം വയസ്സിൽ അച്ഛൻ കണ്ടോത്ത് കുഞ്ഞിക്കൃഷ്ണമാരാരാണ് എന്നെ കൊട്ടുപഠിപ്പിച്ചു തുടങ്ങിയത്.വെള്ളിനേഴിയിൽ വാദ്യകല അദ്ധ്യാപകനായി വന്നത് മുതൽ ഞാൻ ഇവിടത്തുകാരനായി.ഞാനും മക്കളും ഒന്നിച്ചു കൊട്ടാൻ തുടങ്ങിയിട്ട് ഇരുപത്തഞ്ചു കൊല്ലമായി.പൊതു ഇടങ്ങളും,കലാവതരണങ്ങളും മതേതരത്വത്തിലും ബഹുസ്വരതയിലുമൂന്നിയ നമ്മുടെ സാംസ്കാരികപൈതൃകം കാത്തുരക്ഷിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മട്ടന്നൂർ പറഞ്ഞു. ശബരി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ശശികുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജന്‍മാസ്റ്റര്‍, പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്ററി സ്കൂള്‍ ഹെഡ്മാസ്റ്ററും പൂര്‍വവിദ്യാര്‍ത്ഥിയുമായ കെ.രാമകൃഷ്ണന്‍ എന്നിവര്‍ അനുമോദന-അനുസ്മരണയോഗത്തില്‍ പങ്കെടുത്തു.
Post a Comment