കല്ലടിക്കോട്: സാമൂഹ്യ നന്മയും സമുദായ പുരോഗതിയും ലക്ഷ്യമാക്കി കല്ലടിക്കോട്എൻ എസ് എസ് കരയോഗ കർമ പരിപാടികൾക്കായി സൗജന്യമായി അഞ്ചു സെന്റ് സ്ഥലം നൽകിയ കുഞ്ഞിക്കാവ് അമ്മയെ കല്ലടിക്കോട് അയ്യപ്പൻകാവ് എൻഎസ്എസ് മന്ദിരത്തിൽ നടന്ന പൊതുയോഗത്തിൽ ആദരിച്ചു.ഒരിഞ്ചു സ്ഥലത്തിന്റെ പേരിൽ പോലും അന്യോന്യം കലഹമുണ്ടാകുന്ന വർത്തമാനകാല സാഹചര്യത്തിൽ,സാമൂഹ്യ കാര്യങ്ങൾക്കും സമുദായ പ്രവർത്തനങ്ങൾക്കുമായി സ്വമേധയ ഭൂമി വിട്ടു നൽകിയ കുഞ്ഞിക്കാവ് അമ്മയുടെയും മക്കളായ സുമ,സുജാത എന്നിവരുടെയും തീരുമാനം മാതൃകാപരമാണെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡണ്ട് കല്ലടിക്കോട് ശശികുമാർ യോഗം ഉദ്ഘാടനം ചെയ്തു.നായർ സർവീസ് സൊസൈറ്റിയുടെ അനശ്വര സ്ഥാപകനും, മഹാനായ സാമൂഹിക പരിഷ്കർത്താവുമായ മന്നത്തു പത്മനാഭൻ ആണ് നായർ സമുദായത്തിന്റെ അതുല്യ നേതാവും മാർഗദർശിയും.സമുദായ പ്രവർത്തങ്ങൾക്കൊപ്പം,സാമൂഹ്യപരവും മാനുഷികവുമായ കാര്യങ്ങളിൽ ഇടപെടുന്ന രീതിയാണ് എൻഎസ്എസിന്‍റെതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.അച്യുതൻകുട്ടി മാസ്റ്റർ അധ്യക്ഷനായി.ജന്മനക്ഷത്രകാണിക്ക,താലൂക്ക് യൂണിയനിലേക്ക് സംഭാവന കൈമാറൽ,ആദരം, ഉപഹാര സമർപ്പണം തുടങ്ങിയ പരിപാടികളും നടത്തി.ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾക്കായി പ്രവർത്തിച്ച രാമദാസിനെ ചടങ്ങിൽ ആദരിച്ചു.തുപ്പനാട് പുഴക്ക് കുറുകെ വാലിക്കോട് ഭാഗത്ത് ഏറെ നാളായുള്ള നാടിന്റെ കാത്തിരിപ്പ് ആണ് ഒലിപ്പാറ പാലം. ഗ്രാമവികസനത്തിന്റെ അടിസ്ഥാനമായ ഒലിപ്പാറ പാലം യാഥാർത്ഥ്യമാക്കാൻ അതിവേഗ നടപടി അനിവാര്യമാണെന്ന് കരയോഗം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.താലൂക്ക് യൂണിയൻ സെക്രട്ടറി രാഹുൽ, കരയോഗം സെക്രട്ടറി ഭാസ്കരദാസ്,അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.കെ.പി.ഉണ്ണികൃഷ്ണൻ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു.
Post a Comment