മദ്യത്തിൽ മുങ്ങി നിൽക്കുന്ന നാടിനെ സർവനാശത്തിലേക്കു നയിക്കാൻ ബ്രൂവറി. 'ജലത്തിനുള്ള മനുഷ്യാവകാശം'

 


-ഡോ.ലക്ഷ്മി.ആർ.ചന്ദ്രൻ

(ശാസ്ത്രവേദി പാലക്കാട് ജില്ല പ്രസിഡൻ്റ്)


ശുദ്ധജലം എന്ന മനുഷ്യൻ്റെ അടിസ്ഥാന ആവശ്യത്തിൻമേലുള്ള ചൂഷണശ്രമം, അതിനെതിരെയുള്ള ജന പോരാട്ടം, പാരിസ്ഥിതിക നീതി,എന്നീ വിഷയങ്ങൾ എലപ്പുള്ളിയിലെ മദ്യ നിർമാണ പ്ലാന്റിലൂടെ വീണ്ടും സമൂഹശ്രദ്ധയിലേക്ക് വരികയാണ്.വികസ്വര രാജ്യങ്ങളിൽ, വലിയ കോർപ്പറേറ്റുകളുടെ സംരംഭങ്ങൾ മതിയായ സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാത പഠനങ്ങളില്ലാതെ എളുപ്പത്തിൽ നടപ്പിലാക്കാൻ കഴിയുന്നു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ സമൂഹത്തിൻ്റെ പ്രതിരോധവും സ്വതന്ത്ര ശാസ്ത്രീയ ഗവേഷണത്തിൻ്റെ പ്രാധാന്യവും പ്ലാച്ചിമട സമര വിജയം കാണിച്ചു തന്നു. 

ഒരു മദ്യ നിർമാണ പ്ലാന്റിന്,സ്ഥിരവും വിശ്വസനീയവുമായ ജലസ്രോതസ്സ് അത്യന്താപേക്ഷിതമാണ്.എലപ്പുള്ളി, പാലക്കാട് എന്നിവിടങ്ങളിലെ വാർഷിക മഴയുടെ വിവരങ്ങൾ വിശകലനം ചെയ്യുമ്പോൾ മഴയുടെ അളവിൽ കാര്യമായ വ്യതിയാനം നിരീക്ഷിക്കപ്പെടുന്നു.ഈ പ്രദേശത്ത് ശരാശരി മഴ ലഭിക്കുന്നുണ്ടെങ്കിലും,ജല ലഭ്യത സ്ഥിരമായിരിക്കില്ല.ജല ഉപഭോഗം അമിതമായി ആവശ്യമുള്ള വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് മുമ്പ് മഴയുടെ രീതി മനസ്സിലാക്കേണ്ടതുണ്ട്. ഉയർന്ന മഴ വ്യതിയാനം അനുഭവിക്കുന്ന പ്രദേശങ്ങളിൽ, സാഹചര്യങ്ങൾക്കനുസരിച്ച് മാറുന്ന ജല   വിനിയോഗ തന്ത്രങ്ങളുടെ ആവശ്യകതയും ഇത് എടുത്തു കാണിക്കുന്നു. 

പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകൾ കുഴൽകിണറുകൾ,തുറന്ന കിണറുകൾ, കുളങ്ങൾ,ഭാരതപ്പുഴയുടെ കൈവരിയായ കോരയാർ എന്നിവയാണ് പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകൾ.എന്നാൽ കുടിവെള്ളത്തിനും നെൽ കൃഷിക്കും പ്രധാനമായും ആശ്രയിക്കുന്നത് ഭൂഗർഭ ജലം നൽകുന്ന കുഴൽ കിണറുകളെയാണ്.പഞ്ചായത്ത്‌ കുടിവെള്ള പദ്ധതിക്ക് ജലം നൽകുന്നത് പൂർണമായും കുഴൽക്കിണറുകളണ്. രണ്ട് നെൽ കൃഷി സീസണുകൾ, ആദ്യത്തേത് വാളയാർ അണക്കെട്ടിൽ നിന്നുള്ള കനാൽ ജലസേചന സമ്പ്രദായത്തെ ആശ്രയിക്കുന്നു. രണ്ടാമത്തെ സീസൺ അതായത് വേനൽക്കാലത്തിനു മുമ്പുള്ള സീസൺ പൂർണ്ണമായും ഭൂഗർഭജലത്തെ ആശ്രയിക്കുന്നു.ജനസംഖ്യയിൽ ഭൂരിഭാഗവും ഇടത്തരം കർഷകരാണ്.

രണ്ട് നെൽ കൃഷി സീസണുകൾ, ആദ്യത്തേത് വാളയാർ അണക്കെട്ടിൽ നിന്നുള്ള കനാൽ ജലസേചന സമ്പ്രദായത്തെ ആശ്രയിക്കുന്നു. രണ്ടാമത്തെ സീസൺ അതായത് വേനൽക്കാലത്തിനു മുമ്പുള്ള സീസൺ പൂർണ്ണമായും ഭൂഗർഭജലത്തെ ആശ്രയിക്കുന്നു.കേരള സർക്കാറിൻ്റെയും ഭാരത സർക്കാറിൻ്റെയും 2025 ഭൂഗർഭജല പഠന റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 152 വിലയിരുത്തപ്പെട്ട യൂണിറ്റുകളിൽ, ഭൂഗർഭജല ചൂഷണത്തിന്റെ അളവിനെയും ശരാശരി ഭൂഗർഭജലനിരപ്പുകളുടെ ദീർഘകാലത്തെ കുറവിനെയും അടിസ്ഥാനമാക്കി 2 ബ്ലോക്കുകൾ 'ഗുരുതര'മായി (ക്രിട്ടിക്കൽ) കണക്കാക്കപ്പെടുന്നു.പാലക്കാട് ജില്ലയിലെ ചിറ്റൂർ, മലമ്പുഴ ബ്ലോക് കളാണ്.എലപ്പുള്ളി ചിറ്റൂർ ബ്ലോക്കിനുള്ളിലാണ്.ഈ പ്രദേശത്ത് , വാർഷികമായി ലഭ്യമാകുന്ന ഭൂഗർഭജല പുനഃചാർജ് 567.68 എംസിഎം ആണ്. നിലവിലെ വാർഷിക ഭൂഗർഭജല ചൂഷണം 339.21എംസിഎം ജലസേചന ഉപയോഗം- 178.56 എംസിഎം, വ്യാവസായിക ഉപയോഗം 6.13 എംസിഎം,ഗാർഹിക ഉപയോഗം -154.52 എംസിഎം, എന്നിങ്ങനെ വിലയിരുത്തപ്പെടുന്നു. ഭൂഗർഭജല ചൂഷണത്തിന്റെ അളവ് 60 ശതമാനം ആയി കണക്കാക്കുന്നു.

മറ്റൊന്ന് മദ്യനിർമാണശാലയിൽ നിന്നുള്ള മാലിന്യത്തെ എങ്ങിനെ സംസ്കരിക്കുന്നു എന്നതാണ്.പ്ലാച്ചിമടയിൽ നിന്നുള്ള ഖരമാലിന്യം ഫാക്ടറി വളമായി ഗ്രാമവാസികൾക്ക് വിതരണം ചെയ്തു. എക്സെറ്റർ സർവ്വകലാശാലയുടെ പഠനം ഈ ഖരമാലിന്യത്തിൽ അപകടകരമായ അളവിൽ ലെഡ്,കാഡ്മിയം എന്നിവ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

2022 ൽഎലപ്പുള്ളി ഗ്രാമപഞ്ചായത്ത് ജലസംരക്ഷണം,മാനേജ്മെന്റ് എന്നിവയിലെ മികച്ച പ്രവർത്തനങ്ങൾക്ക് ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ മികച്ച സിവിക് ബോഡിയായി രാജ്യത്തെ ജലപുരസ്കാരം നേടിയിരുന്നു. 2018-ൽ വാട്ടർ എയ്ഡ് ഇന്ത്യ എന്ന അന്തർദേശീയ സംഘടനയുടെ സാമ്പത്തിക സഹായത്തോടെ പീപ്പിൾസ് സർവീസ് സൊസൈറ്റി,പാലക്കാട് (പി.എസ്.എസ്.) ആരംഭിച്ച ജല സുഭിക്ഷ പദ്ധതി മൂന്ന് വർഷത്തിൽ ജലപ്രശ്ന പരിഹാരത്തിൽ വൻ മുന്നേറ്റം നടത്തി.ഇതേ പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന പെപ്സി കമ്പനിയുടെ ഭൂഗർഭ ജലഉപഭോഗത്തെ തുടർന്ന് കൃഷിയിടങ്ങളിലെ കുഴൽ കിണറുകളിലെ ജലനിരപ്പ് താഴുകയും കമ്പനി പിന്നീട് എതിർപ്പിനെ തുടർന്ന് അടച്ചു പൂട്ടുകയും ചെയ്തു.ഇത്തരത്തിൽ ഒരു പ്രദേശത്ത് എങ്ങിനെ ജലം അധികമായി ആവശ്യം ഉള്ള ഒരു വ്യവസായം തുടങ്ങും എന്ന ചോദ്യം ജനത ഉയർത്തുന്നു.വെള്ളം നിഷേധിക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമായി കണക്കാക്കപ്പെടുന്നു.മതിയായ കുടിവെള്ളം നൽകുക മാത്രമല്ല, ജലസ്രോതസ്സുകളെ മലിനീകരണത്തിൽ നിന്നും കൈയേറ്റത്തിൽ നിന്നും സംരക്ഷിക്കാനും സർക്കാർ ബാധ്യസ്ഥമാണ്.ജല–പരിസ്ഥിതി സംരക്ഷണത്തിനായിരിക്കണം പഞ്ചായത്തുകളുടെയും മുൻതൂക്കം.

   കൃഷി എന്ന നന്മ തുടരണം.അതോടൊപ്പം സാധാരണ ജനത്തിൻ്റെ ശുദ്ധ ജലം എന്ന അവകാശം സംരക്ഷിക്കണം.പ്രാദേശിക പരിസ്ഥിതിക്കനുകൂലമായ വികസനങ്ങളാണ് നമുക്ക് വേണ്ടത്.

Post a Comment

Previous Post Next Post