മലബാർ സമര ചരിത്രത്തിന്റെ കാണാപ്പുറങ്ങൾ. 'അറിഞ്ഞതിനപ്പുറം' പുസ്തകം പ്രകാശനം ചെയ്തു

 

അരീക്കോട് :കവിയും കഥാകൃത്തുമായ ഇബ്രാഹിം മൂർക്കനാടിൻ്റെ മാക്ബത്ത് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പുതിയ നോവൽ,മലബാർ സമര ചരിത്രത്തിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന 'അറിഞ്ഞതിനപ്പുറം' അരീക്കോട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രകാശനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനുമായ എ.പി.അഹമ്മദ് ബഷീർ ചുങ്കത്തറക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.പല കാരണങ്ങളാൽ പലരും മറച്ചു പിടിയ്ക്കുന്ന കലാപസത്യങ്ങൾ ധീരമായി എഴുതാൻ ഈ നോവൽ ആർജ്ജവം കാട്ടിയിരിക്കുന്നു.കലുഷമായ കലാപ കഥയെ മാനവികവും കാല്പനികവുമാക്കുന്ന കൃതി.ചരിത്രാന്വേഷികളെ ആശയക്കുഴപ്പത്തിലാക്കുന്ന സങ്കീർണതയിലേക്കാണ് മലബാർ കലാപത്തിൻ്റെ ആഖ്യാനങ്ങൾ ഉണ്ടായിട്ടുള്ളത്.മലബാർ കലാപത്തിൻ്റെ ഉള്ളുകള്ളികൾ അന്വേഷിച്ചു പോയാൽ മനുഷ്യൻ നട്ടംതിരിയുമെന്ന് മുന്നറിയിപ്പു നൽകിയത് സാക്ഷാൽ മഹാത്മാഗാന്ധിയാണ്. മലബാർ കലാപം പലപ്പോഴും കയ്പ്പേറിയ വിവാദങ്ങൾക്കു വഴിവച്ചതായും അറിയുന്തോറും അറിയാൻ ബാക്കിയുള്ളതാണ് മലബാർ കലാപം അല്ലെങ്കിൽ മാപ്പിള ലഹളയെന്നും,ലഹളയെക്കുറിച്ചു പഠിക്കാനും സവിസ്തരം വസ്തുതാപരമായി വിശദീകരിക്കാനും ഈ രചനയിലൂടെ എഴുത്തുകാരൻ സന്നദ്ധമായതായും എ പി അഹ്‌മദ്‌ പറഞ്ഞു.വാസു അരീക്കോട് അധ്യക്ഷനായി.ഇബ്രാഹിം മൂർക്കനാട് മറുമൊഴി നടത്തി.മലിക് നാലകത്ത്,പി.പി.സഫറുള്ള,അബ്ദുറശീദ് അരഞ്ഞിക്കൽ,ലുക്മാൻ അരീക്കോട്,എം.എ.സുഹൈൽകെ.ആബിദ്,കെ.എ.ജബ്ബാർ തുടങ്ങി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.ടി.മുഹമ്മദലി മാഷ് സ്വാഗതഗാനം ആലപിച്ചു.പുസ്തക  പ്രകാശനത്തോടനുബന്ധിച്ച് കവിയരങ്ങും ഉണ്ടായിരുന്നു.ടി എ മടക്കൽ സ്വാഗതവും ശിവരാജ് പാക്കുളം നന്ദിയും പറഞ്ഞു.പുരോഗമന കലാസാഹിത്യസംഘം അരീക്കോട് മേഖല കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

Post a Comment

Previous Post Next Post