മണ്ണാർക്കാട്: ഇടത് സർക്കാർ പൊതുവിദ്യാഭ്യാസത്തെയും അധ്യാപകരെയും സംരക്ഷിക്കുകയല്ല സംഹരിക്കുകയാണ് ചെയ്യുന്നതെന്നും ആറു വർഷമായിട്ടും നിയമനാംഗീകാരവും ശമ്പളവും നൽകാത്ത സർക്കാർ തൊഴിലാളി വിരുദ്ധ സർക്കാരായി മാറിയെന്നും ദേശീയ അധ്യാപക സംഘടനയായ എ ഐ പി ടി എഫ് സീനിയർ വൈസ് പ്രസിഡൻ്റ് പി ഹരിഗോവിന്ദൻ.കെ പി എസ് ടി എ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുന്നിൽ നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമനാംഗീകാരമില്ലാതെ ജീവിതം പ്രതിസന്ധിയിലായി ആത്മഹത്യ ചെയ്ത അധ്യാപികയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.പൊതു വിദ്യാഭ്യാസ മേഖലയിൽ നിന്നും വർഷംതോറും ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്.മരണപ്പെട്ട അധ്യാപികയുടെ തൊട്ട് ജൂനിയറായ അധ്യാപികയ്ക്ക് മരണപ്പെട്ട ദിവസം അർധരാത്രി 12 മണിക്ക് നിയമനാംഗീകാരം നൽകിയെന്ന് പറയുമ്പോൾ വിദ്യാഭ്യാസ വകുപ്പിൻ്റെ നിരുത്തരവാദപരമായ നിലപാടാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് വ്യക്തമാണ്.വിദ്യാഭ്യാസ വകുപ്പിലെ ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ സേവനം ലഭ്യമാക്കുക എന്നതാണ് മാനേജ്മെൻറുകളുടെ ലക്ഷ്യം.കുട്ടികളെ പഠിപ്പിക്കാൻ അധ്യാപകർ ക്ലാസ് റൂമുകളിൽ ഉണ്ടാകുക എന്ന മഹത്തരമായ ഉദ്ദേശത്തെ തകിടം മറിക്കുന്നതാണ് ഇടതു സർക്കാരിൻ്റെ നിയമങ്ങൾ. ജൂലൈ 15ന് പൂർത്തിയാകേണ്ട സ്റ്റാഫ് ഫിക്സേഷൻ സ്കൂൾ മധ്യവേനലവധിക്ക് അടയ്ക്കാറായിട്ടും പൂർത്തിയായിട്ടില്ല. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ സംതൃപ്തമായ അധ്യാപക സമൂഹമാണ് ഉണ്ടാകേണ്ടത്. തൊഴിലാളി വിരുദ്ധ സർക്കാരിൻ്റെ ഹീന നയങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയ സംഘടനാ ഭേദമന്യേ പ്രതികരിക്കാൻ സാധിക്കണം. പതിനാറായിരത്തോളം വരുന്ന അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ ഉടനടി നടപടി സ്വീകരിക്കണം. ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കണം. അകാരണമായി ഫയലുകൾ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സീനിയർ വൈസ് പ്രസിഡൻ്റ് സജീവ് ജോർജ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡോ.എൻ.വി ജയരാജൻ സ്വാഗതം പറഞ്ഞു.ജി.രാജലക്ഷ്മി,ബിജു ജോസ്,പി ജി ദേവരാജ്,കെ.രാമദാസൻ, കെ ആർ സുജേഷ്,ബിജു അമ്പാടി,നസീർ ബാബു, നൗഫൽ താളിയിൽ,ആർ ജയമോഹൻ,ബിന്ദു പി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment