ഏറനാടിന്റെ മണ്ണിൽ നിന്നും ചരിത്രപരമായി ഏറെ സവിശേഷതയുള്ള പുതിയ നോവൽ പുസ്തകം പിറന്നിരിക്കുന്നു.ഇബ്രാഹിം മൂർക്കനാട് എഴുതിയ മലബാർ കലാപം ഇതിവൃത്തമായുള്ള 'അറിഞ്ഞതിനപ്പുറം'. കവിയും കഥാകൃത്തുമാണ് ഇബ്രാഹിം മൂർക്കനാട്.ഏറനാട് താലൂക്ക് ഊർങ്ങാട്ടിരി വില്ലേജിലെ മൂർക്കനാട് ഗ്രാമത്തിൽ ജനിച്ചു.ഗവ.മോഡൽ യുപി സ്കൂൾ,അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ,എം എ എം ബി ടി എസ് മുക്കം എന്നിവിടങ്ങളിൽ പഠനം. അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം.പിന്നീട് ട്രഷറി വകുപ്പിൽ ജോലി സ്വീകരിച്ച് ട്രഷറി ഓഫീസർ ആയി വിരമിച്ചു.കലാസാഹിത്യ സാംസ്കാരിക രംഗങ്ങളിൽ ഇന്നും സജീവം.നിലവിൽ പു.ക.സ അരീക്കോട് മേഖല വൈസ് പ്രസിഡന്റും കേരള സ്റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ സാംസ്കാരിക വേദി അധ്യക്ഷനുമാണ്. ഇബ്രാഹിം മൂർക്കനാടിന്റെ 'അറിഞ്ഞതിനപ്പുറം' പല കൃതികളിലൂടെ നമുക്ക് ചിരപരിചിതമായി തീർന്നതിനപ്പുറമുള്ള ചില കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്.ഒരു ജനതയെ അടിമയാക്കിയ വെള്ളക്കാരന്റെ ഭരണത്തിനെതിരെ നടന്ന ഉജ്ജ്വലമായ പോരാട്ടമായാണ് 1921 ലെ മുന്നേറ്റത്തെ ചരിത്രം രേഖപ്പെടുത്തുന്നത്.
പലരും പാടിയും പറഞ്ഞും ജനമനസ്സിൽ പതിഞ്ഞ ഒരു ചരിത്ര സംഭവം പ്രമേയമാക്കി എഴുതിയതാണെങ്കിലും ഈ രചന വേറിട്ട് നിൽക്കുന്നു.അരീക്കോട് ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രൗഢമായ സദസ്സിൽ ആയിരുന്നു പുസ്തകത്തിന്റെ പ്രകാശനം.എഴുത്തുകാരൻ എ.പി.അഹമ്മദ്,ബഷീർ ചുങ്കത്തറക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.മലബാർ കലാപത്തിൻ്റെ ഉള്ളുകള്ളികൾ അന്വേഷിച്ചു പോയാൽ മനുഷ്യൻ നട്ടംതിരിയുമെന്ന് മുന്നറിയിപ്പു നൽകിയത് സാക്ഷാൽ മഹാത്മാഗാന്ധിയാണ്. മലബാർ കലാപം പലപ്പോഴും കയ്പ്പേറിയ വിവാദങ്ങൾക്കു വഴിവച്ചതായും അറിയുന്തോറും അറിയാൻ ബാക്കിയുള്ളതാണ് മലബാർ കലാപം അല്ലെങ്കിൽ മാപ്പിള ലഹളയെന്നും,ലഹളയെക്കുറിച്ചു പഠിക്കാനും സവിസ്തരം വസ്തുതാപരമായി വിശദീകരിക്കാനും ഈ രചനയിലൂടെ എഴുത്തുകാരൻ സന്നദ്ധമായതായും എ പി അഹ്‌മദ് പ്രകാശന വേളയിൽ പറഞ്ഞു. ഇബ്രാഹിംമൂർക്കനാടിൻ്റെ പൂർവീകർ ചവിട്ടിപ്പോയ കനൽ പാതകളിൽ നിന്നാണ്
കഥാപാത്രങ്ങൾ ഉയിർ ന്നേറ്റത്.ഇത് വരെ പുറത്തിറങ്ങിയ ചരിത്ര
'പുസ്തകങ്ങളിൽ പലരും പറയാതെ പോയ അല്ലെങ്കിൽ ഭയപ്പെട്ട ചരിത്ര സത്യങ്ങൾ വ്യത്യസ്തമായി ആവിഷ്കരണമെന്നാണ് മനസ്സിൽ നിനച്ചത്.ചരിത്ര ശേഷിപ്പുകൾ തേടി ജന്മിമാരുടെ ഇല്ലങ്ങൾ തേടി.ആദിവാസികളുടെ ഊരുകളിൽ പോയി മൂപ്പന്മാരു സംവദിച്ചു.അങ്ങനെ വർഷങ്ങളോളമെടുത്ത ഗവേഷണത്തിൻ്റെ സാക്ഷ്യപത്രമാണ് നോവൽ. മലബാർ കലാപത്തെക്കുറിച്ച് കവിതകളും ചെറുകഥകളും നോവലുകളും ലേഖനങ്ങളും പഠനങ്ങളുമെല്ലാം ഒട്ടേറെ പുറത്തു വന്നിട്ടുണ്ട്.ഇത്രയേറെ തലങ്ങളിൽ വിലയിരുത്തുകയും വായിക്കപ്പെടുകയും ചെയ്ത മറ്റൊരു കലാപം ഇന്ത്യയിൽ നടന്നതായി അറിവില്ല.എങ്കിലും ഈ വിഷയകമായുള്ള വിശകലനങ്ങളിൽ 'അറിഞ്ഞതിനപ്പുറം' വേറിട്ട ശബ്ദമായി തന്നെ നിൽക്കുന്നു.മാക്ബത്ത് പബ്ലിക്കേഷൻസ് ആണ് പ്രസിദ്ധീകരണം.
ഇതിൽ വലിയൊരു കാലഘട്ടത്തിൻ്റെ ചിത്രവും ചരിത്രവുമുണ്ട്. വലിയൊരെഴുത്തുകാരൻ്റെ മനസ്സും.മലബാര്‍ കലാപം അല്ലെങ്കില്‍ മാപ്പിള കലാപത്തിന്റെ അടിവേരുകള്‍ 1921-ന് ശതാബ്ദങ്ങള്‍ക്കു മുമ്പിലേക്ക് നീളുന്നു.ലഹളയുടെ അലയൊലികള്‍ നൂറ്റാണ്ടിനിപ്പുറവും കേരള രാഷ്ട്രീയത്തിൽ ചർച്ചയാക്കുന്നുണ്ട്. ഏഴുമാസം നീണ്ടുനിന്ന ഈ കലാപത്തില്‍ 2,399 പേര്‍ കൊല്ലപ്പെടുകയും 1652 പേര്‍ക്ക് പരിക്ക് പറ്റുകയും 45303 പേരെ തടവുകാരായി പിടിയ്ക്കുകയും ചെയ്തതായിട്ടാണ് സര്‍ക്കാര്‍ രേഖകള്‍ പറയുന്നത്.കേരളത്തിൻ്റെ ചരിത്ര രചനയിൽ പുതിയൊരന്വേഷണ രീതിക്ക് തുടക്കം കുറിക്കുകയാണ് അറിഞ്ഞതിനപ്പുറം.പ്രാദേശിക ഭാഷയും ചുറ്റുമുള്ള മനുഷ്യ ജീവിതങ്ങളെയും കൂടി ചരിത്രാഖ്യാനത്തിൻ്റെ രീതിശാസ്ത്രത്തിലേക്ക് സമ്പൂർണ്ണമായി കൊണ്ടുവരികയാണ് ഈ രചന. ഐതിഹാസികമായ മലബാർ ചരിതം അവസാനിക്കുന്നില്ല.പോരാട്ട വീഥിയിൽ രക്തസാക്ഷിയായവരുടെ യഥാർത്ഥ ചിത്രം അടയാളപ്പെടാതെ കിടക്കുമ്പോഴാണ് പോരാളികളുടെ ഓർമകൾ വരും തലമുറക്കായി
പങ്കുവെക്കുന്നത്.പരസ്പര ഭിന്നമായ അഖ്യാനങ്ങൾഉണ്ടാകുമ്പോൾ,അത്തരമൊരു അന്വേഷണത്തിൽ നിന്നും പുറത്തുവന്ന മികച്ചൊരു രചനയാണ് ഈ നോവൽ.ആഴമേറിയ ചരിത്രബോധത്തിൽ നിന്നും ഉണ്ടായ രചനയാണിത്.ചരിത്രവസ്തുതകൾ വെട്ടി മായ്ക്കപ്പെടുന്ന ഇക്കാലത്ത് ഈ നോവൽ ഒരു പുനർവായന നടത്തുന്നു. ഒരു മഹാ ചരിത്ര സംഭവത്തിൽ ചരിത്രകാരന്മാരും എഴുത്തുകാരും കാണാതെ പോയ പ്രാദേശിക സംഭവങ്ങളും പോരാട്ടങ്ങളും അടയാളപ്പെടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത.മലബാർ കലാപവുമായി ബന്ധപ്പെട്ട പുസ്തകങ്ങളും,അക്കാലത്തെ ജന്മിമാരായ ഇന്നത്തെ അരീക്കോട്, ഊർങ്ങാട്ടിരി,കീഴുപറമ്പ് പഞ്ചായത്തുകൾ ഉള്ള ഇല്ലങ്ങൾ സന്ദർശിച്ച് പൂർവികർ വാമൊഴിയായി പകർന്നു നൽകിയ ലഹളാനുഭവങ്ങൾ ശേഷക്കാരിൽ നിന്ന് നേരിട്ട് കേട്ടതുമാണ് ഈ രചനയുടെ പ്രചോദനവും അടിസ്ഥാനവും.അസാധാരണമായ ഊർജ്ജത്തോടെയും ധൈര്യത്തോടെയും എഴുതിയ ഒരു പഠന ഗ്രന്ഥം.വിചിത്രങ്ങളായ അടരുകളുള്ള ഒരു ഏറനാട്ടുകാരന്റെ അനുഭവ സമുച്ചയം.പരമാവധി ചുരുക്കാൻ ശ്രമിച്ചിട്ടും 240 ലേറെ പേജുകളിലായി വിന്യസിക്കപ്പെട്ടിരിക്കുന്നു.പുസ്തകം വലിയൊരു കാലഘട്ടത്തിൻ്റെ ചരിത്രം തന്നെയാണ് അനാവരണം ചെയ്യുന്നത്. ശരിക്കും ഗഹനമായ ഒരു പഠന ഗ്രന്ഥം.
പുതിയ തലമുറ വായനക്കാർ മലബാർ ചരിത്രം ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്.അതിനുള്ള ഒരു ചരിത്ര ദൗത്യമാണ് ഈ നോവൽ.
Post a Comment