മണ്ണാര്‍ക്കാട് :അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം നാളെ മുതല്‍ 14വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പൂരാഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.നാളെ വെള്ളിയാഴ്ചയാണ് പൂരംപുറപ്പാട്. രാവിലെ ആറിന് ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ തന്ത്രികചടങ്ങുകള്‍ക്കും പൂജകള്‍ക്കും ശേഷമാണ് ആഘോഷം നടക്കുക. വൈകിട്ട് ആറിന് മണ്ണാര്‍ക്കാട് മെഗാതിരുവാതിര ഗ്രൂപ്പ് അവതരിപ്പിക്കുന്ന കോലാട്ടം കൈകൊട്ടിക്കളി, തിരുവാതിരക്കളി നടക്കും. 7.30ന് നടക്കുന്ന ചടങ്ങില്‍ ആലിപ്പറമ്പ് ശിവരാമപൊതുവാളിന്റെ സ്മരണാര്‍ഥമുള്ള വാദ്യപ്രവീണ പുരസ്‌കാരം മേളം കലാകാരന്‍ ചെറുശ്ശേരി കുട്ടന്‍മാരാര്‍ക്ക് സമ്മാനിക്കും.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക പുരസ്‌കാരം സമര്‍പ്പണം നടത്തും.ക്ഷേത്രം മാനേജിങ് ട്രസ്റ്റി കെ.എം ബാലചന്ദ്രനുണ്ണി പൊന്നാടയണിയിക്കും. സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനെടം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മോഹന്‍ദാസ്, കാര്‍ഷിക രംഗത്ത് സമഗ്രസംഭാവനയ്ക്ക് ജോസ് ചീരക്കുഴി എന്നിവരെ ആദരിക്കും.തുടര്‍ന്ന് ചേറുംകുളം ഉണര്‍വും ശ്രീഭദ്രാപുരി സംഘവും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി അരങ്ങേറും. രാത്രി 11 മുതല്‍ 12 മണി വരെ പൂരംപുറപ്പാടും ആറാട്ടെഴുന്നെള്ളിപ്പും തുടര്‍ന്ന് മേളം - ഇടയ്ക്ക പ്രദക്ഷിണവും നടക്കും. രണ്ടാം പൂരം മുതല്‍ ചെറിയാറാട്ട് വരെ നിത്യേന രാവിലെ ഒമ്പത് മണി മുതല്‍ 12 മണിവരെ ആറാട്ടെഴുന്നെള്ളിപ്പ്, മേളം, നാദസ്വരം വൈകിട്ട് നാലര മുതല്‍ അഞ്ചര വരെ നാദസ്വരം, അഞ്ചര മുതല്‍ ഏഴര വരെ തായമ്പക, തുടര്‍ന്് കൊമ്പ്, കുഴല്‍പറ്റ്, രാത്രി 10 മണി മുതല്‍ ആറാട്ടെഴുന്നെള്ളിപ്പ് മേളം, ഇടയ്ക്ക പ്രദക്ഷിണം, രാത്രിയില്‍ വിവിധ കലാപരിപാടികളും നടക്കും. മൂന്നാം പൂരദിനമായ ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് പൂരത്തിന് കൊടിയേറും. ചെറിയ ആറാട്ട് ദിവസമായ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ ക്ഷേത്രാങ്കണത്തില്‍ ആനച്ചമയ പ്രദര്‍ശനമുണ്ടാകും. വ്യാഴാഴ്ചയാണ് വലിയാറാട്ട്. രാവിലെ എട്ടര മുതല്‍ ആറാട്ടെഴുന്നെള്ളിപ്പ് നടക്കും. തുടര്‍ന്ന് കേരളത്തിലെ പ്രഗത്ഭരായ വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം അരങ്ങേറും. രാവിലെ 11 മണിമുതല്‍ ഒരു മണി വരെ കുന്തിപ്പുഴ ആറാട്ടുകടവില്‍ കഞ്ഞിപ്പാര്‍ച്ച നടക്കും. രാത്രി 9മണി മുതല്‍ ആറാട്ടെഴുന്നെള്ളിപ്പിനെ തുടര്‍ന്ന് നൂറോളം കലാകാരന്‍മാരുടെ പാണ്ടിമേളവും ശേഷം ഇടയ്ക്ക പ്രദക്ഷിണം കാഴ്ചശീവേലിയുമുണ്ടാകും. കുടമാറ്റവുമുണ്ടാകും. വെള്ളിയാഴ്ചയാണ് ചെട്ടിവേല. വൈകിട്ട് മൂന്ന് മണി മുതല്‍ നാല് മണി വരെ യാത്രാബലി തന്ത്രിക ചടങ്ങുകള്‍ നടക്കും. നാലിന് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ സ്ഥാനീയ ചെട്ടിയാന്‍മാരെ ആനയിക്കും. ദേശവേലകളും വര്‍ണാഭമായ ഘോഷയാത്രയുമുണ്ടാകും. ആറരയ്ക്ക് ദീപാരാധന, ഏഴു മുതല്‍ എട്ട് മണി വരെ ആറാട്ട് തുടര്‍ന്ന് 21 പ്രദക്ഷിണത്തിന് ശേഷം ഉത്സവത്തിന് കൊടിയിറക്കും. വാര്‍ത്താ സമ്മേളനത്തില്‍ പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി സച്ചിദാനന്ദന്‍, ജനറല്‍ സെക്രട്ടറി എം. പുരുഷോത്തമന്‍, ട്രഷറര്‍ പി.കെ മോഹന്‍ദാസ്, വൈസ് പ്രസിഡന്റുമാരായ ശ്രീകുമാര്‍ കുറുപ്പ്, പി.ചന്ദ്രശേഖരന്‍, വി.എം സുരേഷ് വര്‍മ്മ, ഡോ.രാജന്‍ പുല്ലങ്കാട്ടില്‍,ജോയിന്റ് സെക്രട്ടറിമാരായ പി.ഗോപാലകൃഷ്ണന്‍, ശ്രീകുമാര്‍ കിഴിയേടത്ത്, ശിവപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണാർക്കാട് പൂരം ആഘോഷത്തിന് നാളെ തുടക്കം
The present
0
Post a Comment