നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൈലന്റ് വാലി സന്ദർശിച്ചു


 കാഞ്ഞിരപ്പുഴ:പൊറ്റശ്ശേരി ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ നേച്ചർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൈലന്റ് വാലി സന്ദർശിച്ചു. കാടകത്തിന്റെ സൗന്ദര്യവും നിത്യവിസ്മയവും തേടി കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനമികവുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ട 25 വോളന്റിയർമാരും അദ്ധ്യാപകരുമാണ് നിശബ്ദ താഴ് വരയിൽ എത്തിയത്.കഴിഞ്ഞ രണ്ടുവർഷങ്ങളിലായി ലഭിച്ച പ്രകൃതിപാഠങ്ങളുടെ തുടർപഠനമെന്നോണമാണ് ഇന്ത്യയിലെതന്നെ അതി പ്രശസ്തമായ ദേശിയോദ്യാനമായ സൈലന്റ് വാലിയെ അതിന്റെ ജൈവവൈവിദ്ധ്യവും ഭൂമിശാസ്ത്രവും കൂടുതൽ മനസ്സിലാക്കാൻ തിരഞ്ഞെടുത്തത്. നിശബ്ദ താഴ്വരയുടെ ഹൃദയഭൂമികയെക്കുറിച്ചും അതിന്റെ അനന്യ വിസ്മയങ്ങളെക്കുറിച്ചും ഫോറെസ്റ്റ് വാച്ചർ മാരി വിദ്യാർത്ഥികൾക്കും മുന്നിൽ വിശദീകരിച്ചു.മനുഷ്യർ പ്രകൃതിയെ അന്യവൽക്കരിക്കുന്ന ഈ കെട്ടകാലത്ത് കുട്ടികളെ ക്ലാസ്സ്‌മുറികളുടെ നാലുചുവരുകൾക്കപ്പുറം പ്രകൃത്യംബയുടെ മടിത്തട്ടിലെത്തിക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസമെന്ന് പ്രിൻസിപ്പൽ പി. സന്തോഷ്‌കുമാർ അഭിപ്രായപ്പെട്ടു. മധ്യവേനലവധിയിൽപ്പോലും ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച നേച്ചർ ക്ലബ്‌ കോ -കോർഡിനേറ്റർ ജിഷ്ണു വർധനനെയും ക്ലബ്‌ പ്രവർത്തകരെയും അദ്ദേഹം അനുമോദിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട കവി സുഗതകുമാരിറ്റീച്ചറെപോലുള്ളവരുടെ പോരാട്ടത്തിന്റെ ഫലമായാണ് നമുക്കിന്ന് ഈ സ്വർഗ്ഗഭൂമികയുടെ വശ്യമായ സൗന്ദര്യം നുകരാൻ കഴിയുന്നതെന്ന് 2024 ലെ സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് മൈക്കിൾ ജോസഫ്. പി. ജെ. തന്റെ സന്ദേശത്തിൽ കുട്ടികളോട് പറഞ്ഞു.ടീം പൊറ്റശ്ശേരിയെ സംബന്ധിച്ച് പ്രകൃതി പഠനത്തിന്റെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളിൽ പ്രകൃതിക്കൊപ്പം സഞ്ചരിക്കുന്നതിന്റെ ഒടുങ്ങാത്തകൗതുകം എത്തിക്കാൻ കഴിയുന്നത് ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതി പഠനയാത്രയ്ക്ക് നേച്ചർ ക്ലബ്‌ കോർഡിനേറ്റർ ഭൂമിശാസ്ത്ര അദ്ധ്യാപകൻ ജിഷ്ണു വർധനൊപ്പം അദ്ധ്യാപകരായ മഞ്ജു. പി. ജോയ്, കെ. സി. മുരുകൻ, സ്കൂൾ ചെയർമാൻ. വി. അജിൻ, നേച്ചർ ക്ലബ്ബ് ലീഡേഴ്‌സ് ആയ എൻ. ആർ. നിരഞ്ജൻ, എം. അർച്ചന, എം. മീര, റിസാൻ, ശ്യാംലാൽ, എം. രമ്യശ്രീ, അഭിജിത്, അമൃത, അമൽ, തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post