എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര ഐക്യദാർഡ്യ സമ്മേളനം പി.യു.സി.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എ.പൗരൻ ഉദ്ഘാടനം ചെയ്തു

 

പാലക്കാട്‌ :എലപ്പുള്ളി പഞ്ചായത്തിലെ മണ്ണുക്കാട് പ്രദേശത്ത് വരുന്ന കാർഷിക മേഖലയെ തകർക്കുന്ന ജലക്ഷാമം രൂക്ഷമാക്കുന്ന മദ്യനിർമ്മാണ കമ്പനി ഭൂഗർഭജലം ഊറ്റിയെടുത്തും മാലിന്യങ്ങൾ പുറംതള്ളിയും അസ്സഹനീയമായ ദുർഗന്ധം പരത്തിയും എലപ്പുള്ളിയിലെ ജന ജീവിതത്തെ ദുരിത പൂർണ്ണമാക്കുമെന്ന് പി.യു.സി.എൽ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എ. പൗരൻ അഭിപ്രായപ്പെട്ടു.എലപ്പുള്ളി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച എലപ്പുള്ളി ബ്രൂവറി വിരുദ്ധ സമര ഐക്യദാർഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നീലം കർഷകരെ വെള്ളക്കാരുടെ ചൂഷണത്തിൽ നിന്നും രക്ഷിക്കുന്നതിന് ഗാന്ധിജി നടത്തിയ ചമ്പാരൻ സത്യാഗ്രഹത്തിന്റെ സ്മരണകൾ ഉയർത്തിക്കൊണ്ടാണ് കോർപ്പറേറ്റ് കുത്തകയായ മദ്യനിർമ്മാണ കമ്പനിക്കെതിരെയുള്ള സമരം നടക്കുന്നതെന്ന് തുടർന്ന് സംസാരിച്ച നേതാക്കൾ പറഞ്ഞു.രാമശ്ശേരി ഗാന്ധി ആശ്രമം ട്രസ്റ്റി പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ സമ്മേളനത്തിൽ എൻ.എ.പി.എം കൺവീനർ സി.ആർ. നീലകണ്ഠൻ, പഞ്ചായത്തീരാജ് മൂവ്മെൻ്റ് സംസ്ഥാന കോർഡിനേറ്റർ അഡ്വ.ജോൺ ജോസഫ്, കേരള സർവ്വോദയ മണ്ഡലം സംസ്ഥാന പ്രസിഡന്റ് റ്റി.ബാലകൃഷ്ണൻ,ഭാരതപ്പുഴ സംരക്ഷണ സമിതി ചെയർമാൻ അഡ്വ കൊച്ചുകൃഷണൻ,പ്ലാച്ചിമട സമര ഐക്യദാർഡ്യ സമിതി സംസ്ഥാന ചെയർമാൻ അമ്പലക്കാട് വിജയൻ, എലപ്പുള്ളി പഞ്ചായത്ത് ഉപാധ്യക്ഷൻ എസ്. സുനിൽകുമാർ, വിളയോടി വേണുഗോപാലൻ,റ്റി.എം.വർഗ്ഗീസ്,ഡോ. ലക്ഷ്മി.ആർ.ചന്ദ്രൻ,എ.കെ. ഓമനക്കുട്ടൻ,ശിവരാജൻ,അശോക് പുലാപ്പറ്റ,കെ.അബ്ദുൾ അസീസ്, രാജീവ് കേരളശ്ശേരി,സജീഷ് കുത്തന്നൂർ, ബി.രാജേന്ദ്രൻ,ഇ.എ. ജോസഫ്, എം. സുലൈമാൻ, പുണ്യകുമാരി,വി.ചെന്താമരാക്ഷൻ, ശിവരാജേഷ്, അട്ടപ്പള്ളം ഗോപാലകൃഷ്ണൻ,ചിദമ്പരൻ കുട്ടി, നാരായണൻ,ആറുമുഖൻ പത്തിച്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.മണ്ണുക്കാട് ബ്രൂവറി വിരുദ്ധ സമരസമിതി ചെയർമാൻ ജയകുമാർ. എം സ്വാഗതവും ജനറൽ കൺവീനർ സുഭാഷ് മണ്ണുക്കാട് നന്ദിയും പറഞ്ഞു.പ്ലാച്ചിമടകൾ ആവർത്തിക്കാതിരിക്കാനും ഭൂഗർഭജലം ഊറ്റിയെടുത്ത് കർഷകരുടെ കുഴൽ കിണറുകളും കുടിവെള്ള പദ്ധതി കുഴൽ കിണറുകളും വറ്റിപ്പോവാതിരിക്കാനും മണ്ണുക്കാട് പ്രദേശത്തെ ജനങ്ങൾ ഒറ്റക്കെട്ടായി അതിജീവന സമരത്തിലാണ്.ഒരു ദിവസം 40 ലക്ഷം ലിറ്റർ ജലം ഉപയോഗിച്ച് പ്രവർത്തിക്കുന്ന 600 കോടി രൂപ മുതൽമുടക്കുള്ള  വൻകിട മദ്യനിർമ്മാണ കമ്പനിക്കാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. പ്ലാച്ചിമട കൊക്കകോള കമ്പനിയുടെ 8 ഇരട്ടി വെള്ളം ഊറ്റിയെടുക്കുന്ന, 8 ഇരട്ടി മാലിന്യങ്ങൾ പുറംതള്ളുന്ന, വായു മലിനീകരണം നടത്തുന്ന,അസ്സഹനീയമായ ദുർഗന്ധം പരത്തുന്ന ഈ മദ്യക്കമ്പനി എലപ്പുള്ളി പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമാക്കുമെന്ന് പഞ്ചാബിലെ അനുഭവങ്ങൾ വെളിപ്പെടുത്തുന്നു.രാസമാലിന്യങ്ങളടങ്ങിയ 25 ലക്ഷം ടൺ വേസ്റ്റാണ് ഒരു വർഷം കമ്പനി പുറന്തള്ളുകയെന്ന് ശാസ്ത്രീയ പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.കുടിവെള്ളത്തിനും കൃഷിക്കുള്ള ജലസേചനത്തിനും കുഴൽ കിണറുകളെ ആശ്രയിക്കുന്ന സ്ഥലമാണ് എലപ്പുള്ളി. വേനൽക്കാലമായാൽ കുടിവെള്ളം ടാങ്കർ ലോറിയിൽ വിതരണം ചെയ്യുന്ന സ്ഥലമാണ് ചിറ്റൂർ മേഖല.കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ലും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കുന്ന എന്നാൽ ജലസേചന സൗകര്യം വളരെ കുറവുള്ളതുമായ പ്രദേശത്ത് വളരെയേറെ കഷ്ടപ്പെട്ടാണ് ഈ പ്രദേശത്തെ കർഷകർ കൃഷി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും മികച്ച കർഷകർക്കുള്ള അവാർഡുകൾ ലഭിച്ച നിരവധി കർഷകരുള്ള പ്രദേശമാണ് എലപ്പുള്ളി.ജനരോഷം കണക്കിലെടുക്കാതെ അടിച്ചേൽപ്പിക്കുന്ന ഈ മദ്യനിർമ്മാണ കമ്പനി പ്രവർത്തനം തുടങ്ങിയാൽ കൃഷി ആവശ്യത്തിനും, കുടിവെള്ള പദ്ധതികൾക്കും ധാരാളം കുഴൽ കിണറുകൾ പ്രവർത്തിക്കുന്നത് അവതാളത്തിലാകും.   വിവിധ ജില്ലകളിൽ നിന്നും പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പരിസ്ഥിതി - രാഷ്ട്രീയ - മനുഷ്യാവകാശ - ഗാന്ധിമാർഗ്ഗ പ്രവർത്തകർ ഐക്യദാർഡ്യ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post