മണികണ്ഠൻ ഏലംകുളം.
ചെർപ്പുളശ്ശേരി: മനുഷ്യത്വത്തിന്റെ കാരുണ്യ ഹസ്തവുമായി വീണ്ടും നാസർ തൂത..! നാടേതെന്നോ പേരെന്തെന്നോ പറയാൻ പോലും അറിയാതെ ചെർപ്പുളശ്ശേരി - പാലക്കാട് റോഡിലെ (26ൽ) കൈയിൽ എപ്പോഴോ ഉണ്ടായ മുറിവിൽ പുഴു അരിച്ച്, ഈച്ചകൾ പൊതിഞ്ഞ് അവശ നിലയിൽ കണ്ടെത്തിയ അജ്ഞാതനായ ആൾക്കാണ് നാസർ തൂത എന്ന മനുഷ്യസ്‌നേഹി കഴിഞ്ഞ ദിവസം രക്ഷകനായത്.മുറിഞ്ഞു തൂങ്ങി പുഴു അരിക്കുന്ന നിലയിലുള്ള വിരലുമായി തികച്ചും അവശ നിലയിൽ കണ്ടെത്തിയ അജ്ഞാതനായ ഇയാളുടെ മുറിവ് വൃത്തിയാക്കിക്കൊടുത്ത് നീണ്ടുവളർന്ന താടിയും മുടിയും വെട്ടി, ശരീരം വൃത്തിയാക്കിയ ശേഷം പുതിയ വസ്ത്രവും അണിയിച്ച് ആദ്യം ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും തുടർന്ന് 108 ആംബുലൻസ് വിളിച്ച് തുടർ ചികിത്സകൾക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുകയായിരുന്നുഅറപ്പോ വെറുപ്പോ ഇല്ലാതെയുള്ള തന്റെ സഹജീവി സ്നേഹം പ്രകടമാക്കുന്ന ഇത്തരം നിരവധി സംഭവങ്ങൾ ഇതിന് മുൻപും നാസർ തൂതയിലൂടെ സമൂഹം കണ്ടതാണ്. കൂടാതെ ആയിരക്കണക്കിന് പാവപ്പെട്ട മണവാട്ടിമാരുടെ സ്വപ്നം മാത്രമായിരുന്ന മനോഹരമായ വിവാഹ വസ്ത്രങ്ങൾ സൗജന്യമായി നൽകിക്കൊണ്ട് മാസങ്ങൾക്ക് മുൻപ് അഞ്ചാം വാർഷികം ആഘോഷിച്ച "നാസർ തൂത ഡ്രസ്സ് ബാങ്ക്" എന്ന സേവന കേന്ദ്രം ഇതിനോടകം തന്നെ പ്രശസ്തിയും ഏവരുടെയും പ്രശംസയും നേടുകയും ചെയ്തിരുന്നു.
Post a Comment