മാതാപിതാക്കളുടെ ഓർമക്കായി ദയ ചാരിറ്റബിൾ ട്രസ്റ്റിന് 40 സെന്റ് സ്ഥലം ദാനമായി നൽകി ദമ്പതികളുടെ മാതൃക

മണ്ണാർക്കാട് : നിർധന രോഗികൾക്ക് ദയ ഭവനങ്ങളും,മരുന്ന് നൽകൽ പദ്ധതിയും ഉൾപ്പടെ കേരളത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ദയാ ഭവന പദ്ധതിയിലേക്ക് 40 സെന്റ് സ്ഥലം ദാനമായി നൽകി ദമ്പതികൾ. മണ്ണാർക്കാട് വിയ്യക്കുറുശ്ശി സ്വദേശികളായ കേശവൻ നായരും ഭാര്യ മല്ലികയുമാണ് ട്രസ്റ്റിന്റെ വിശ്വാസ്യതയും സുതാര്യമായ ജീവകാരുണ്യ പ്രവർത്തന പരിപാടികളും കണക്കിലെടുത്ത് തങ്ങളുടെ മാതാപിതാക്കളായ കിഴക്കേക്കര മാധവി അമ്മയുടെയും പുത്തൻവീട്ടിൽ ചാമി നായരുടെയും സ്മരണാർത്ഥം ദയ ട്രസ്റ്റിനായി സ്ഥലം സംഭാവനയായി നൽകിയതെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
 അർഹരെ കണ്ടെത്തി ദയ വീട് നിർമ്മിച്ചു നൽകിയാൽ അത് പത്തോളം നിരാലംബ കുടുംബങ്ങൾക്ക് പ്രയോജനമാകുമെന്ന ആശ്വാസത്തിലാണ് ഭൂമി നൽകാൻ തീരുമാനിച്ചതെന്ന് ദമ്പതികൾ വ്യക്തമാക്കി. നിലവിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി തികച്ചും അർഹരായവർക്ക് 19 ദയാഭവനങ്ങൾ ദയ നിർമ്മിച്ചു നൽകിയിട്ടുണ്ട്.ഇരുപതാമത് ദയ ഭവനം പൂർത്തീകരണ ഘട്ടത്തിലാണ്.
 ഭവനരഹിതർക്ക് വീട് നിർമിക്കുക മാത്രമല്ല, വ്യത്യസ്തമായ ഓരോ കർമ പദ്ധതികളിലൂടെയും മാതൃക പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട് ഈ കൂട്ടായ്മ.കാസർകോഡ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ ദയ സഹായമെത്തിച്ചിട്ടുണ്ട്. പാലക്കാട്‌ ജില്ലയിലെ പത്തു പഞ്ചായത്തു കളിലായി നടത്തിയ കാരുണ്യ വിപ്ലവം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ ഇതിൽ ശ്രദ്ധേയമാണ്. 16 കോടിയോളം രൂപയുടെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഈ സംഘടന പാവപ്പെട്ടവർക്കും അവയവമാറ്റ ശാസ്ത്രക്രിയ ചെയ്ത രോഗികൾക്കും ഉൾപ്പടെ അനേകം സഹായങ്ങൾ നൽകുന്നുമുണ്ട്. വിയ്യക്കുർശി 'ദയ ഗ്രാമ'ത്തിലൂടെ ആദ്യ ഭവനം ദയ അവയവ സ്വീകർത്താക്കൾക്ക് മരുന്നു നൽകൽ പദ്ധതിയിലെ ഗുണഭോക്താവ് മണികണ്ഠൻ മണ്ണാർക്കാടിന് നിർമിച്ചു നൽകും.ഭൂമിയുടെ രെജിസ്ട്രേഷൻ നടപടികൾ മണ്ണാർക്കാട് രജിസ്റ്റാർ ഓഫീസിൽ പൂർത്തിയാക്കി.ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ്,ട്രഷറർ ശങ്കർ.ജി.കോങ്ങാട്, ദയ മെമ്പർ എം.പുരുഷോത്തമൻ,കേശവദാസ് നായർ,രാജലക്ഷ്മി.പി,മല്ലിക കേശവദാസ്, രാജേശ്വരി മണ്ണാർക്കാട് തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

أحدث أقدم