പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിശ്രീരഞ്ജിനി ആലപിച്ച ചലച്ചിത്ര ഗാനം


കോങ്ങാട് :പാലക്കാട് ജില്ലയിലെ ഒരു കൂട്ടം കലാകാരന്മാരുടെ സമർപ്പണത്തോടെ ഇ.എസ്.സുധീപ് സംവിധാനം ചെയ്ത   
ടു ബി എച്ച് കെ എന്ന ഗ്രാമീണ സിനിമയിലെ അസർ മുല്ലപൂവുപോൽ ഒരു കുഞ്ഞു താരകം..എന്ന ഗാനം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറുന്നു.സൈതലവി കൊളത്തൂർ രചിച്ച ഈ ഗാനം 
കോങ്ങാട് മാഞ്ചീരിക്കാവ് സി വി കൃഷ്ണകുമാറിന്റെ പുത്രി   
ശ്രീരഞ്ജിനിയാണ് ആലപിച്ചിട്ടുള്ളത്. ചിത്രത്തിന്റെ നിർമാണവും സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളതും കൃഷ്ണകുമാറാണ്.
അച്ഛന്റെ സിനിമയിൽ തന്നെ ആദ്യമായി പാടിയ ഗാനം സ്വീകാര്യമായതിന്റെ സന്തോഷത്തിലാണ് മകൾ ശ്രീരഞ്ജിനി.
മതമൈത്രിയുടെ സന്ദേശമായും അർത്ഥവത്തായ വരികളാലും ആകർഷകമായ ഈണത്താലും ഈ ഗാനം ആസ്വാദകരുടെ മനം കവരുകയാണ്.കർണാട്ടിക് സംഗീതത്തിന്റെ അകമ്പടിയിൽ മലയാള സിനിമയിൽ ആദ്യമായിട്ടൊരു ക്ലാസിക്കൽമാപ്പിളപാട്ട്
എന്ന പ്രത്യേകതയും ഇതിനുണ്ട്.ഹൃദയം എന്ന ചിത്രത്തിൽ ഉണക്കമുന്തിരിയെന്ന ഗാനത്തിലൂടെ ക്യാമറക്ക് മുന്നിലെത്തിയ വൈഷ്ണവി കല്യാണിയാണ്
ചിത്രത്തിലെ നായിക.മധു ബാലകൃഷ്ണന്റെ ഭാവസാന്ദ്രമായ ഒരു മെലഡി ഗാനവും മണികണ്ഠൻ പെരുമ്പടപ്പ് ആലപിച്ച ഒരു നാടൻ പാട്ടും കൂടി ഈ ചിത്രത്തിൽ ഉണ്ട്.
കോങ്ങാട്,കേരളശ്ശേരി,
മണിക്കശ്ശേരി,കല്ലടിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ ചിത്രീകരിച്ചതാണ് ടു.ബി.എച്ച്.കെ എന്ന ജനകീയ സിനിമ.
ജില്ലയിലെ ഒരു സംഘം കലാകാരന്മാരുടെ കലയോടുള്ള സമർപ്പണവും സ്നേഹവുമാണ് ചിത്രം തിയേറ്ററിൽ എത്തിക്കാൻ സഹായകമായത്.രണ്ടാഴ്ചക്കുള്ളിൽ കേരളത്തിലെ മറ്റു തീയേറ്ററുകളിലും ചിത്രം പ്രദർശനത്തിനെത്തുമെന്ന്
കൃഷ്ണകുമാർ പറഞ്ഞു.

Post a Comment

أحدث أقدم