മണ്ണാർക്കാട്: മണ്ണാർക്കാട് കല്ലടി ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് രണ്ടു ദിവസങ്ങളായി നടന്ന സബ് ജില്ല ലിറ്റില്‍ കൈറ്റ്സ് ക്യാമ്പ് സമാപിച്ചു.
ക്യാമ്പിൽ മണ്ണാർക്കാട് ഡി.ഇ.ഒ. ജയരാജ്, എ.ഇ.ഒ. അബൂബക്കർ എന്നിവർ സംബന്ധിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് ആവേശമായി.
സമ്പൂർണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങൾ ഈ വര്‍ഷത്തെ ലിറ്റില്‍ കൈറ്റ്സ് ഉപജില്ലാ ദ്വിദിന ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.15 വിദ്യാലയങ്ങളിൽ നിന്നുള്ള ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന തിരഞ്ഞെടുത്ത 110 പേർ പങ്കെടുത്തു.
ആനിമേഷന്‍, പ്രോഗ്രാമിംഗ് എന്നീ മേഖലകളിലെ പ്രവർത്തനങ്ങളാണ് ക്യാമ്പിലെ ഉള്ളടക്കം.
ഈ വര്‍ഷം മുതലാണ് എ.ഐ. ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്.
ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികള്‍ ലഘുകഥകളെ അടിസ്ഥാനമാക്കി ഓപ്പൺ ടൂൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് അനിമേഷന്‍ സിനിമകള്‍ തയ്യാറാക്കി. കെഡിയെൻ ലൈവ് സോഫ്റ്റ്വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ്വെയറായ ബ്ലെന്‍ഡര്‍ ഉപയോഗിച്ച് അനിമേഷൻ ടൈറ്റില്‍ തയാറാക്കൽ എന്നീ പ്രവര്‍ത്തനങ്ങളും പരിശീലിച്ചു.പ്രോഗ്രാമിംഗ് വിഭാഗത്തിൽ പിക്റ്റോബ്ലാക്ക് സോഫ്റ്റ്വെയര് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം, നിർമ്മിതബുദ്ധി, റോബോട്ടിക്സ് എന്നിവ അടിസ്ഥാനമാക്കി മുഖം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം തുടങ്ങിയവ കുട്ടികൾ തയ്യാറാക്കി.
പൂർണമായും സ്വതന്ത്ര സോഫ്റ്റവെയർ ഉപയോഗപ്പെടുത്തിയുള്ളതായിരുന്നു ക്യാമ്പിലെ മൊഡ്യൂള്‍.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ കൈറ്റ് വിതരണം ചെയ്തിട്ടുള്ള ആർഡിനോ റോബോട്ടിക് കിറ്റ് പ്രയോജനപ്പെടുത്തിയാണ് പ്രോഗ്രാമിംഗ് വിഭാഗത്തിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.സെപ്റ്റംബര്‍ മാസത്തിൽ നടന്ന സ്കൂള്‍തല ക്യാമ്പുകളിൽ നിന്നും പ്രവർത്തന മികവിന്റെയടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തത്.
കൈറ്റ് തയ്യാറാക്കിയ മൊഡ്യൂൾ അടിസ്ഥാനമാക്കി മാസ്റ്റർ ട്രൈനെർമാരായ പി. ലിവിൻ പോൾ ,എം. കെ. ഇഖ്ബാൽ, ഡോക്ടർ അബ്ദുൽ ലതീഫ് എന്നിവരുടെ നേതൃത്വത്തിൽ പാലക്കാട് ജില്ല കൈറ്റ് ഓഫീസിൽ വെച്ച് നടന്ന രണ്ട് ദിവസത്തെ പ്രത്യേക പരിശീലനം നേടിയ കൈറ്റ് മാസ്റ്റർമാരായ കെ. ബഷീർ, എ.സുനിത, ആർ.ഷമീർ, ബിജു കൃഷ്ണ, പി.ഷഹീദ എന്നിവരാണ് സ്കൂൾ ക്യാമ്പിൽ കുട്ടികൾക്ക് പരിശീലനം കൊടുത്തത്.
സബ്ജില്ലാ ക്യാമ്പില്‍ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലും തുടര്‍ന്ന് സംസ്ഥാന ക്യാമ്പിലും പങ്കെടുപ്പിക്കും.
إرسال تعليق