പെൻഷനേഴ്സ് യൂണിയൻ ജില്ലാ കലാമേളയിൽ ശ്രദ്ധേയരായികരിമ്പയിലെ ഒപ്പന ടീം

കല്ലടിക്കോട് :ഔദ്യോഗിക ജോലികളിൽ നിന്നുള്ള വിരമിക്കലിനു ശേഷം
ജീവിതം വരണ്ടുണങ്ങിപ്പോകാതെ ഉള്ളിലെ കലാമികവിനെ നനവോടെ നിലനിർത്താനും തേച്ചുമിനുക്കി സഹൃദയർക്ക് മുന്നിൽ അവതരിപ്പിക്കാനും കൂട്ടായ്മകൾ നൽകുന്ന പിന്തുണയും അവസരവും ചെറുതല്ല.
അതിലൊന്നായിരുന്നു കൂറ്റനാട് സമാപിച്ച കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കലാമേള.നൂറുകണക്കിന് മത്സരാർഥികൾ വിവിധ വിഭാഗങ്ങളിലായി പങ്കെടുത്ത കലാമേള മുതിർന്ന പൗരന്മാർക്കും കാഴ്ചക്കാർക്കും നവ്യാനുഭവമായി. നൃത്തവും പാട്ടും രംഗാവതരണങ്ങളുമൊക്കെയായി ഒരു ദിവസം നീളുന്നതായിരുന്നു കലാമേള.കവിയും ഉജ്ജ്വല പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മാസ് ഓഡിറ്റോറിയത്തിൽ നടന്ന കലാ മേളയിൽ മണ്ണാർക്കാട് ബ്ലോക്കിലെ കരിമ്പ ഒപ്പന ടീം അവതരണത്തിൽ മികവ് പുലർത്തി. ജയപ്രകാശ് പി.സി,ബീന,സാബിറ, സാറാമ്മ,കോമളവല്ലി,വത്സല,ലക്ഷ്മി, ഡെയ്സി സെബാസ്റ്റ്യൻ,സാവിത്രി തുടങ്ങിയ കരിമ്പ യൂണിറ്റ് കെ എസ് എസ് പി യു അംഗങ്ങളാണ് ഒപ്പന അവതരിപ്പിച്ചത്.കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം രാമകൃഷ്ണൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ബാലകൃഷ്ണൻ, കെ.മോഹൻദാസ്,കെ.സി.സത്യഭാമ, വൈസ് പ്രസിഡന്റ്‌ കെ.എം.ശിവദാസൻ,കെ.ചന്ദ്രൻ തുടങ്ങിയവർ കരിമ്പയിൽ നിന്നുള്ള കലാ സംഘത്തിന് നേതൃത്വം നൽകി.

Post a Comment

أحدث أقدم