ജില്ലയിൽ മൃഗാശുപത്രികളിൽ മരുന്നു ക്ഷാമം:പലയിടത്തും കുത്തിവയ്പ്പ് പൂർണമായും നിലച്ചു.

മണ്ണാർക്കാട് :പ്രതിരോധ കുത്തിവയ്പ്പിന്റെ മരുന്നിനു നേരിടുന്ന ക്ഷാമം കാരണം ജില്ലയിൽ വളർത്തു നായ്ക്കളുടെ പേവിഷബാധ പ്രതിരോധം കടുത്ത പ്രതിസന്ധിയിലേക്ക്. ജില്ലയിൽ മിക്ക മൃഗാശുപത്രികളിലും മരുന്നു ക്ഷാമം രൂക്ഷമാണ്. പലയിടത്തും കുത്തിവയ്പ്പ് പൂർണമായും നിലച്ചു. സംസ്ഥാനത്തു മൃഗാശുപത്രികളിലേക്കു മരുന്ന് എത്തിക്കുന്ന തിരുവനന്തപുരത്തെ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിലും പ്രതിരോധ മരുന്നിനു ക്ഷാമം നേരിടുന്നുണ്ടെന്നാണു വിവരം. 

വളർത്തുനായ്ക്കളെ വർഷത്തിൽ ഒരുതവണയാണു കുത്തിവയ്പ്പിനു വിധേയമാക്കേണ്ടത്. റജിസ്ട്രേഷൻ നടപടികൾ‍ക്ക് ഉടമ ചെലവഴിക്കേണ്ടതു 45 രൂപ. കുത്തിവയ്പ്പ് പൂർത്തിയായാൽ ഉടമകൾക്കു മൃഗാശുപത്രിയിൽ നിന്നു സർട്ടിഫിക്കറ്റ് നൽകും. ജില്ലയിൽ അര ലക്ഷത്തിലേറെ വളർത്തു നായ്ക്കൾ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 




അതേസമയം, തെരുവുനായ്ക്കളുടെ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പിനു തടസ്സമില്ലെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. തെരുവുനായ ജനന നിയന്ത്രണ പദ്ധതിക്കു (എബിസി പ്രോഗ്രാം) വിധേയമാക്കാൻ എത്തിക്കുന്ന നായ്ക്കൾക്ക് ഇതോടൊപ്പമാണു പേവിഷ പ്രതിരോധ കുത്തിവയ്പ്പു കൂടി പൂർത്തിയാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയാണ് മരുന്ന് എത്തിക്കുന്നത്.

Post a Comment

أحدث أقدم