സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് കെഎസ്ഇബിയും;

തിരുവനന്തപുരം: വൈദ്യുതി ബിൽ അടയ്‌ക്കാത്ത സർക്കാർ – പൊതുമേഖല സ്ഥാപനങ്ങൾ ഇരുട്ടിലായേക്കും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ഇതുവരെയും ബില്ലടയ്‌ക്കാത്ത സ്ഥാപനങ്ങളുടെ ഫ്യൂസ് ഊരാൻ അനുമതി തേടി കെഎസ്ഇബി സർക്കാരിനെ സമീപിച്ചത്. എന്നാൽ ബോർഡിന് കുടിശ്ശിക വരുത്തിയ സർക്കാർ ആശുപത്രികളുടെ വൈദ്യുതി വിച്ഛേദിക്കില്ല. വാട്ടർ അതോറിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ ഫ്യൂസ് ഉൗരാൻ അനുവദിക്കണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.

വാട്ടർ അതോറിറ്റി ഒരു മാസം ബില്ലിനത്തിൽ നൽകേണ്ടത് 37 കോടി രൂപയാണ്. ഏകദേശം 1500 കോടിരൂപയാണ് കുടിശ്ശിക ഇനത്തിൽ ഇതുവരെ കെഎസ്ഇബിക്ക് വാട്ടർ അതോറിറ്റി നൽകാനുള്ളതെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശികയുടെ കാര്യത്തിൽ ഒരു അടിയന്തര തീരുമാനം കൈക്കൊള്ളാനും കെഎസ്ഇബിയുടെ സാമ്പത്തിക സ്ഥിതി സർക്കാരിനെ അറിയിക്കാനും ബോർഡ് തീരുമാനിച്ചത്.വാട്ടർ അതോറിറ്റിയുടെ കണക്ഷൻ വിഛേദിക്കാനുള്ള മുൻഗണന നിശ്ചയിക്കാൻ കുടിശിക നിവാരണ സെല്ലിനെ കെഎസ്ഇബി ബോർഡ് ചുമതലപ്പെടുത്തി. സർക്കാർ നിർദ്ദേശ പ്രകാരമുള്ള എസ്‌ക്രോ കരാർ അക്കൗണ്ട് രൂപീകരിക്കാൻ വാട്ടർ അതോറിറ്റി തയ്യാറാകാത്തതാണ് കാരണം. കെഎസ്ഇബിയുടേയും വാട്ടർ അതോറിറ്റിയുടെയും ഇടപാടുകൾക്ക് വേണ്ടിയാണ് സർക്കാർ എസ്‌ക്രോ അക്കൗണ്ട് രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചത്. എസ്‌ക്രോ കരാറുമായി ഒത്തുപോകാൻ വാട്ടർ അതോറിറ്റി തയ്യാറായില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന കടുത്ത നിലപാടിലാണ് കെഎസ്ഇബി.

Post a Comment

أحدث أقدم