അഞ്‌ജലി വേത്തൂർ ഐ എസ് സി അബുദാബി യുവജനോത്സവം കലാതിലകം

അബുദാബി ; ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ നടത്തിയ യു എ ഇ തല ഓപ്പൺ യുവജനോത്സവത്തിൽ കാസർഗോഡ് അണങ്കൂർ സ്വദേശി അഞ്ജലി വേത്തൂർ കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. യു എ ഇ യുടെ വിവിധ എമിറേറ്റ്സുകളിൽ നിന്നുള്ള കുട്ടികളെ പിന്തള്ളിയാണ് അഞ്ജലി കലാതിലകമായത്. അൽ ഖെയിൽ ജെംസ് ന്യൂ മില്ലേനിയം സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ചു മിടുക്കി പഠനത്തോടൊപ്പം സംഗീതത്തിലും, നൃത്തത്തിലും, നാടക അഭിനത്തിലുമെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ച് വരുന്നത്.

മലയാളം മിഷൻ ആഗോള തലത്തിൽ നടത്തി വരുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ മേഖലാതലത്തിലും ചാപ്റ്റർ തലത്തിലും പല തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ആഗോള തലമത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പത്തുപേരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ചുവരുന്ന ഭരത് മുരളി നാടകോത്സവത്തിൽ കല അബുദാബി അവതരിപ്പിച്ച 'അർദ്ധനാരീശ്വരനിലെ' അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു.

ഭരത് മുരളി നാടകോത്സവത്തിൽ തന്നെ സുരേഷ് ബാബു ശ്രീസ്ഥയുടെ രചനയ്ക്ക് ഷിനിൽ വടകര രംഗഭാഷ്യം നൽകിയ 'മക്കൾ കൂട്ടം' എന്ന നാടകത്തിൽ വിശപ്പിന്റെ വിളിയറിഞ്ഞ ഒരു ആദിവാസി ബാലികയുടെ ജീവസ്സുറ്റ കഥാപാത്രം അവതരിപ്പിച്ച അഞ്ജലി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജിനോ ജോസഫ് സംവിധാനം ചെയ്ത 'ദ സ്റ്റേജ്' എന്ന നാടകത്തിലും മികച്ച അഭിനയം കാഴ്ചവെവെച്ചിരുന്നു.

നാടകത്തിലുപരി ഹ്രസ്വ ചിത്രങ്ങളിലും തന്റെ അഭിനയ പാടവം തെളിയിച്ചിട്ടുണ്ട്. നവനീത് രഞ്ജിത്തും നിഹാര സജീവും സംയുക്തമായി രചനയും സംവിധാനവും നിർവ്വഹിച്ച 'ഹൃദയവും' എന്ന സംഗീത ആൽബത്തിലാണ് ആദ്യമായ് അഭിനയിച്ചത്. രഹാം സംവിധാനം ചെയ്ത മോമെന്റ്റ് ഓഫ് ലവ്, കുഞ്ഞിമോൻ താഹ സംവിധാനം ചെയ്ത അവരുടെ അതിഥികൾ എന്നീ ഹ്രസ്വ ചിത്രങ്ങളിലും അഞ്ജലി വേഷമിട്ടിട്ടുണ്ട്.

കേരള സോഷ്യൽ സെന്ററും അബുദാബി മലയാളി സമാജവും സംഘടിപ്പിക്കുന്ന യുവജനോത്സവങ്ങളിൽ നിറസാന്നിധ്യമാവാറുള്ള അഞ്ജലി അബുദാബി മലയാളി സമാജം യുവജനോത്സവത്തിൽ ഗ്രൂപ്പ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.പ്രവാസ സംഘടനകൾ നടത്തുന്ന യുവജനോത്സവങ്ങളിളിലും സ്‌കൂൾ തലമത്സരങ്ങളിലും സ്ഥിരസാന്നിധ്യമായ അഞ്ജലി വാരിക്കൂട്ടിയ സമ്മാനങ്ങൾക്ക് കയ്യും കണക്കുമില്ല എന്നുതന്നെ പറയാം. അബുദാബിയിലെ കാസര്കോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ ജനറൽ സെക്രട്ടറി കൂടിയാണ് അഞ്ജലി.കാസർഗോഡ് അണങ്കൂർ സ്വദേശിയായ വേണുഗോപാലൻ നമ്പ്യാരുടെയും രജി വേണുഗോപാലന്റെയും മകളാണ് അഞ്ജലി. സഹോദരൻ അമൃത് ചെന്നൈയിൽ എം ബി ബി എസ്സിന് പഠിക്കുന്നു

Post a Comment

أحدث أقدم