ഒറ്റപ്പാലം : നാലുമാസം മുൻപു വരെ വീട്ടുമുറ്റം നിറയെ കോഴികളായിരുന്നു. ഘട്ടംഘട്ടമായി നൂറിലേറെ കോഴികളെ കൂട്ടത്തോടെ കടിച്ചുകൊന്ന തെരുവുനായ്ക്കൾ ഉപജീവനം മുട്ടിച്ചു. ജീവിതമാർഗം വഴിമുട്ടിയ കഥ വാണിയംകുളം കോതയൂർ എരഞ്ഞിക്കൽ ബൽക്കീസ് (39) വേദനയോടെ പങ്കുവയ്ക്കുന്നു.
കഴിഞ്ഞദിവസം രാത്രി കൂടു പൊളിച്ച് അകത്തു കടന്ന നായ്ക്കൂട്ടം, വിലയേറിയ ഇനങ്ങളിൽപ്പെട്ടവ ഉൾപ്പെടെ 20 കോഴികളെയാണു കടിച്ചു കൊന്നത്. ശേഷിക്കുന്നതു പത്തോളം കോഴികൾ മാത്രം. അർബുദം ബാധിച്ചു ഭർത്താവ് മരിച്ചതിനു പിന്നാലെയാണു ബൽക്കീസ് കോഴി വളർത്തൽ ആരംഭിച്ചത്. കോളജ് വിദ്യാർഥികളായ 2 മക്കൾ ഉൾപ്പെട്ട കുടുംബത്തിന്റെ ജീവിതമാർഗമാണിത്. 1500 മുതൽ 2000 രൂപ വരെ വിലയുള്ള കോഴികളെയും നഷ്ടമായി.
4 മാസത്തോളമായി പത്തോളം തെരുവുനായ്ക്കളാണു പ്രദേശം കയ്യടക്കുന്നത്. ഇരുമ്പു നിർമിത കൂടുകൾ ഉൾപ്പെടെ തകർത്താണു നായ്ക്കൾ കോഴികളെ കൈക്കലാക്കുന്നത്. ഇവരുടെ അയൽവാസി പള്ളിയാലിൽ കാർത്യായനിയുടെ വീട്ടിലെ 5 കോഴികളെയും കഴിഞ്ഞ ദിവസം നായ്ക്കൂട്ടം കടിച്ചുകൊന്നു.
إرسال تعليق