പ്രശസ്ത ചിത്രകാരൻ എ.രാമചന്ദ്രൻ (89) അന്തരിച്ചു. ഏറെനാളായി ചികിത്സയിലായിരുന്നു. ഡൽഹിയിലായിരുന്നു അന്ത്യം.


 ഇന്ത്യന്‍ ഗ്രാമീണ ജീവിതത്തിന്‍റെ തനത് കാഴ്ചകള്‍ക്ക് വരയും വര്‍ണങ്ങളും പകര്‍ന്ന് ലോകത്തിന് മുന്‍പാകെ അവതരിപ്പിച്ച ഈ വിഖ്യാത ചിത്രകാരനെ 1980-ൽ ബോംബയിൽ നടന്ന ഒരു എക്സിബിഷനിലുടെയാണ്  മലയാളികൾ അറിഞ്ഞുതുടങ്ങുന്നത്. കുട്ടികൾക്കുള്ള പുസ്തകങ്ങളും കവറുകളും ചിത്രകഥകളും വരച്ചിട്ടുണ്ട്.1935ല്‍ ആറ്റിങ്ങലായിരുന്നു ജനനം.1957ൽ കേരള സർവകലാശാലയിൽനിന്ന് മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം. തുടര്‍ന്ന് വിശ്വഭാരതി സർവകലാശാലയിൽ ചേർന്നു. ശാന്തിനികേതനിലെ പഠനം ഇന്ത്യയുടെയും മറ്റ് കിഴക്കൻ നാഗരികതകളുടേയും കലാപാരമ്പര്യങ്ങളിലേക്ക് എ.രാമചന്ദ്രനെ അടുപ്പിച്ചു. കേരളത്തിലെ ക്ഷേത്രങ്ങളുടെ ചുമർചിത്രങ്ങളിൽ ഗവേഷണം ആരംഭിക്കുകയും ചെയ്തു.1965ൽ ഡൽഹി ജാമിയ സർവകലാശാലയിൽ കലാവിദ്യാഭ്യാസത്തിൽ അധ്യാപകനായി.28 വർഷം പ്രഫസറായി ജോലി തുടർന്നു.



 മുഴുവൻ സമയവും സർഗാത്മകതയ്ക്കായി നീക്കിവയ്ക്കാന്‍ 1992ൽ അധ്യാപകവൃത്തിയിൽനിന്ന് സ്വമേധയ വിരമിച്ചു.1966ൽ ഡൽഹിയിലെ കുമാർ ഗാലറിയിലായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ സോളോ എക്സിബിഷൻ.പിന്നീട് ഇന്ത്യയിലും വിദേശത്തുമായി പെയിന്‍റിങ്ങുകള്‍, ശിൽപങ്ങൾ, ജലവർണങ്ങൾ, ഗ്രാഫിക്സ്, ഡ്രോയിങ്ങുകൾ എന്നിവയുടെ മുപ്പതിലേറെ വലിയ സോളോ എക്സിബിഷനുകൾ നടത്തി. ചിത്രകലയ്ക്കുള്ള ദേശീയ അവാർഡും ജപ്പാനിൽനിന്നുള്ള നോമ അവാർഡും 2 തവണ വീതം ലഭിച്ചിട്ടുള്ള എ.രാമചന്ദ്രന് 1991ൽ സാഹിത്യ കലാ പരിഷത്തിൽനിന്ന് പരിഷത്ത് സമ്മാന്‍ ലഭിച്ചു.2000 ല്‍ വിശ്വഭാരതി സർവകലാശാല ഗഗൻ അബാനി അവാർഡ് നൽകി ആദരിച്ചു. 2002ൽ ലളിതകലാ അക്കാദമി  ഫെല്ലോ ആയും തിരഞ്ഞെടുത്തു. 2003ൽ കേരള സർക്കാർ രാജാ രവിവർമ്മ പുരസ്കാരം സമ്മാനിച്ചു.2005ൽ രാജ്യം പത്മഭൂഷൺ പുരസ്കാരം നല്‍കി. അതേവർഷം തന്നെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല അദ്ദേഹത്തെ എമിരിറ്റസ് പ്രഫസറാക്കി.തപാൽ & ടെലിഗ്രാഫ് വകുപ്പിനായി നിരവധി സ്റ്റാംപുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് 2 മണിക്ക് ഡല്‍ഹി ലോധി ശ്മശാനത്തിലാണ് സംസ്കാരം നടക്കുക


Post a Comment

أحدث أقدم